ഉറക്കമരുന്നു നിർത്താം, ഒറ്റയടിക്കല്ല

635810582
SHARE

ഉറങ്ങാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുമ്പോൾ ഉറക്കമരുന്നുകളെ അഭയം പ്രാപിക്കാതെ വയ്യ. ഉറക്കം കിട്ടാക്കനിയായി മാറുമ്പോൾ പിന്നെയുള്ള പോംവഴി ഉറക്കത്തെ സഹായിക്കുന്ന മരുന്നുകളാണല്ലോ. വേദനാസംഹാരികൾ പോലെ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണ് ഉറക്ക ഗുളികകൾ. ഉറക്കഗുളികകളുടെ അമിത ഉപയോഗവും ദുരുപ യോഗവും സമൂഹത്തിൽ  വർദ്ധിച്ചു വരികയാണ് മരുന്നുകടയിൽ പോയി ഉറക്കഗുളികകൾ വാങ്ങിക്കഴിച്ച് സ്വയം ചികിത്സ നടത്തുന്നവരും ഏറെയാണ്. ഇതു പലതരത്തിലുള്ള പാർശ്വ ഫലങ്ങൾക്കും കാരണമാകാം. 

ഡോക്ടറുടെ  നിർദേശ പ്രകാരം വളരെ കരുതലോടെ മാത്രം ഉപയോഗിക്കേണ്ടവയാണ് ഉറക്കമരുന്നുകൾ. ഉറക്കത്തെ സഹായിക്കുന്ന മരുന്നുകൾ പ്രധാനമായും രണ്ടു തരത്തിലുണ്ട്. അമിത ഉത്കണ്ഠയും മനസ്സിന്റെ പിരിമുറുക്കവുമൊക്കെ കുറച്ച് ചെറിയ മയക്കം പ്രദാനം ചെയ്യുന്ന മരുന്നുകളാണ് ആദ്യത്തേത്  ഇവയെ സെഡേറ്റീവുകൾ എന്നാണ് വിളിക്കുന്നത്.  ഗാഢ നിദ്ര പ്രദാനം ചെയ്യുന്ന ഹിപ്നോട്ടിക്കുകളാണ് രണ്ടാമത്തെ വിഭാഗത്തിൽ. ഹിപ്നോട്ടിക് മരുന്നുകൾ തന്നെ ചെറിയ അളവിൽ സെഡേറ്റീവുകളായും പ്രവർത്തിക്കാം. 

ഒരു കാലത്ത് മദ്യവും ഒപ്പിയം മരുന്നുകളുമൊക്കെയാണ് ഉറക്കത്തെ കൂട്ടുപിടിക്കാനായി ഉപയോഗിച്ചിരുന്നത്. 20 –ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് ഫിനോബാർബിറ്റോൺ പോലെയുള്ള മരുന്നുകൾ രംഗത്തു വന്നത്. എന്നാൽ 1960 കളിൽ സുരക്ഷിത മരുന്നുകളായ ബെൻസോഡയസിപൈനുകളുടെ വരവോടെ മറ്റ് ഉറക്കമരുന്നുകളെല്ലാം തന്നെ രംഗത്തു നിന്നു പിൻമാറുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഉറക്കമരുന്നുകൾ ബെൻസോഡയസിപൈന്‍ വിഭാഗത്തിൽപെട്ടവയാണ്.

ഉറക്കഗുളിക ഡോക്ടർ തരട്ടെ
കടുത്ത മാനസിക സംഘർഷവും പിരിമുറുക്കവും അനുഭവിക്കേണ്ടി വരുമ്പോൾ താൽക്കാലികമായി ഉറക്കം നഷ്ടപ്പെടാൻ ഇടയുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം ഒന്നോ രണ്ടോ ആഴ്ച ഉറക്കമരുന്നുകൾ കഴിക്കേണ്ടി വന്നേക്കാം. ഡോക്ടറുടെ നിർദേശമില്ലാതെ ഒരു കാരണവശാലും ഉറക്കമരുന്നുകൾ സ്വയം വാങ്ങി കഴിക്കരുത്. 

ഉറക്കഗുളികകൾ കഴിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഡോക്ടറാണ്. പല ഉറക്കമരുന്നുകളും ഗൗരവമേറിയ പാർശ്വഫലങ്ങളുണ്ടാക്കുന്നവയായിരിക്കും. കൂടാതെ തുടർച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് മരുന്നിനോടുള്ള അടിമത്തം ഉണ്ടാക്കാനും ഇവയിൽ പലതിനും കഴിയും. പിന്നെ മരുന്നില്ലാതെ ഉറങ്ങാൻ സാധിക്കാത്ത നിർഭാഗ്യകരമായ അവസ്ഥ ഉണ്ടായെന്നും വരാം. 

ഉറക്കമരുന്നുകൾ കഴിക്കുമ്പോൾ ഡോക്ടറോട് നേരത്തെ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിരിക്കണം. ഒരേ സമയം കഴിക്കുന്ന പല മരുന്നുകൾ തമ്മിലും ഗൗരവമേറിയ പ്രതിപ്രവർത്തനങ്ങളുണ്ടാകാൻ ഇടയുണ്ട്. ഉദാഹരണത്തിന് പല ജലദോഷ മരുന്നുകളിലും അടങ്ങിയിരിക്കുന്ന ആന്റിഹിസ്റ്റമിനുകൾ ഉറക്കഗുളികകളോടൊപ്പം കഴിക്കുമ്പോൾ കൂടുതൽ മയക്കവും ക്ഷീണവും തോന്നിയെന്നു വരാം. അങ്ങനെയുള്ളപ്പോൾ ഡ്രൈവ് ചെയ്യുന്നതും യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണം. പ്രായമുള്ളവർക്ക് പലപ്പോഴും ഉറക്കക്കുറവു മറികടക്കാനായി  ഉറക്കമരുന്നുകൾ നൽകേണ്ടി വന്നേക്കാം. ഉറക്കഗുളികകൾ കഴിക്കുന്ന വൃദ്ധജനങ്ങൾ രാത്രിയിൽ എഴുന്നേൽക്കുമ്പോഴും നടക്കുമ്പോഴും മറ്റും മയക്കവും ക്ഷീണവും മൂലം വീഴാനും പരുക്കുകൾ പറ്റാനും അസ്ഥികൾ പൊട്ടാനുമൊക്കെ സാധ്യതയുള്ളതുകൊണ്ട് പരിചരിക്കുന്നവർ പ്രത്യേകം ശ്രദ്ധ നൽകണം. 

ഉറക്കമരുന്നു നിർത്താം, ഒറ്റയടിക്കല്ല
ഉറക്കഗുളികകളുടെ ഉപയോഗം ഒറ്റയടിക്കു നിർത്താതെ ഘട്ടംഘട്ടമായി നിർത്തുന്നതാണ് നല്ലത്. മരുന്നു പെട്ടെന്നു നിർത്തിയാൽ ഉറക്കമില്ലായ്മയും പരിഭ്രാന്തിയുമുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായെന്നുവരാം. ആദ്യമാദ്യം ഡോക്ടറുടെ നിർദേശമനുസരിച്ച് മരുന്നിന്റെ അളവ് കുറച്ചു കൊണ്ടുവരാം. മാനസികപിരിമുറുക്കമുണ്ടാക്കുന്ന സാഹചര്യങ്ങൾക്കു മാറ്റ മുണ്ടാകുമ്പോൾ മരുന്നു നിർത്താൻ ശ്രമിക്കുന്നതാണു നല്ലത്. ഒഴിവുദിനങ്ങളും വരാന്ത്യങ്ങളും പോലെ പൊതുവേ തിരക്കുകളില്ലാത്ത ശാന്തമായ ദിനങ്ങളിൽ മരുന്നു കഴിക്കാതെ ഉറങ്ങാൻ ശ്രമിച്ചുനോക്കാം. ഒന്നു രണ്ടു ദിവസങ്ങൾ പ്രശ്നമനുഭവപ്പെടാതെ കഴിച്ചു കൂട്ടിയാൽ ധൈര്യമായി ഗുളികകളോട് വിടപറയാൻ ശ്രമിക്കാം. ഉറക്കഗുളികകൾ ഉപയോഗിക്കുമ്പോൾ മദ്യപാനം പാടില്ല. മരുന്നുപയോഗത്തോടൊപ്പം മദ്യപാനവും കൂടിയാകുമ്പോൾ കൂടുതൽ മയക്കവും ക്ഷീണവും ഉണ്ടാകാനിടയുണ്ട്. ഇങ്ങനെയുള്ളവർ ഡ്രൈവ് ചെയ്യുമ്പോൾ റോഡപകടങ്ങൾ ഉണ്ടാ കാനും മറ്റും സാധ്യത കൂടുതലാണ്. 

(കടപ്പാട്: ഇനി നന്നായി ഉറങ്ങാം, മനോരമ ബുക്സ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA