അന്തരീക്ഷമലിനീകരണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. ചുറ്റുമുള്ള മലിനീകരണത്തിന്റെ തോത് എത്രയെന്നു പലപ്പോഴും നമ്മൾ മനസിലാക്കുന്നില്ല. പുറത്തിറങ്ങിയാല്‍ മാത്രമാണ് വായൂ മലിനീകരണമെന്നു കരുതിയെങ്കില്‍ തെറ്റി. നമ്മുടെ വീടിനുള്ളിലും നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അളവില്‍ വായു മലിനപ്പെട്ടിരിക്കുന്നുണ്ട്.
ഇന്ധനം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. നിറമില്ലാത്ത മണമില്ലാത്ത ഈ വാതകമാണ് വാഹനങ്ങളില്‍ നിന്നും പുറംതള്ളുന്നത്. എന്നാല്‍ വാഹനങ്ങള്‍ മാത്രമല്ല നമ്മുടെ വീടുകളിലും ഈ വാതകം തങ്ങിനില്‍ക്കുന്നുണ്ട്.
ഗ്യാസ് ഹീറ്ററുകള്‍, ഗ്യാസ് അടുപ്പുകള്‍, തടി അല്ലെങ്കില്‍ ചാര്‍കോള്‍ കത്തുമ്പോള്‍, പുകയിലയില്‍ നിന്നും അങ്ങനെ നമുക്കു ചുറ്റുമുള്ള ഒരുപാട് വസ്തുക്കള്‍ കാര്‍ബണ്‍ മോണോക്സൈഡ് പുറംതള്ളുന്നുണ്ട്.
ഈ കാര്‍ബണ്‍ മോണോക്സൈഡ് നമുക്ക് ഹാനികരമാകുന്നത് എങ്ങനെയെന്നു നോക്കാം.
ഏറ്റവും അപകടകരമായ വാതകങ്ങളില്‍ ഒന്നാണ് കാര്‍ബണ്‍ മോണോക്സൈഡ്. വീട്ടില്‍ അടുപ്പ് കത്തിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉള്‍പ്പടെ ഒരുപാട് വാതകങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇവ പുറത്തു പോകാതെ വീടിനുള്ളില്‍ തങ്ങി നില്‍ക്കുമ്പോഴാണ് അപക്ടകരമാകുന്നത്.
വീട്ടിനുള്ളില്‍ നിന്നു വായൂ പുറത്തു പോകാന്‍ ആവശ്യത്തിനു സംവിധാനം ഇല്ലാതെ വരികയോ ജനാലകളും കതകുകളും പൂട്ടിയിടുകയോ ചെയ്യുമ്പോഴാണ് ഉള്ളിലെ വായു കൂടുതല്‍ മലിനമാകുന്നത്.
വീട്ടിനുള്ളില്‍ നിന്നുള്ള ഈ മലിനീകരണത്തെ കുറിച്ചു ഇതുവരെ ആധികാരികമായ പഠനങ്ങള്‍ നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. പുറത്തെ വച്ചു നോക്കിയാല്‍ വീട്ടിനുള്ളിലെ കാര്‍ബണ്‍ മോണോക്സൈഡ് അളവ് വളരെ വേഗത്തിലാണു കൂടുന്നത്. ഇത് കൂടിയ അളവില്‍ എത്തിയാല്‍ ചിലപ്പോള്‍ മരണം വരെ സംഭവിക്കാം.
ഗ്യാസ് ഹീറ്ററുകളുടെ ഉപയോഗമാണ് മിക്കപ്പോഴും കാര്‍ബണ്‍ മോണോക്സൈഡ് അളവ് കൂട്ടുന്നത്. ഇത്തരത്തില്‍ അമിതമായ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തു വിടുന്നുവെന്നു കണ്ടെത്തിയ രണ്ടു ബ്രാന്‍ഡുകള്‍ അടുത്തിടെ ഓസ്ട്രേലിയയില്‍ പിന്‍വലിച്ചിരുന്നു. ബാര്‍ബിക്യൂ പോലെയുള്ള പാചകരീതികള്‍ വീട്ടിനുള്ളില്‍ ചെയ്യരുതെന്ന് പറയുന്നതിനു പിന്നിലും ഈ മലിനീകരണമാണ്.
എങ്ങനെ മുന്‍കരുതല്‍ സ്വീകരിക്കാം?
∙ ഗ്യാസ് ഹീറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ കാലാവധി എപ്പോഴും പരിശോധിക്കുക.
∙ കാര്‍ബണ്‍ മോണോക്സൈഡ് ലീക്കേജ് പരിശോധന അടിക്കടി നടത്തുക
∙ വീട്ടിനുള്ളില്‍ വായൂ സഞ്ചാരം ഉണ്ടെന്ന് ഉറപ്പു വരുത്തുക.
∙ ഗ്യാസ് ഹീറ്റര്‍ രാത്രി മുഴുവന്‍ ഉപയോഗിക്കാതിരിക്കുക.
∙ ഗ്യാസ് അടുപ്പ് ശരിയായാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പു വരുത്തുക.
∙ പഴയ ഹീറ്ററുകള്‍ മാറ്റി ഉപയോഗിക്കുക, എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാതിരിക്കുക.
Read More : Health and Wellbeing