അർബുദം മുതൽ ഹൃദയാരോഗ്യം വരെ: ഈ പഴത്തൊലികൾ സഹായിക്കും

സൗന്ദര്യവും ആരോഗ്യവും ലഭിക്കാൻ പഴങ്ങളോളം മികച്ച മറ്റൊന്നില്ല. പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്. എന്നാൽ പഴങ്ങളെപ്പോലെ തന്നെ പഴത്തോലുകളും ആരോഗ്യഗുണങ്ങൾ നിറഞ്ഞവയാണ്. ചില പഴങ്ങളുടെ തോലുകൾ നൽകുന്ന ഗുണങ്ങളെ അറിയാം. 

ഓറ‍ഞ്ച് തൊലി

ഓറഞ്ചിന്റെ തൊലി വലിച്ചെറിയാൻ വരട്ടെ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഒന്നാണ് ഓറഞ്ചു തൊലി. ചർമത്തിന് മികച്ച ഒരു സ്ക്രബറും ബ്ലീച്ചും കൂടിയാണിത്. വദനാരോഗ്യം മെച്ചപ്പെടുത്തുന്നു, ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് ആരോഗ്യമേകുന്നു, മലബന്ധം, നെഞ്ചെരിച്ചിൽ ഇവ തടയുന്നു. അർബുദത്തിൽ നിന്നും ഹൃദ്രോഗത്തിൽ നിന്നും സംരക്ഷണമേകാനും ഓറഞ്ച് തൊലിക്ക് കഴിവുണ്ട്.  

പഴത്തൊലി

വാഴപ്പഴത്തിന്റെ തൊലിക്ക് ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? പഴം കഴിച്ചിട്ട് തോൽ കളയും മുൻപ് ഇതൊന്നു വായിക്കൂ. വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും. കൂടാതെ പൊള്ളലോ പരിക്കോ പറ്റിയ സ്ഥലത്ത് പഴത്തൊലി വച്ചാൽ വേദനയ്ക്ക് ആശ്വാസം ലഭിക്കും. വിണ്ടു കീറിയ ഉപ്പൂറ്റിയിൽ പഴത്തൊലി ഉരച്ചാൽ ഒരാഴ്ചകൊണ്ട് ഭേദമാകും. 

മാതള നാരങ്ങയുടെ തൊലി 

മാതളത്തിന്റെ തോൽ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ധാരാളം ഉള്ള ഒന്നാണ് മുഖക്കുരു, മുഖത്തെ പാടുകൾ, മുടി കൊഴിച്ചിൽ, താരൻ ഇവയെ തടയുന്നു. തൊണ്ടവേദനയ്ക്കും മാതളത്തോൽ നല്ലതാണ്. ഹൃദ്രോഗത്തിൽ നിന്നു സംരക്ഷണമേകുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ദന്താ രോഗ്യമേകുന്നു, കൂടാതെ ഉദരാരോഗ്യവും മെച്ചപ്പെടുത്താൻ മാതളത്തോലിനു കഴിയും. 

തണ്ണിമത്തന്റെ തൊലി

ചുവന്ന ഉൾഭാഗം മാത്രം കഴിച്ച് വെള്ളഭാഗവും പുറം തൊലിയും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് വെള്ളനിറത്തിലുള്ള ഭാഗം. പുറം തോലാകട്ടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തണ്ണിമത്തന്റെ തോൽ ദേഹത്ത് ഉരച്ചാൽ അത് ചർമത്തിലെ അഴുക്കിനെ നീക്കി ചർമം തിളങ്ങാൻ സഹായിക്കുന്നു. 

കക്കിരിക്കയുടെ തോൽ

പലരും സാലഡ് ഉണ്ടാക്കുമ്പോൾ പോലും കക്കിരിക്കയുടെ തോല് കളയുകയാണ് പതിവ്. ആന്റിഓക്സിഡന്റുകളും പോഷകങ്ങളും ധാരാളം ഉള്ളത് ഉൾഭാഗത്താണെന്നാണു പലരും കരുതുന്നത്. എന്നാൽ കക്കിരിക്കയുടെ തൊലിയിൽ നാരുകൾ ധാരാളം ഉണ്ട്. കാലറി വളരെ കുറവും. ഇത് ശരീരഭാരം കുറയ്ക്കുന്നു. മലബന്ധം അകറ്റുന്നു. കക്കിരിക്കാത്തൊലിയിൽ ബീറ്റാ കരോട്ടിൻ ധാരാളം ഉണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തം കട്ടപിടിക്കുന്നതു തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. 

ആപ്പിൾ തൊലി

ആപ്പിൾ ദിവസവും കഴിക്കുന്നതു നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകും. ആപ്പിളിന്റെ തൊലിയും ഗുണങ്ങളിൽ ഒട്ടും മോശക്കാരനല്ല. അർബുദ കോശങ്ങളെ നശിപ്പിക്കാനും രോഗ പ്രതിരോധ ശക്തി ഏകാനും സഹായിക്കുന്ന ഫ്ലേവനോയിഡുകൾ ആപ്പിൾ തൊലിയിൽ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന് ആപ്പിൾ തൊലിയിൽ ur‌solic ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടി കുറയ്ക്കാനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ തടയാനും സഹായിക്കും. കാലറി കത്തിച്ചു കളയാൻ ursolic acid –നു കഴിവുണ്ട്. 

നാരങ്ങയുടെ തൊലി

നാരങ്ങാവെള്ളം ഉണ്ടാക്കാൻ മുറിച്ച ശേഷം നാരങ്ങാത്തോട് ഇനി വലിച്ചെറിയല്ലേ. നിരവധി സൗന്ദര്യഗുണങ്ങളുള്ള ഒന്നാണ് നാരങ്ങയുടെ തോട്. ഇത് ഒരു നല്ല ക്ലെൻസറും മോയ്സ്ചറൈസറും ആണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും വദനാരോഗ്യത്തിനും ഇത് നല്ലതാണ്. വിഷഹാരികളെ ശരീരത്തിൽ നിന്നു നീക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും കാൻസറിനെ പ്രതിരോധിക്കുന്ന സംയുക്തങ്ങളും നാരങ്ങാത്തോടിൽ ഉണ്ട്. 

പഴങ്ങളെപ്പോലെ പഴത്തോലുകളും ഒട്ടും മോശക്കാരല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ.

Read More : Health Tips