മൂക്കത്താണു ദേഷ്യമെന്നു ചിലരെക്കുറിച്ചെങ്കിലും പറയാറുണ്ട്. ഒന്നു പറഞ്ഞാൽ രണ്ടിന് അടിവെയ്ക്കുന്നവർ തുടർന്നു വായിക്കുക, പ്രത്യേകിച്ച് വിവാഹിതർ. പറയുന്ന വാക്കും എറിയുന്ന കല്ലും തിരിച്ചു പിടിക്കാനാവില്ലെന്നു പഴമക്കാർ പറയുന്നതിലും കാര്യമുണ്ടെന്നോർക്കുക. ഒരു വാക്കു മതി നല്ലൊരു ദാമ്പത്യം തകരാൻ. അതുകൊണ്ട് ദേഷ്യപ്പെടുന്നതിനു മുന്‍പു രണ്ടു വട്ടം ആലോചിക്കുന്നതല്ലേ നല്ലത്? ചിലര്‍ക്ക് എത്ര ശ്രമിച്ചാലും കോപമടക്കാൻ സാധിക്കാറില്ലെന്നു സ്വയം പറയാറുണ്ട്. പരിശ്രമിച്ചാല്‍ കഴിയാത്ത എന്തെങ്കിലും കാര്യമുണ്ടോ ? കോപം നിയന്ത്രിക്കാനും ദാമ്പത്യബന്ധങ്ങളില്‍ വിള്ളല്‍ വീഴാതിരിക്കാനും ചില കാര്യങ്ങളറിയാം
കുറ്റപ്പെടുത്തുന്നത് കുഴപ്പത്തിലാക്കുമോ?
നിസ്സാര കാര്യങ്ങൾക്കു പോലും പങ്കാളിയെ അകാരണമായി കുറ്റപ്പെടുത്തിയാൽ കലഹത്തിനു വേറെ കാരണം തിരക്കേണ്ട. തെറ്റുകൾ പറ്റുന്ന സാഹചര്യത്തിൽ പരസ്പരം സംസാരിച്ചു കാരണം മനസ്സിലാക്കിയാൽ അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കാം.
ഒന്നെഴുതി നോക്കൂ
വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ നിങ്ങളുടെ വിഷമങ്ങള്‍ ഒന്നെഴുതി നോക്കൂ. പ്രശ്നങ്ങൾ അക്കമിട്ട് എഴുതാൻ ഫോണിന്റെ നോട്ട്പാഡ് ഒഴിവാക്കുന്നതാണ് നല്ലത്. വികാരങ്ങളെ ഡയറിയിലേക്കോ മറ്റോ എഴുന്നത് മനസ്സൊന്നു തണുക്കാൻ ഉപകരിക്കും.
വിദഗ്ധ ഉപദേശം തേടണം
അമിതമായ ദേഷ്യത്തിന്റെ കാരണം സ്വയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മനഃശാസ്ത്ര വിദഗ്ധന്റെ സേവനം തേടാൻ മടിക്കേണ്ടതില്ല. ഒരുപക്ഷേ വിദഗ്ധന്റെ നേതൃത്വത്തില്‍ തെറാപ്പികള്‍ക്കു ദമ്പതികൾ വിധേയരാകുന്നത് പ്രശ്നങ്ങൾ സങ്കീർണമാകാതിരിക്കാൻ സഹായിക്കും..
Read More : Health and Wellbeing