രാത്രി മുഴുവന്‍ ഫാനിട്ടുള്ള ഉറക്കം; ആരോഗ്യത്തിനു ദോഷമെന്നു മുന്നറിയിപ്പ്

രാത്രി മുഴുവന്‍ മുറിയില്‍ ഫാനിട്ടു കൊണ്ടാണോ നിങ്ങള്‍ ഉറങ്ങുന്നത് ? എങ്കില്‍ കേട്ടോളൂ ഫാനിന്റെ അടിമകളാകുന്നത് അത്ര നല്ല കാര്യമല്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. 

ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അധികവും. നമ്മള്‍ നിസ്സാരമെന്നു കരുതുന്ന ഈ സംഭവം മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഭാവിയില്‍ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

രാത്രി മുഴുവന്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടു കിടന്നാല്‍ അത് പതിയെ അലര്‍ജിക്കും ശ്വാസതടസ്സത്തിനും കാരണമാകും. എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനില്‍ പൊടി അടിഞ്ഞു കൂടുക സ്വാഭാവികം. ഇത് വന്നെത്തുക നമ്മളിലേക്കു തന്നെയാണ്. മാത്രമല്ല ഫാനില്‍ നിന്നുള്ള വരണ്ട കാറ്റ് ചര്‍മത്തിനും തൊണ്ടയ്ക്കും കണ്ണിനും അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. 

‌ഇടുങ്ങിയ മുറികളില്‍ നന്നായി വായൂസഞ്ചാരമില്ലാതെ ഫാന്‍ പ്രവര്‍ത്തിപ്പിച്ചു കിടന്നുറങ്ങിയാല്‍ രാവിലെയാകുമ്പോള്‍ മൂക്കും തൊണ്ടയും അടയുന്നതിന്റെ കാരണം ഓര്‍ത്തിട്ടുണ്ടോ? മൂക്കിന്റെ പാലം അടയുന്നതു മൂലം തലവേദനയും സൈനസും അലട്ടുന്നതും സ്വാഭാവികം. മുറിയിലെ മുഴുവന്‍ പൊടിയും അഴുക്കും ഫാനിന്റെ ബ്ലേഡിലുണ്ടാകും. ഫാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതുകൂടിയാണ് നമ്മള്‍ ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത്. 

രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. ദീര്‍ഘനേരം ചൂടുള്ള കാലാവസ്ഥയില്‍ ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മത്തിലെ ജലാംശം വലിച്ചെടുത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഉറക്കം ഉണരുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നുന്നതിന്റെ കാരണം. 

കൊതുകിനെ തുരത്താന്‍ ഫാനിന്റെ സ്പീഡ് കൂട്ടി കിടക്കുന്നവരുണ്ട്. ഇതുകൊണ്ട് ഒരു കാര്യവുമില്ല. കൊതുകിനെ തുരത്താന്‍ ഏറ്റവും നല്ലത് കൊതുകു വലയാണ്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും വഴികള്‍ നോക്കാം.

ചൂടില്‍ നിന്നും രക്ഷനേടാനാണല്ലോ നമ്മള്‍ ഫാന്‍ അധികവും ഉപയോഗിക്കുന്നത്. എന്നാല്‍ ശരീരത്തെ ഒരു പരിധി വരെ ചൂടില്‍ നിന്നു സംരക്ഷിക്കാന്‍ നമുക്കുതന്നെ കഴിയും. അതിങ്ങനെ:

 ഉറങ്ങും മുന്‍പ് തണുത്ത വെള്ളം കുടിക്കാം. കഫീന്‍, മദ്യം എന്നിവ ഒഴിവാക്കാം.

 കോട്ടന്‍ ഷീറ്റുകള്‍ ഉപയോഗിക്കാം, ഇത് ചൂട് കുറയ്ക്കും.

 എന്തെങ്കിലും ഷെയ്ഡ്‌ വരുന്നിടത്ത് കട്ടിലിട്ടു  കിടക്കാം.

 ഉറങ്ങും മുന്‍പ് തണുത്ത വെള്ളത്തിലെ കുളി ചൂട് കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ലൂസായ വേഷങ്ങള്‍ ഉപയോഗിക്കാം.

Read More : Health Tips