രോഗങ്ങളകറ്റാൻ കൈകൾ ഈ രീതിയിൽ വൃത്തിയാക്കൂ; വിഡിയോ

SHARE

നല്ല ആരോഗ്യത്തിലേക്ക് കൈകഴുകുന്നതിനു കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവുമധികം രോഗാണുക്കൾ ശരീരത്തിലെത്തുന്നതും കൈകളിലൂടെ തന്നെ. 

കുട്ടികൾ 
വികസ്വര രാജ്യങ്ങളിലെ കുട്ടികളിൽ പകുതിയും വൃത്തിയും ടോയ്‌ലറ്റ് സൗകര്യങ്ങളും ഇല്ലാത്ത ചുറ്റുപാടുകളിലാണു ജീവിക്കുന്നത് എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ശിശുമരണ നിരക്കിൽ 80 ശതമാനവും ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ കാരണങ്ങൾ കൊണ്ടു സംഭവിക്കുന്നതാണ്. വിര, കൃമി, കൊക്കപ്പുഴു തുടങ്ങി പരാദജീവികളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വേറെയും. മൂക്കു ചീറ്റി വസ്‌ത്രത്തിൽ തുടയ്‌ക്കുമ്പോഴും ഒരേ ടവൽ പല ദിവസങ്ങളിൽ ഉപയോഗിക്കുമ്പോഴും രോഗാണുക്കൾ അന്തരീക്ഷത്തിലേക്കും ശരീരത്തിലേക്കും പടരുകയാണു ചെയ്യുന്നത്. 

മുതിർന്നവർ
കംപ്യൂട്ടർ കീബോർഡിൽ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാൾ 18 മടങ്ങ് രോഗാണുക്കളുണ്ടെന്ന് വിദേശ രാജ്യങ്ങളിൽ നടത്തിയ പഠനം തെളിയിക്കുന്നു. മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കൾ പറ്റിയിരിക്കും. ഓഫിസിനകത്തും പുറത്തും യാത്രയ്‌ക്കിടയിലും കൈ വൃത്തിയാക്കാതെ സ്‌നാക്‌സ് കഴിക്കുമ്പോൾ ഒരു പറ്റം അണുക്കളും ഉള്ളിലെത്തുന്നു. ഒരേ പ്ലേറ്റിൽനിന്നു പലർ വാരിക്കഴിക്കുമ്പോൾ മറ്റുള്ളവരുടെ കൈകളിലെ അണുക്കൾ കൂടി നമ്മുടെ ഉള്ളിൽ ചെല്ലും. ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ പോലും സൗഹൃദത്തിനൊപ്പം കുറെയധികം രോഗാണുക്കളും നമ്മുടെ കൈകളിൽ എത്തുന്നുണ്ട്. ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ കൗണ്ടറിൽ വച്ചിരിക്കുന്ന പെരുംജീരകം നാലെണ്ണം എടുത്തു വായിലിടുമ്പോഴും ഇതേ അപകടമുണ്ട്. 

എത്ര വട്ടം കൈകഴുകണം 
ദിവസം എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളിൽ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്. ടോയ്‌ലറ്റിൽ എപ്പോൾ കയറിയാലും സോപ്പുപയോഗിച്ചു കൈകൾ കഴുകണം. പുറത്തുപോയി വരുമ്പോൾ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും വസ്‌ത്രങ്ങളും കൈകാര്യം ചെയ്യുമ്പോൾ തുടങ്ങി പല സന്ദർഭങ്ങളിലും കൈകൾ സോപ്പിട്ടു കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ചെറിയ കുട്ടികളെ എടുക്കുന്നതിനു മുൻപും കുട്ടികൾക്കു ഭക്ഷണം വാരിക്കൊടുക്കുന്നതിനു മുൻപും കൈകൾ കഴുകണം. 

കഴുകിയാൽ മിനുങ്ങണം 
ഭക്ഷണം കഴിക്കാറാകുമ്പോൾ വെറുതെ ടാപ്പിനടിയിൽ കൈകാണിച്ചു കഴിക്കാനിരിക്കുന്നവരല്ലേ അധികം പേരും. (കല്യാണങ്ങൾക്കും മറ്റും സദ്യ ഉണ്ണാനിരിക്കുമ്പോഴാകട്ടെ പലരും കൈ കഴുകാറുപോലുമില്ല). പക്ഷേ ഇത്തരം കൈകഴുകൽ കൊണ്ടു കൈകളിലും 10 ശതമാനം അണുക്കൾ പോലും നശിക്കുന്നില്ല. അണുനാശിനികൾ അടങ്ങിയ സോപ്പ് പതപ്പിച്ചു കൈയുടെ അകവും പുറവും നന്നായി തടവുക. വിരലുകൾക്കിടയിലുള്ള ഭാഗവും നഖങ്ങളും വൃത്തിയാക്കുക. പിന്നീടു ധാരാളം വെള്ളം ഒഴിച്ചു കഴുകുക. അതിനു ശേഷം ഉണങ്ങിയ വൃത്തിയുള്ള ടവൽ കൊണ്ടു തുടയ്‌ക്കുക. അപ്പോഴേ കൈകഴുകൽ പൂർണമാകുന്നുള്ളു. 

നല്ല സോപ്പ് ഉപയോഗിക്കൂ
അണുനാശിനി അടങ്ങിയ സോപ്പ് ഉപയോഗിച്ചു കഴുകുന്നതാണ് ഏറ്റവും നല്ലത്. ഹോട്ടലുകളിലും മറ്റും പലർ ഉപയോഗിച്ച സോപ്പ് ഉപയോഗിക്കുമ്പോൾ വേണ്ടത്ര ഫലം കിട്ടിയെന്നു വരില്ല. തന്നെയുമല്ല അണുക്കൾ പടരാനുമിടയാകും. 

എല്ലാം കൊള്ളാം, പക്ഷേ...
ടോയ്‌ലറ്റിന്റെ ഫ്ലഷ് പോലും വേണ്ടവിധം പ്രവർത്തിക്കാത്ത പൊതു സ്‌ഥലങ്ങളിലും ഓഫിസുകളിലും കൈകഴുകൽ വിദ്യ എങ്ങനെ നടപ്പാക്കും എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. ലിക്വിഡ് സോപ്പ് ദിവസേന ഉപയോഗിക്കുന്നതും അപ്രായോഗികമായിരിക്കും. പക്ഷേ വീടുകളിലെങ്കിലും ഈ ശീലം നടപ്പാക്കിയാൽ രോഗാണുക്കളെ ഒരു കൈ അകലത്തിൽ മാറ്റിനിർത്താൻ കഴിയും. 

വിവരങ്ങൾക്കു കടപ്പാട്: 
ഡോ. ഇന്ദിര മുരളി, പ്രഫസർ ഓഫ് കമ്യൂണിറ്റി മെഡിസിൻ, സഹകരണ മെഡിക്കൽ കോളജ്, കൊച്ചി. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA