എണ്ണമയത്തെക്കാള്‍ കുഴപ്പമാണ് വരണ്ട ചർമം. കാലാവസ്ഥയനുസരിച്ചു വരൾച്ച മാറുമെങ്കിലും ചിലരിൽ ചെതുമ്പൽ പോലെ പൊളിഞ്ഞു വരും.
ആഴ്ചയിൽ രണ്ടു തവണയെങ്കിലും വെളിച്ചെണ്ണ മുഖത്തും ശരീരത്തിലും പുരട്ടുകയാണ് ഏറ്റവും നല്ല വഴി. കിടക്കാൻ നേരം കാൽ പാദത്തിൽ എണ്ണ പുരട്ടുന്നതും നല്ലതാണ്. ഒരു സ്റ്റീൽ പാത്രത്തിൽ അര ഗ്ലാസ് വെളിച്ചെണ്ണയെടുത്ത് അതിൽ നേർത്ത ഇതളുകളുള്ള ചെമ്പകപ്പൂ എട്ടെണ്ണം ഇടുക. ഇത് 15–20 ദിവസം വെയിൽവച്ച് ചൂടാക്കുക. അതിനു ശേഷം ഇതു ശരീരത്തിൽ പുരട്ടാം. ചർമത്തിലെ വരൾച്ചയും കുരുക്കളും പാടുകളും മാറി ചർമം സുന്ദരമാകും.
പാൽപ്പാടയും തൈരും സ്ഥിരമായി തേച്ചാൽ മുഖത്തിന്റെ വരൾച്ച മാറി നല്ല തിളക്കം കിട്ടും. തേനും ചർമകാന്തിക്കു നല്ലതാണ്.
വരണ്ട ചർമത്തിനു പറ്റിയ അഞ്ചു പായ്ക്കുകൾ ഇതാ.
കറ്റാർവാഴ– തൈര്– ചന്ദനം
∙ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക.
ചന്ദനം– റോസ് വാട്ടർ– വെളിച്ചെണ്ണ
∙ഒരു ടീസ്പൂൺ ചന്ദനപ്പൊടിയിൽ ഏതാനും തുള്ളി വെളിച്ചെണ്ണയും ഒരു ടീസ്പൂൺ റോസ് വാട്ടറും ചേർക്കുക. മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.
ഓട്സ്– തൈര്
∙ഓട്സ് നന്നായി പൊടിച്ചെടുത്തത് ഒരു സ്പൂൺ എടുത്ത് അതിൽ ഒരു ടീസ്പൂൺ തൈര് മിക്സ് ചെയ്യുക. ഈ മിശ്രിതം അര മണിക്കൂർ മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകുക. വരണ്ട ചർമത്തിന് ഒന്നാന്തരം ഫെയ്സ് പായ്ക്കാണിത്.
പഴം– തേൻ – ഒലിവ് ഓയിൽ
∙പഴുത്ത പഴം ഉടച്ചത് ഒരു ടീസ്പൂൺ എടുത്ത് അതിൽ ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് മുഖത്തിട്ട് അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.
റോസാപ്പൂ– ഓട്സ്– തേങ്ങാവെള്ളം
∙റോസാപ്പൂ ഇതളുകൾ അരച്ചെടുത്ത് അതിൽ ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും ഒരു ടീസ്പൂൺ തേങ്ങാ വെള്ളവും ചേർത്തു കുഴച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക.
വെള്ളരി– പഞ്ചസാര
∙വെള്ളരി ചുരണ്ടിയതിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. ഇതുമുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം മസാജ് ചെയ്തു കഴുകിക്കളയുക. ഒന്നാന്തരം മോയിസ്ചറൈസറാണിത്.
Read More : Beauty Tips