ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കിയാൽ?

എണ്ണയില്ലാത്ത പാചകം ഇന്ത്യക്കാര്‍ക്കു പൊതുവേ കുറവാണ്. ഇന്ത്യന്‍ വിഭവങ്ങള്‍ ഒട്ടുമിക്കതും എണ്ണ ചേര്‍ന്നതാണ്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ നമ്മളറിയാതെ വില്ലനായി മാറുന്ന ആളാണ്‌ ഈ എണ്ണ.

ഒരിക്കല്‍ പാചകത്തിനെടുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്ന പതിവ് നമ്മുടെ വീടുകളില്‍ പോലുമുണ്ട്. എണ്ണ വെറുതെ പാഴാക്കി കളയുന്നത് തടയാനാണ് മിക്കവരും ഇതു ചെയ്യുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഒട്ടുമേ നല്ലതല്ല.

എണ്ണ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ സംഭവിക്കുന്നത്‌ 

എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അത് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകാന്‍ കാരണമാകും. ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവ പലപ്പോഴും  കാർസിനോജെനിക് ആകുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഒപ്പം തന്നെ ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യും.

അസിഡിറ്റി, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കും എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം കാരണമാകുന്നുണ്ടത്രേ. ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നതു തന്നെയാണ് ഉചിതം. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് എണ്ണയുടെ ഉപയോഗം, പാകം ചെയ്ത ആഹാരം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. 

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കണമെങ്കില്‍ ആദ്യം എണ്ണ നന്നായി തണുപ്പിച്ച ശേഷം അത് വായൂ കടക്കാത്ത ഒരു കുപ്പിയില്‍ ഒഴിച്ച് വയ്ക്കണം. അതിനു മുൻപായി അത് അരിച്ചു വയ്ക്കണം. മുന്‍പ് ഉണ്ടാക്കിയ ആഹാരത്തിന്റെ അവശിഷ്ടം ഒരിക്കലും ഇതില്‍ കലരരുത്. രണ്ടാം വട്ടം ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. കറുപ്പു ചേര്‍ന്ന നിറമാകുകയോ ചൂടാക്കുമ്പോള്‍ പുക വരികയോ ചെയ്‌താല്‍ ഉപയോഗിക്കരുത്. സണ്‍ഫ്ലവര്‍ ഓയില്‍, റൈസ്ബ്രാന്‍ ഓയില്‍, എള്ള് എണ്ണ എന്നിവ ഡീപ്പ് ഫ്രൈ ചെയ്യാന്‍ നല്ലതാണ്. എന്നാല്‍ ഒലിവ് എണ്ണ ഒരിക്കലും ഫ്രൈ ചെയ്യാന്‍ നല്ലതല്ല.