കുട്ടികളിൽ വ്യക്തിത്വ വികസനത്തിനുള്ള പശ്ചാത്തലം തയാറായി വരുന്നത് മുഖ്യമായും കൗമാര കാലഘട്ടത്തിലാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനു നിലനിൽപ്പുള്ളൂ. അതിനാൽ ശാരീരികാരോഗ്യ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടികൾക്ക് അറിവും പരിശീലനവും നൽകുകയെന്നതു മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
നല്ല ആരോഗ്യ ശീലങ്ങൾ പഠിപ്പിക്കുക
കൗമാരക്കാരായ കുട്ടികളുടെ ഒരു ദിവസമെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമായി മനസ്സിലാകും. അവരിൽ ഭൂരിഭാഗത്തിന്റെയും മുൻഗണനാ ലിസ്റ്റിൽ ആരോഗ്യ പരിപാലനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘട്ടങ്ങളായ ശരിയായ ഭക്ഷണരീതികൾ, ഉറക്കം, വ്യായാമം തുടങ്ങിയവയുടെ സ്ഥാനം പരിതാപകരമാംവണ്ണം പുറകിലാണ്. കുട്ടികളുടെ ഏറെക്കാലമായി നിലനിന്നുപോരുന്ന ഭക്ഷണശീലങ്ങളും ഉറക്കവുമായി ബന്ധപ്പെട്ട ശീലങ്ങളും മറ്റും ഒരു സുപ്രഭാതത്തിൽ മാറ്റിയെടുക്കുക. എളുപ്പമല്ലെന്നതു ശരിതന്നെ. എന്നിരിക്കിലും ഏറ്റവും സ്വീകാര്യവും അനുകരണീയവുമായ മാതൃകകൾ അവർക്കു മുന്നിൽ അവതരിപ്പിക്കുക വഴി ആരോഗ്യകരമായ ശീലങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും അങ്ങനെ കാലക്രമത്തിലെങ്കിലും അവരെ നേർവഴിക്കു കൊണ്ടുവരികയും ചെയ്യാൻ രക്ഷിതാക്കളായ നമുക്കു കഴിയേണ്ടതാണ്. കുമാരീകുമാരന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ഫിഗർ അവർക്കു മറ്റെന്തിനെക്കാളും പ്രധാനമായിരിക്കും. ആയതിനാൽ ശരിയായ ഭക്ഷണക്രമങ്ങളും ആവശ്യത്തിന് ഉറക്കവും വ്യായാമവും വ്യക്തിശുചിത്വവുമെല്ലാം നല്ല ഫിഗർ നിലനിർത്താൻ ആവശ്യമാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടുള്ള തുടക്കം അവരിൽ നല്ല പ്രതികരണമുണ്ടാക്കുമെന്നു പ്രതീക്ഷിക്കാം.
ഭക്ഷണം പോഷകസമൃദ്ധമായിരിക്കട്ടെ
കേരളീയ സാഹചര്യങ്ങളില്‍ പെൺകുട്ടികളിൽ സാധാരണയായി കൗമാര വളർച്ച ആരംഭിക്കുന്നത് 10 വയസ്സിനും 11 വയസ്സിനും ഇടയിലും പൂർത്തീകരണം നടക്കുന്നത് 17–18 വയസ്സ് തികയുമ്പോഴുമാണല്ലോ. അത് ആൺകുട്ടികളിലാകുമ്പോൾ തുടക്കം 12–13 വയസ്സിലും പൂർത്തീകരണം ഏകദേശം 18–19 വയസ്സിലും ആയിരിക്കും. ശൈശവത്തിനു ശേഷം ഏറ്റവും ദ്രുതഗതിയിൽ ശാരീരിക മാനസിക വളർച്ച സംഭവിക്കുന്നത് ഈ കാലയളവിലായതിനാൽ വളർച്ചയുടെ വേഗത്തോടു കിടപിടിക്കുന്ന അളവിൽ അധികപോഷണവും ആവശ്യമായിവരും. സാധാരണ പോഷകങ്ങള്‍ക്കു പുറമേ ഇരുമ്പും കാൽസ്യവും ധാരാളമായി അടങ്ങിയ ആഹാരപദാർഥങ്ങൾ കുട്ടികളുടെ മെനുവിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കാൽസ്യത്തിന്റെ അഭാവം എല്ലുകളുടെ സാധാരണ ബലത്തെ ബാധിക്കുകയും ഭാവിയിൽ എല്ലുപൊടിഞ്ഞു പോകുന്ന ഓസ്റ്റിയോ പോറോസിസ് പോലുള്ള രോഗങ്ങൾക്കു കാരണമാകുകയും ചെയ്തേക്കാം. പെൺകുട്ടികളുടെ ഭക്ഷണക്രമത്തിൽ ഫോളിക് ആസിഡ് ചേർന്ന വിഭവങ്ങൾകൂടി ഉൾപ്പെടുത്തുന്നതു പിൽക്കാലത്ത് രക്തക്കുറവിനും വിളർച്ചയ്ക്കും മറ്റുമുള്ള സാധ്യതകളെ തീർത്തും ഇല്ലാതാക്കും. ക്രമം തെറ്റിയും കുറഞ്ഞ അളവിലുമുള്ള ഭക്ഷണരീതി ലൈംഗികവളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം മൊത്തത്തിലുള്ള വളർച്ചാ മുരടിപ്പും ഉണ്ടാക്കും. അമിതാഹാരവും അതുപോലെതന്നെ അപകടമാണ്. തെറ്റായ ആഹാരശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി എന്നിവപോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു കുട്ടികളെ നയിക്കും. അതുകൊണ്ട് ചെറുപ്രായം മുതൽ തന്നെ കുട്ടികളിൽ ആരോഗ്യപരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനു വർധിച്ച പ്രാധാന്യമുണ്ട്.
വെള്ളമാകാം പക്ഷേ, ഉത്തേജകം വേണ്ട
ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള പോഷകഘടകമാണു വെള്ളം. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് ശുദ്ധമായ വെള്ളമെങ്കിലും കുട്ടികൾ കുടിച്ചിരിക്കണം. വെള്ളം കുടിക്കുന്നതിനു പകരം ബീയർ പോലെ ആൽക്കഹോൾ കലർന്ന പാനീയങ്ങളോ ഉത്തേജകങ്ങളടങ്ങിയ പാനീയങ്ങളോ കുടിക്കുന്ന ശീലം കുട്ടികൾക്കുണ്ടെങ്കിൽ അത് തീർത്തും ഒഴിവാക്കണം. നാരുകൾ ധാരാളമായി ഉൾക്കൊള്ളുന്ന പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും ഉൾക്കൊള്ളുന്നതും ശരീരത്തിന്റെ തൂക്കം അമിതമാകാതെ നിലനിർത്തുന്നതുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണം. കാൽസ്യം, വൈറ്റമിൻ എ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ കീടനാശിനി കലരാത്ത നാടൻ ഇലക്കറികൾ ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും മെനുവിൽ ഉൾപ്പെടുത്തണം. ഇലക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്ന കാര്യത്തിൽ ആർത്തവം തുടങ്ങിയ പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. വർധിച്ച പൂരിത കൊഴുപ്പും കൊളസ്ട്രോളും കലർന്ന ആഹാരപദാർഥങ്ങൾ കഴിവതും പരിമിതപ്പെടുത്തണം. പഞ്ചസാര, ഉപ്പ് പോലുള്ളവയുടെ ഉപഭോഗവും അമിതമാകരുത്. ചില കുട്ടികൾ പച്ചക്കറികളോടും ഇലക്കറികളോടും വിരക്തി പ്രകടിപ്പിക്കാറുണ്ട്. അവ ആഹാരത്തിൽ ഉൾപ്പെടുത്താതിരിക്കുന്നത് രോഗപ്രതിരോധശേഷി കുറയ്ക്കുമെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം.
മെനു നിശ്ചയിക്കുമ്പോള്‍ പരിഗണിക്കേണ്ടത്
നമ്മുടെ നാട്ടിൽ ലഭ്യമായ ഭക്ഷ്യപദാർഥങ്ങളെ അവയുടെ ധർമങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതുവായി നാലു വിഭാഗങ്ങളായി തിരിക്കാം. ശാരീരികപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം പ്രദാനം ചെയ്യുന്നവയാണ് ആദ്യത്തേത്. അരി, ഗോതമ്പ്, ചോളം, തിന പോലുള്ള ധാന്യവർഗങ്ങളെയും കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളെയും ഈ വിഭാഗത്തിൽപ്പെടുത്താം. അധിക ഊർജത്തിനു വേണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന എണ്ണ, വെണ്ണ, നെയ്യ്, ശർക്കര, പഞ്ചസാര, തേൻ തുടങ്ങിയവ രണ്ടാം ഗണത്തിൽ പെടുന്നു. ശരീരവളർച്ചയ്ക്കും അവയവങ്ങളുടെ തേയ്മാനങ്ങളും കേടുപാടുകളും പരിഹരിക്കുന്നതിനും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ ചെറുപയർ, സോയാബീൻ, ഉഴുന്ന്, പരിപ്പ് പോലുള്ള പയറുവർഗങ്ങൾ, പാൽ, തൈര്, മുട്ട, മത്സ്യമാംസാദികൾ തുടങ്ങിയവ അടങ്ങിയതാണ് മൂന്നാം വിഭാഗം.. എല്ലാതരത്തിൽപെട്ട പച്ചക്കറികളെയും ഇലക്കറികളെയും പഴവർഗങ്ങളെയും രോഗപ്രതിരോധശേഷി നൽകുന്ന ഭക്ഷ്യവസ്തുക്കളുൾക്കൊള്ളുന്ന നാലാം വിഭാഗത്തിൽ പെടുത്താം. മത്സ്യമാംസാദികൾക്കും രോഗപ്രതിരോധത്തിൽ അവയുടെതായ പങ്കു വഹിക്കാൻ കഴിയും.
പ്രാതൽ പരമപ്രധാനം
വല്ലപ്പോഴും എന്തെങ്കിലും വാരിവലിച്ചു തിന്നുന്നതിനു പകരം കൃത്യസമയങ്ങളിൽ മതിയായ അളവിൽ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കി വളർത്തിയെടുക്കണം. കൗമാരക്കാരായ കുട്ടികൾ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ മൂന്നു നേരവും ഇടവിട്ടുപോകാതെ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അക്കൂട്ടത്തിൽ പ്രാതല്‍ പരമപ്രധാനമാണ്. പ്രാതലിനു തലച്ചോറിന്റെ ഭക്ഷണമെന്നൊരു ചെല്ലപ്പേരുണ്ട്. രാത്രിയിൽ പകൽസമയത്തെ അപേക്ഷിച്ച് ഭക്ഷണരഹിതമായ സമയം കൂടുതലായിരിക്കുമെന്നതിനാൽ നേരം പുലരുമ്പോഴേക്കും രക്തത്തിൽ പോഷകങ്ങളുടെ അളവ് തീരെ കുറവായിരിക്കുമല്ലോ. അതുകൊണ്ടുതന്നെ ശരീരത്തിനു മൊത്തത്തിലും മസ്തിഷ്കത്തിനു പ്രത്യേകിച്ചും ഉണർവും ഉന്മേഷവും ലഭിക്കാൻ സമൃദ്ധമായ പ്രാതൽ അനിവാര്യമാണ്. പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രാതൽ എന്തുമാത്രം പ്രധാനമാണെന്നത് ഇവിടെ വ്യക്തമാണല്ലോ.
ഫാസ്റ്റ്ഫുഡ് രോഗങ്ങളെ ക്ഷണിക്കുന്നു
കൗമാരക്കാർക്കിടയിൽ ഇക്കാലത്ത് പടർന്നുപിടിച്ചിട്ടുള്ള ഏറ്റവും അനാരോഗ്യകരമായ ഒരു പ്രവണതയാണു പാക്ക്ഡ് ഫുഡിനോടും ഫാസ്റ്റ് ഫുഡിനോടും കോളകൾ പോലുള്ള കൃത്രിമ പാനീയങ്ങളോടുമുള്ള അമിത പ്രതിപത്തി. അതു ശരിയായ ഭക്ഷണശീലങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിനു പുറമേ അവയിലടങ്ങിയ വിഷകരങ്ങളായ കൃത്രിമ നിറങ്ങളും രുചിക്കും മണത്തിനും വേണ്ടി ചേർക്കുന്ന രാസപദാർഥങ്ങളും ആരോഗ്യത്തെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്നവയാണെന്ന വസ്തുത മിക്ക കുട്ടികളും മനസ്സിലാക്കുന്നില്ല. കുട്ടികളിൽ വർധിച്ചുവരുന്ന മാംസാഹാര ശീലങ്ങളാണ് മുതിർന്നു വരുമ്പോൾ ഹൃദ്രോഗം, പ്രമേഹം പോലുള്ള ജീവിതശൈലീജന്യ രോഗങ്ങൾക്ക് അവരെ അടിമപ്പെടുത്തുന്നത്. കോളകളുടെ അമിത ഉപയോഗം സ്വാഭാവികമായ വിശപ്പിനെ ഇല്ലാതാക്കുകയും അതുവഴി നല്ല ആഹാരപദാർഥങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തിച്ചേരേണ്ട പോഷകങ്ങളുടെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു. അഡിക്‌ഷനുണ്ടാക്കുന്ന നിക്കോട്ടിൻ, കഫീൻ തുടങ്ങിയ രാസഘടകങ്ങളും കോളകളിൽ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ടത്രേ. ചോക്ക്‌ലറ്റുകളും ബേക്കറി പലഹാരങ്ങളും അമിതമായി കഴിക്കുന്നതും ഇതുപോലെതന്നെ ആരോഗ്യത്തിനു ഹാനികരമാണ്. കേവല കൗതുകം തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയോ കൂട്ടുകാർക്കു കമ്പനികൊടുക്കുന്നതിനു വേണ്ടിയോ തുടങ്ങുന്ന ഇത്തരം ആഹാരശീലങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
ഭക്ഷണം നന്നായാൽ മാത്രം പോരാ
ഭക്ഷണം നന്നായതുകൊണ്ടു മാത്രം കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഹൃതമാകും എന്നു കരുതുന്നതിൽ അർഥമില്ല. നല്ല ഭക്ഷണത്തോടൊപ്പം ആവശ്യത്തിനു വ്യായാമവും ഉറക്കവും കൂടി കുട്ടികൾക്കു ലഭ്യമാക്കാനുള്ള സാഹചര്യങ്ങളുണ്ടാക്കണം. അവർക്കു വേണ്ടതെല്ലാം ആവശ്യത്തിലേറെ ഒരുക്കിക്കൊടുക്കാറുള്ള മാതാപിതാക്കൾ പോലും തീർത്തും പരാജയപ്പെടുന്നത് ഈ വിഷയത്തിലാണ്. നമ്മുടെ ചുറ്റുവട്ടങ്ങളിലുള്ള കൗമാരക്കാരായ കുട്ടികൾക്കിടയിൽ സ്ഥിരമായി വ്യായാമം ചെയ്യുന്നവരോ ശരീരത്തിന് ആയാസകരമായ എന്തെങ്കിലും ജോലികൾ സ്ഥിരമായി ചെയ്യുന്നവരോ ആയി ആരെങ്കിലും ഉണ്ടോ എന്ന് ഒരന്വേഷണം നടത്തിയാൽ വളരെ കുറച്ചു പേരെ മാത്രമേ കണ്ടെത്താനിടയുള്ളൂ. പണ്ടൊക്കെ സ്കൂൾ വിട്ടു കഴിഞ്ഞാൽ സ്കൂൾ ഗ്രൗണ്ടിൽ അൽപനേരം കളിച്ചതിനു ശേഷം വീട്ടിൽ പോകുന്ന പതിവായിരുന്നു ചുരുങ്ങിയ പക്ഷം ആൺകുട്ടികൾക്കെങ്കിലും ഉണ്ടായിരുന്നത്. ചിലരാകട്ടെ വീട്ടിലെത്തിക്കഴിഞ്ഞാൽ നേരെ കളിക്കളത്തിലേക്കു പോയി നേരം ഇരുട്ടുമ്പോഴേ വീട്ടിൽ തിരിച്ചെത്തി പഠനത്തിലും മറ്റു കാര്യങ്ങളിലും ഏർപ്പെടുമായിരുന്നുള്ളൂ.
വ്യായാമത്തിനെവിടെ നേരം?
ഇന്നു സ്ഥിതിയാകെ മാറി. സ്കൂൾ വിട്ടു വീട്ടിലെത്തിക്കഴിഞ്ഞാൽ കുട്ടികൾ നേരേ പോകുന്നത് ടിവിയുടെ മുന്നിലേക്കായിരിക്കും. അതു കഴിഞ്ഞാൽ പഠനത്തിലേക്ക്. അൽപം മുതിർന്ന കുട്ടികൾക്കാണെങ്കിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പുറമേ ഞായറാഴ്ചകളിൽ പോലും എൻട്രൻസ് കോച്ചിങ്ങും ട്യൂഷനും ! ദീർഘകാല അവധികളിൽ മുഴുവൻ ട്യൂഷൻ ! ഇവയ്ക്കെല്ലാമിടയിൽ വ്യായാമത്തിനെവിടെ നേരം ? അല്ലെങ്കിൽ ആർക്കു വേണം വ്യായാമം ! പത്തടി ദൂരം പോലും ബസ്സിലോ മറ്റെന്തെങ്കിലും വാഹനത്തിലോ അല്ലാതെ കാൽനടയായി സഞ്ചരിക്കുന്നത് ഇവർക്കൊന്നും സങ്കൽപിക്കാൻ പോലുമാകില്ല. ഇങ്ങനെ തിരക്കുപിടിച്ച ദിനചര്യകൾക്കിടയിൽ തികച്ചും സ്വാഭാവികമായ ശാരീരിക ചലനങ്ങളിലൂടെ കുട്ടികൾക്കു ലഭിക്കാനിടയുള്ള വ്യായാമത്തിനുള്ള സാധ്യതകൾ പോലും തടസ്സപ്പെടുന്നു.
ഭവിഷ്യത്തുകൾ ഗുരുതരം
കുട്ടികൾ വ്യായാമം പോലുള്ള അടിസ്ഥാനപരമായ ശാരീരികാവശ്യങ്ങളെ തീർത്തും അവഗണിച്ചുകൊണ്ടു മുന്നേറുന്നതും ആ പ്രവണതയെ നാം നിസ്സംഗതകൊണ്ടു പ്രോത്സാഹിപ്പിക്കുന്നതും അവരെ തീരെ ചെറുപ്പത്തിൽത്തന്നെ പ്രമേഹം, ഹൃദ്രോഗം പോലുള്ള മാറാവ്യാധികളിലേക്കാണ് എത്തിക്കുന്നതെന്ന വസ്തുത നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രക്തസമ്മർദം, ടൈപ്പ് –2 പ്രമേഹം, അമിതവണ്ണം എന്നിവയെപ്പോലെ പണ്ടുകാലങ്ങളില്‍ മുതിർന്നവരുടേതു മാത്രമായി കരുതപ്പെട്ടിരുന്ന പ്രശ്നങ്ങളുമായി ഇക്കാലത്തു ഡോക്ടർമാരെ സമീപിക്കുന്നവരിൽ അഞ്ചും ആറും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ പോലും ഉണ്ടത്രേ. നമ്മുടെ സംസ്ഥാനത്ത് പുതുതായി രോഗനിർണയം ചെയ്യപ്പെടുന്ന പ്രമേഹ ബാധിതരിൽ അഞ്ചുശതമാനത്തോളം പേർ കുട്ടികളാണെന്നു മാത്രമല്ല, പ്രമേഹബാധിതരാകുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും അഞ്ചു ശതമാനം കണ്ട് വർധിക്കുക കൂടി ചെയ്യുന്നുണ്ടത്രേ.
ദിവസത്തിൽ ചുരുങ്ങിയത് മുക്കാൽ മണിക്കൂറെങ്കിലും ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ടെന്നിസ്, ബാഡ്മിന്റൺ പോലെ കുട്ടികൾക്കിഷ്ടപ്പെട്ട കളികളിൽ ഏതിലെങ്കിലും ഒന്നിൽ ഏർപ്പെടാൻ അവസരമുണ്ടാക്കുക വഴി മേൽ സൂചിപ്പിച്ചതുപോലുള്ള വിപൽസാധ്യതകളെ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം. അതു സാധ്യമല്ലെങ്കിൽ ദിവസവും ഒരു നിശ്ചിത ദൂരം അവർ നടക്കുകയെങ്കിലും ചെയ്യട്ടെ. സ്കൂളിൽ പോകുമ്പോഴും കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും മറ്റും വാഹനങ്ങളെ ആശ്രയിക്കുന്നതിനു പകരം നടപ്പിനെ പ്രോത്സാഹിപ്പിക്കുക. ഇക്കാലത്ത് കുട്ടികൾക്ക് ഇതിനെല്ലാം എവിടെ നേരം എന്ന് ഒരുപക്ഷേ മാന്യവായനക്കാരിൽ ചിലർ ചോദിച്ചേക്കാം. ‘If there is a will there is a way’ എന്നതാണ് ഉത്തരം.
ഉറക്കവും തുല്യപ്രധാനം
വ്യായാമം പോലെതന്നെ പ്രധാനമാണ് ഉറക്കവും, മനസ്സിനും ശരീരത്തിനും പൂർണവിശ്രമം കിട്ടുന്നതു ഗാഢമായ ഉറക്കത്തിലൂടെയാണല്ലോ. അതുകൊണ്ട് ചിട്ടയായ ആരോഗ്യപരിപാലനത്തിന് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ് ഉറക്കം. പക്ഷേ, മിക്ക കുട്ടികളും അതു കാര്യമായിട്ടെടുക്കാറില്ല. ബഹുഭൂരിപക്ഷം കൗമാരക്കാരും പഠിപ്പും ടിവി കാണലുമൊക്കെക്കഴിഞ്ഞു രാത്രി ഏറെ താമസിച്ചായിരിക്കും കിടക്കുക. ഉണരുന്നതു കാലത്ത് വളരെ താമസിച്ചുമായിരിക്കും. ചിലർക്കാകട്ടെ രാത്രി ടിവി കാണലും. മൊബൈൽഫോൺ/ എസ്എംഎസ് സല്ലാപങ്ങളും ഇന്റർനെറ്റ് സർച്ചിങ്ങും ചാറ്റിങ്ങുമെല്ലാം കഴിഞ്ഞ് ഉറങ്ങാനെവിടെ നേരം എന്ന മട്ടാണ്. കൗമാരക്കാരായ കുട്ടികൾ സാധാരണ ദിവസത്തിൽ ചുരുങ്ങിയത് 7–8 മണിക്കൂറെങ്കിലും ഇടതടവില്ലാതെ ഉറങ്ങുന്നുണ്ടെന്നു മാതാപിതാക്കൾ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അത് അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. ഉറക്കസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടെന്നു തോന്നിയാൽ അതു സങ്കീർണമാകുന്നതിനുമുൻപേ തന്നെ വിദഗ്ധ സഹായം തേടുന്നതിൽ ഉപേക്ഷ വരുത്തരുത്.
വിവരങ്ങൾക്കു കടപ്പാട്: പി.കെ.എ റഷീദിന്റെ കൗമാരം മാതാപിതാക്കൾ അറിയാൻ എന്ന പുസ്തകം
Read More : Health News