സുന്ദരമായി ചിരിക്കാൻ ഒഴിവാക്കാം ഈ കാര്യങ്ങൾ

Smile
SHARE

ചിരിക്കാൻ മടിയില്ലെങ്കിലും ചിരിക്കുമ്പോൾ വേണ്ടത്ര ആത്മവിശ്വാസം തോന്നണമെങ്കിൽ ആരോഗ്യമുള്ള പല്ലുകൾ വേണം. രണ്ടു നേരം പല്ലുതേക്കുകയും പതിവായി മൗത്ത്‌വാഷ് ഉപയോഗിക്കുകയും ഫ്ലോസിങ് ചെയ്യുകയും മാത്രം പോരാ, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധയില്ലെങ്കിൽ വളരെ നേരത്തേ തന്നെ പല്ലുകൾ കേടുവന്നു നഷ്ടപ്പെടാം. പല്ലിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ടത് എന്തൊക്കെയെന്നു നോക്കാം.

നാരകഫലങ്ങൾ

പഴങ്ങൾ ആരോഗ്യത്തിനു നല്ലതാണെങ്കിലും പല്ലുകളുടെ ആരോഗ്യവും തകരാറിലാവാതെ നോക്കണമെന്ന് ഡന്റിസ്‌റ്റുകൾ പറയുന്നു. അമിതവണ്ണം തടയാൻ ക്രാഷ് ഡയറ്റുകളെ ആശ്രയിക്കുന്നവരുടെ പ്രധാന ആഹാരം പഴങ്ങളും പച്ചക്കറികളുമാണ്. എന്നാൽ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ പഴങ്ങളിലെ ആസിഡിന്റെ അംശം നിങ്ങളുടെ പല്ലുകൾക്കു ഭീഷണിയാകും. ആപ്പിൾ, മുന്തിരി തുടങ്ങിയവയിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്റെ ഇനാമൽ ആവരണത്തെ നശിപ്പിക്കാൻ കഴിവുള്ളതാണ്. എന്നാൽ പല്ല് സംരക്ഷിക്കാൻ പഴങ്ങൾ കഴിക്കരുത് എന്നർഥമില്ല

കാപ്പി

അമിതമായി മധുരം ‌ചേർത്ത കാപ്പി കുടിക്കുന്നവർ പല്ലിന്റെ ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം. കാപ്പി കുടിച്ച ശേഷം ശരിയായി വായ് വൃത്തിയാക്കിയില്ലെങ്കിൽ പല്ലിനു പോടു വരാൻ സാധ്യതയുണ്ട്. തുടർച്ചയായി കാപ്പി കുടിക്കുന്നത് പല്ലിൽ കറ പിടിക്കാനും ഇടയാക്കും. 

റൊട്ടി

ഏത് ആഹാരവും നന്നായി ചവച്ചരച്ചു കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. റൊട്ടി കഴിക്കുമ്പോൾ ഒന്നു ശ്രദ്ധിച്ചാൽ പല്ലിന്റെ ആരോഗ്യം തലവേദനയാകില്ല. റൊട്ടി ചവയ്ക്കുമ്പോൾ അന്നജം പഞ്ചസാരയായി വിഘടിക്കപ്പെടുക്കുകയും പേസ്റ്റ് രൂപത്തിലാകുകയും പല്ലിൽ ഒട്ടിപ്പിടിക്കുകയും ചെയ്യും. ഗോതമ്പു റൊട്ടിയിൽ മധുരം കുറവായതിനാൽ പല്ലിനു വലിയ പ്രശ്നം ഉണ്ടാക്കില്ലെങ്കിലും പല്ലിനിടയ്ക്കു കയറിയാൽ കളി കാര്യമാകും

മിഠായികൾ

മിഠായികൾ പതുക്കെ അലിയിച്ചു കഴിക്കുന്നതാണ് നല്ലതെങ്കിലും ക്ഷമയില്ലാത്തവർ കടിച്ചു പൊട്ടിച്ചു കഴിക്കാൻ ശ്രമിക്കും. കട്ടിയുള്ള മിഠായികൾ കടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് പല്ലിനു പൊട്ടലുണ്ടാക്കും. ആസിഡിന്റെ അംശം കൂടുതലുള്ള, പുളിയുള്ള മിഠായികൾ പല്ലിൽ പ്ലേക്ക് രൂപപ്പെടാനും കേടു വരുത്താനും കാരണമായേക്കാം. ചോക്‌ലേറ്റ് ഉൾപ്പെടെയുള്ളവ നിയന്ത്രിത അളവിൽ മാത്രമേ കുട്ടികൾക്കു നൽകാവൂ.

സോഫ്‌റ്റ്‌ഡ്രിങ്കുകൾ

സോഫ്‌റ്റ്‌ഡ്രിങ്കുകൾ കഴിക്കുന്ന പതിവുള്ളവർ കൂടുതൽ വെള്ളം കുടിക്കണം. ഇത്തരം പാനീയങ്ങൾ വായ വരണ്ടതാക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. സ്ഥിരമായി സോഫ്‌റ്റ്‌ഡ്രിങ്ക് കഴിക്കുന്നതു മൂലം പല്ലിൽ കറ പിടിക്കാനും ഇനാമൽ ആവരണം നശിക്കാനും സാധ്യതയുണ്ട്.

സ്നാക്കുകൾ

വെറുതെയിരിക്കുമ്പോൾ കൊറിക്കുന്ന ഉരുളക്കിഴങ്ങു വറുത്തതും മറ്റും ശരീരഭാരം കൂട്ടുന്നതിനൊടൊപ്പം പല്ലിനു കേടുവരുത്തുകയും ചെയ്യുന്നു. ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറുകയും പല്ലിനടിയിൽ പറ്റിയിരുന്ന് പ്ലേക്ക് ഉണ്ടാകുകയും ചെയ്യും.

മദ്യം

അമിതമായി മദ്യപിക്കുന്നത് നിർജലീകരത്തിനു കാരണമാകും. വായിൽ ഉമിനീരിന്റെ അളവു കുറയ്ക്കുകയും അണുബാധയ്ക്കും മോണരോഗത്തിനും കാരണമാകുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA