‘ഞാൻ ഇത്തിരികൂടി ഉറങ്ങട്ടേയമ്മേ.. എന്തിനാ ഇത്ര നേരത്തേ വിളിക്കുന്നേ..’’ വെളുപ്പാൻ കാലത്തെ സുഖ ഉറക്കത്തിൽ നിന്നു പഠിക്കാനായി വിളിച്ചുണർത്തുന്ന അമ്മയോട് ദേഷ്യം തോന്നാത്ത കുട്ടികൾ ഉണ്ടാവില്ല. എന്നാൽ നേരം വെളുക്കും മുൻപേതന്നെ എഴുന്നേറ്റു പഠിക്കുന്നതിന്റെ ഗുണങ്ങൾ കാലാകാലങ്ങളായി നമ്മൾ കേൾക്കുന്നതാണ്. രാവിലെ എഴുന്നേറ്റു പഠിച്ചാൽ പെട്ടന്നു മനസ്സിലാവും. ബുദ്ധിയ്ക്ക് തെളിമയുള്ള സമയമാണ്. അന്തരീക്ഷം ശാന്തമാണ്..ഇങ്ങനെ നീണ്ടൊരു ലിസ്റ്റു തന്നെ പറയാറുണ്ട്.
എന്നാൽ വെളുപ്പിന് വായിക്കാനായി തുറന്നുവെച്ച പുസ്തകത്തിലേക്ക് ഉറങ്ങി വീണ അനുഭവം നമ്മളിൽ പലർക്കുമുണ്ടാകും. എങ്കിൽ ഏതു സമയമാണ് പഠിക്കാൻ ഏറ്റവും നല്ലത്–രാത്രിയോ പുലർകാലമോ?
പഠിക്കുന്ന കുട്ടികളെ രണ്ടു വിഭാഗമായി തിരിക്കാം. തലച്ചോറിനും ശ്രദ്ധയ്ക്കും രാത്രിയിൽ ഉണർവു കൂടിയവരാണ് ഒരു വിഭാഗം. പുലർകാലത്ത് ഉണർവു കിട്ടുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഇതു ലളിതമായി മനസ്സിലാവാൻ ആദ്യവിഭാഗത്തെ രാത്രി സജീവമായിരിക്കുന്ന മൂങ്ങയെ പോലെയുള്ളവർ എന്നും പുലർച്ചെ ശ്രദ്ധകൂടുന്നവരെ രാവിലെ ഉണർന്നു പ്രവർത്തിക്കുന്ന കാക്കയെ പോലെയുള്ളവരെന്നും വിളിക്കാം. മൂങ്ങബുദ്ധിവിഭാഗത്തിൽപെട്ട കുട്ടികൾ രാത്രിയിലും കാക്ക ബുദ്ധി വിഭാഗത്തിലുള്ളവർ പുലർകാലത്തും പഠിക്കുന്നതാണ് ഏറ്റവും ഉത്തമം. അതായത് അവരവരുടെ ശ്രദ്ധസജീവമായിരിക്കുന്നസമയത്ത് പഠിക്കാൻ പ്രേരിപ്പിക്കുക.
ഈ രണ്ടു വിഭാഗത്തിലേയും കുട്ടികളെ വേർതിരിച്ചറിയാൻ എളുപ്പമാണ്. മൂങ്ങബുദ്ധിക്കാരായ കുട്ടികൾ സന്ധ്യാസമയം കഴിയുമ്പോഴാവും കളിയും ബഹളവുമായൊക്കെയായി ആക്ടീവ് ആകുക. രാത്രിയിൽ ശ്രദ്ധ സജീവമാകുന്ന ഈ കുട്ടികൾക്ക് രാത്രി വൈകി മാത്രമേ ഉറക്കം വരൂ. രാവിലെ ഏറെ പണിപ്പെട്ടുവേണം ഇവരെ ഉണർത്താൻ. ഈ കുട്ടികൾ രാത്രിയിൽ പഠിക്കട്ടെ. രാവിലെ സുഖമായി ഉറങ്ങിക്കോട്ടെ.
എന്നാൽ കാക്കയെപോലെ പുലർകാലത്ത് ശ്രദ്ധ സജീവമാകുന്ന കുട്ടികൾക്ക് രാത്രി ഏഴ് എട്ട് മണിയാകുമ്പോഴേ ഉറക്കം വരും. ഇവർ നേരത്തേ ഉറങ്ങട്ടെ. മിക്കപ്പോഴും വെളുപ്പിന് നാല് മണിയൊക്കെ കഴിയുമ്പോഴേക്കും ഇവർ സ്വാഭാവികമായി ഉണരും. വീണ്ടും കിടന്നുറങ്ങിപ്പോകാതെ ആ സമയത്തുതന്നെ എഴുന്നറ്റ് പഠിക്കാനിരുന്നാൽ ആ കുട്ടികൾ പഠനത്തിൽ അതിവേഗം മുന്നേറുന്നതു കാണാം. ചുരുക്കിപറഞ്ഞാൽ എല്ലാവർക്കും ഒരു പോലെ പഠിക്കാൻ മികച്ച സമയമല്ല പുലർകാലം. മൂങ്ങയെ പോലെ രാത്രിയിൽ ഉണർവുള്ള കുട്ടികൾ രാത്രി പഠിക്കട്ടെ, കാക്കയെപോലെ പുലർച്ചെ ഉണർവുള്ള കുട്ടികൾ രാത്രി പഠിക്കട്ടെ. രാത്രിയിൽ കുട്ടികൾ പഠിക്കാനിരിക്കുമ്പോൾ ടിവി മുതൽ മറ്റുള്ളവരുെട സംസാരം വരെ അവരുടെ പഠനത്തെ തടസ്സപ്പെടുത്തുന്ന സeഹചര്യങ്ങൾ ഒഴിവാക്കാൻ അച്ഛനമമാർ ശ്രദ്ധിക്കുകയും വേണം.