പാര്‍ക്ക്‌ ചെയ്ത കാറിനുള്ളിലെ കുപ്പി വെള്ളം കുടിക്കും മുന്‍പ്

പൊരിവെയിലത്തു കാര്‍ പാര്‍ക്ക് ചെയ്തു തിരികെ വന്ന് കാറിനുള്ളില്‍ നിന്ന് കുപ്പിവെള്ളം എടുത്തു കുടിക്കാറുണ്ടോ? എങ്കില്‍ ആ ശീലം ഒഴിവാക്കിക്കോളൂ. കാറിനുള്ളിലെ ചൂടില്‍ അത്രനേരമിരുന്ന കുപ്പി വെള്ളം ഒരു കാരണവശാലും കുടിക്കരുതെന്നു വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു. 

പ്ലാസ്റ്റിക്‌ കുപ്പിയില്‍ വെള്ളം കുടിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചൂടുള്ള അന്തരീക്ഷത്തില്‍ ഇങ്ങനെ വെള്ളം സൂക്ഷിക്കുമ്പോള്‍ ഈ ചൂടു കാരണം കുപ്പിയില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ കുടിവെള്ളത്തിലേക്ക് ഇറങ്ങുകയും അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ഒരു സ്ലോ പോയിസണ്‍ ആണെന്നുതന്നെ പറയാം.

പല പ്ലാസ്റ്റിക് നിര്‍മാതാക്കളും ഇതൊക്കെ തെറ്റാണെന്നും തങ്ങളുടെ ഉല്‍പ്പനങ്ങള്‍ ചൂടുള്ള അന്തരീക്ഷത്തിലും ഉപയോഗിക്കാന്‍ സാധിക്കുമെന്നെല്ലാം പറയാറുണ്ട്‌. എന്നാല്‍ ഇതൊന്നും പൂര്‍ണമായി കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നാണു വിദഗ്ദര്‍ പറയുന്നത്. പുറത്തു പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറുകള്‍, ഗ്യാരേജില്‍ ഇട്ടിരിക്കുന്ന കാറുകള്‍ എന്നിവിടങ്ങളില്‍ ഒന്നും ഇത്തരത്തില്‍ കുപ്പിവെള്ളം സൂക്ഷിക്കാന്‍ പാടില്ല എന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ചൂടുള്ള ചായയില്‍ മിന്റ് ഇല ഇടുമ്പോള്‍ ആ ചൂട് നിമിത്തം മിന്റിലെ അംശം ചായയിൽ എത്തുന്നതു പോലെയാണ് ഈ പ്രക്രിയയും. കാറില്‍ ഇത്തരത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു സ്വാദ് വ്യത്യാസം തോന്നിയിട്ടുണ്ടങ്കില്‍ ഓര്‍ക്കുക നിങ്ങള്‍ കുടിക്കുന്നത് കെമിക്കലുകള്‍ അടങ്ങിയ വെള്ളമാണെന്ന്. 

ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാക്കുന്ന Bisphenol A (BPA) എന്ന കെമിക്കലാണ് ഇത്തരത്തില്‍ പുറപ്പെടുവിക്കുന്നത്. ചൈനയില്‍  2014 ല്‍  16 ബ്രാന്‍ഡുകളില്‍ പെട്ട ബോട്ടിലുകളില്‍ നടത്തിയൊരു പഠനത്തില്‍ ഇത് വ്യക്തമായതാണ്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സര്‍വകലാശാലകളില്‍ നടത്തിയ പഠനത്തിലും ഇത് കണ്ടെത്തിയിരുന്നു. 

അധികം ചൂട് ഏല്‍ക്കാത്ത തണുത്ത അന്തരീക്ഷത്തിലാകണം ബോട്ടില്‍ വെള്ളം സൂക്ഷിക്കേണ്ടതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. നേരിട്ടുള്ള സൂര്യപ്രകാശം പോലും ഇവയില്‍ ഏല്‍ക്കാന്‍ പാടില്ല. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ബോട്ടില്‍, ഗ്ലാസ്സ് ബോട്ടിലുകള്‍ എന്നിവയാണ് വെള്ളം സൂക്ഷിക്കാന്‍ ഏറ്റവും നല്ലതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചില കുപ്പികളില്‍ BPA ഫ്രീ എന്ന് എഴുതി വയ്ക്കാറുണ്ട്‌. എങ്കില്‍പ്പോലും ഇതൊന്നും അത്ര വിശ്വാസയോഗ്യമല്ലെന്നാണു വിദഗ്ദര്‍ പറയുന്നത്.

Read More : Health Tips