മുടി കൊഴിയുന്നതിനെക്കുറിച്ചു സൂചിപ്പിച്ചാൽ, ഞങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായി കഷണ്ടിയുള്ളവരാണെന്നു നിസ്സംഗഭാവത്തോടെ പറയുന്നവർ തുടർന്നു വായിക്കുക. മുടിയുടെ ആരോഗ്യത്തിൽ ഒന്നു ശ്രദ്ധിച്ചാൽ കഷണ്ടിയാവുന്നത് നാൽപ്പത്തിയഞ്ചു വയസ്സു വരെ നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയും. പാരമ്പര്യത്തിന്റെ ഘടകം പരിശോധിക്കുമ്പോൾ, സാധാരണ ഒരു വ്യക്തിക്ക് അൻപതു ശതമാനം വരെ കഷണ്ടി വരാനുള്ള സാധ്യതയുണ്ട്. നെറ്റി കയറുന്നതിന്റെ തോത് സാധാരണ ഗതിയിൽ ഇരുപത്തിയഞ്ചു വയസ്സാകുമ്പോൾത്തന്നെ മുൻകൂട്ടി അറിയാം. ആ ഘട്ടത്തിൽത്തന്നെ മുടിയൊന്നു വെട്ടി ചെറുതാക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താൽ നെറ്റി കയറുന്നതിന്റെ വേഗം കുറയ്ക്കാം.
സ്ത്രീകളുടെ മുടി കൊഴിയുന്നതിനു കാരണങ്ങൾ പലതാെണങ്കിലും പുരുഷന്മാരെപ്പോലെ നെറ്റി കയറുകയോ കഷണ്ടി വരുകയോ ചെയ്യുന്ന അവസ്ഥ സ്ത്രീകളിൽ വളരെ അപൂർവമായേ കാണാറൂള്ളൂ. മുടിയുടെ ഉള്ളു കുറയുന്ന (ഡിഫ്യൂസ് അലേപേഷ്യ) എന്ന രോഗാവസ്ഥയാണ് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നത്. പോഷകക്കുറവോ ഹോർമോൺ കുറവോ കാരണമാണെങ്കിൽ വൈറ്റമിൻ സപ്ലിമെന്റുകൾ കഴിച്ച് മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സാധിക്കും.
മുടി കൊഴിയുമ്പോൾ സാരിത്തുമ്പ് കൊണ്ടോ ചുരിദാറിന്റെ ഷാൾ കൊണ്ടോ മറച്ച് ജീവിതം മുന്നോട്ട് നയിക്കും. ഹെയർ ട്രാൻസ്പ്ലാന്റ് പുരുഷന്മാർക്കു മാത്രമുള്ളതാണെന്ന മിഥ്യാധാരണയും ചികിൽസ തേടാൻ സ്ത്രീകളെ വിമുഖരാക്കുന്നു. ഹെയർപ്ലാന്റ് ചികിൽസയ്ക്ക് പുരുഷ–സ്ത്രീ വ്യത്യാസമില്ലെന്നാണ് ആദ്യമറിയേണ്ടത്. മൂർധാവിന്റെ ഭാഗത്തെ മുടികൾ ക്രമാതീതമായി കൊഴിയുകയോ മുടിയുടെ സുഷിരങ്ങൾ മുഴുവനായി നശിക്കുകയോ (കംപ്ലീറ്റ് ഫോളിക്കുലാർ ഡിസ്‍ട്രാക്‌ഷൻ) ചെയ്യുന്ന സാഹചര്യത്തിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചികിൽസ തേടുകയാണ് അഭികാമ്യം.
Read More : മുടിയഴക് നൽകും ആത്മവിശ്വാസം