മൊബൈൽ ഫോൺ ആളുകൾക്ക് ഇപ്പോൾ ഒരു അവയവം പോലെയായിട്ടുണ്ട്. കയ്യിൽ ഫോൺ ഇല്ലാത്ത സമയം വളരെ കുറവ്. ഉപയോഗം ധാരാളം ഉണ്ടെങ്കിലും ഫോൺ സൂക്ഷിക്കുന്നതിൽ വരുത്തുന്ന പാകപ്പിഴ വലിയ അപകടങ്ങളിലേക്കെത്തിക്കും എന്നറിയാമോ?
പാന്റിന്റെ പോക്കറ്റിൽ
സാധാരണ എവിടെയാണ് നിങ്ങൾ ഫോൺ സൂക്ഷിക്കുക? പാന്റിന്റെ പോക്കറ്റിൽ എന്നാവും ഉത്തരം. എന്നാൽ ഇതു നല്ലതല്ല എന്നറിയാമോ? സെൽഫോൺ ഓൺ ആയിരിക്കുന്ന അവസ്ഥയിൽ അത് ഒരു വയർലസ് നെറ്റ്‍വർക്കുമായി കണക്ട് ചെയ്തിട്ടുണ്ടാകും. ഫോൺ പോക്കറ്റിലിടുമ്പോൾ ഒരു പൗച്ചിൽ സൂക്ഷിക്കുന്നതിന്റെ രണ്ടു മുതൽ ഏഴിരട്ടി വരെ ആയിരിക്കും റേഡിയേഷൻ. ഫോണിൽ നിന്നുള്ള റേഡിയേഷൻ അർബുദത്തിനു വരെ കാരണമാകും. പുരുഷന്മാരിൽ സ്പേം കൗണ്ട് കുറയാനും ഇത് കാരണമാകും.
തലയണയ്ക്കടിയിൽ, അതോ കിടക്കയിലോ
ഉറങ്ങുംവരെ ഫോണിൽ നോക്കിയിരിക്കും. കിടക്കയിൽ തന്നെ ഫോൺ വച്ചിട്ട് ഉറങ്ങും. ചിലരാകട്ടെ തലയണയ്ക്കടിയിൽ ആകും ഫോൺ വയ്ക്കുന്നത്. തലയണയ്ക്കടിയിൽ ഫോൺ, പ്രത്യേകിച്ച് ചാർജ് ചെയ്യാൻ വച്ചതോ ചെറിയ തകരാറുകൾ ഉള്ളതോ ആയ ഫോൺ, വച്ചാൽ ചൂട് കൂടി പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഫോണിൽ നിന്നുള്ള എൽഇഡി ലൈറ്റ്, മെലാടോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും സിർക്കാഡിയൻ റിഥത്തെ ബാധിക്കുകയും അങ്ങനെ ഉറക്കം തടസ്സപ്പെടുകയും ചെയ്യും. സെൽഫോണിൽ നിന്നുള്ള റേഡിയേഷൻ, മൈക്രോവേവ്് അവ്നിൽനിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അർബുദം, ബ്രെയിൻ ട്യൂമർ ഇവയ്ക്കും മൊബൈൽ ഫോൺ റേഡിയേഷൻ കാരണമാകും.
മുഖത്തോടു ചേർത്ത്
ഫോൺ മുഖത്തോടു ചേർത്തുവച്ചാണോ സംസാരിക്കാറ്? അഴുക്കുള്ള ഫോണിൽനിന്ന് ബാക്ടീരിയ ഫോണിലേക്കും ഫോണിൽനിന്നു മുഖത്തേക്കും വരാൻ സാധ്യതയുണ്ട്. മുഖക്കുരു, ചർമത്തിലെ തടിപ്പ്, ചർമത്തിൽ ചുളിവുകൾ എന്നിവയ്ക്കൊക്കെ സാധ്യതയുണ്ട്.
ബാത്ത്റൂമിൽ
ബാത്ത്റൂമിലും ഫോൺ കൊണ്ടുപോകുന്നവർ ഉണ്ട്. ഫ്ലഷ് ചെയ്ത ശേഷം ബാത്ത്റൂമിന്റെ പ്രതലത്തിൽ ബാക്ടീരിയയും വൈറസും ഏറെ നേരം തങ്ങി നിൽക്കും. ഇവ ഫോണിലേക്കു പടരാൻ സാധ്യതയുണ്ട്.
ബീച്ചിൽ
ബീച്ചിലെ വെയിലിലും ചൂടിലും സെൽഫോൺ അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ബീച്ചിൽ പോയാൽ ഉപയോഗത്തിനു ശേഷം ഫോൺ ഭദ്രമായി സൂക്ഷിച്ചു മാറ്റി വയ്ക്കുക.