സാധാരണ ചർമക്കാരായാൽ രക്ഷപ്പെട്ടു. ഏതു കാലാവസ്ഥയിലും സൗന്ദര്യസംരക്ഷണം ഒരു പ്രശ്നമേയല്ല. അതേസമയം സാധാരണ ചർമക്കാർ സൗന്ദര്യ സംരക്ഷണത്തിൽ അൽപം ശ്രദ്ധക്കുറവുള്ളവരാണെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. കാരണം എണ്ണമയമുള്ള ചർമക്കാരെപ്പോലെയോ വരണ്ട ചർമം ഉള്ളവരെപ്പോലെയോ ഇവർക്ക് സൗന്ദര്യത്തെക്കുറിച്ച് ആകുലതകളില്ലല്ലോ.
ചർമം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് സാധാരണ ചർമക്കാർ എന്നും ചെയ്യേണ്ടത്. മുഖം ഫെയ്സ് വാഷ് ഉപയോഗിച്ചു ദിവസവും വൃത്തിയായി കഴുകുക. ആഴ്ചയിലൊരിക്കൽ ക്ലെൻസിങ് മിൽക് പുരട്ടി ആവി പിടിക്കുക. എണ്ണമയം കൂടുതൽ തോന്നിയാൽ ഫെയ്സ് വാഷ് കൂടുതൽ ഉപയോഗിക്കാം. വരൾച്ച തോന്നിയാൽ അൽപം തൈരു പുരട്ടുക. എത്ര എളുപ്പം അല്ലേ.
മൃതകോശങ്ങൾ നീക്കി ചർമത്തെ മൃദുവായും തിളക്കമുള്ളതാക്കാനും ആഴ്ചയിലൊരിക്കൽ പായ്ക്ക് ഇടണം. ഇതാ സാധാരണ ചർമത്തിനു പറ്റിയ ആറു പായ്ക്കുകൾ:
ഗോതമ്പ്– ഓട്സ്– ഒലിവ് ഓയിൽ
∙ഒരു ടീസ്പൂൺ ഗോതമ്പ് പൊടി, അര ടീസ്പൂൺ ഓട്സ് പൊടിച്ചത്, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ പാൽപ്പാട എന്നിവ നന്നായി കുഴച്ചു മുഖത്തു പുരട്ടുക. ഉണങ്ങുമ്പോൾ പാൽകൊണ്ടു നനച്ച് മുഖം നന്നായി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക.
തക്കാളി– നാരങ്ങാനീര്
∙തക്കാളി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞെടുത്തതിൽ ഏതാനും തുള്ളി നാരങ്ങാനീരു ചേർത്തു മുഖത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം തിളങ്ങും.
തേൻ– നാരങ്ങാനീര്
∙അര ടീസ്പൂൺ തേനും നാരങ്ങാനീരം യോജിപ്പിച്ച് മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം നല്ല സോഫ്റ്റാകും.
കാരറ്റ്– തേൻ
∙ഒരു ടീസ്പൂൺ കാരറ്റ് നീരിൽ അര ടീസ്പൂൺ തേൻ ചേർത്തു മുഖത്തു പുരട്ടി കഴുകിക്കളയുക.
പപ്പായ– ചന്ദനപ്പൊടി– കറ്റാർവാഴ– റോസ് വാട്ടർ
∙പഴുത്ത പപ്പായ ഉടച്ചത് ഒരു ടീസ്പൂൺ, അര ടീസ്പൂൺ ചന്ദനപ്പൊടി, അര ടീസ്പൂൺ കറ്റർവാഴ നീര്, ഏതാനും തുള്ളി റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു മുഖത്തു പുരട്ടി തണുത്ത വെള്ളത്തിൽ കഴുകുക.
തേൻ– തൈര്– റോസ് വാട്ടർ– ഓറഞ്ച്
∙ഒരു ടീസ്പൂൺ പഴം ഉടച്ചതിൽ അര ടീസ്പൂൺ വീതം തേൻ, തൈര്, റോസ് വാട്ടർ, ഓറഞ്ച് നീര് എന്നിവ ചേർത്തു മുഖത്തു പുരട്ടി കഴുകുക.
മുട്ട– ബദാം ഓയിൽ– ഓട്സ്
∙ഒരു മുട്ടയുടെ വെള്ളയിൽ അര ടീസ്പൂൺ ഓട്സ് പൊടിച്ചതും ഏതാനും തുള്ളി ബദാം ഓയിലോ ഒലിവ് ഓയിലോ ചേർത്തു നന്നായി മിക്സ് ചെയ്യുക. ഉണങ്ങിത്തുടങ്ങുമ്പോൾ വെള്ളം നനച്ചു കുതിർന്ന ശേഷം കഴുകിക്കളയുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ സ്കിൻ നല്ല ടൈറ്റ് ആവും. നാൽപതു കഴിഞ്ഞവർക്കു പറ്റിയ ഫെയ്സ് പായ്ക്കാണിത്.
Read More : Beauty Tips