മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നു വെട്ടിപ്പിടിച്ചത് ചില്ലറ കാര്യങ്ങളല്ല

sajesh
SHARE

മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണു സജേഷ് കൃഷ്ണന്റെ  ഓട്ടം ശരിക്കും ആരംഭിച്ചത്. ബൈക്കി‍ൽ നിന്നു തെന്നിവീണു കാൽ നഷ്ടപ്പെട്ടപ്പോൾ ആദ്യം കരുതി ജീവിതം തീർന്നെന്ന്. പിന്നെയോർത്തു, ഇനിയല്ലേ ശരിക്കും ജീവിതമെന്ന്. അങ്ങനെ, കൃത്രിമക്കാലിൽ അവൻ ഓടി മാരത്തൺ വേദികളിലേക്ക്; ഇതാ കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണർ . 

ഊന്നുവടി വേണ്ട, മുട്ടിനു താഴെ മുറിച്ചോളൂ

കണ്ണൂർ പയ്യന്നൂർ വെള്ളൂർ കിഴക്കുമ്പാട്ട് കെ. സി.കൃഷ്ണന്റെയും എം.വി.സതിയുടെയും മകനാണ് സ‍േജഷ് (31). ബിടെക് ആദ്യവർഷം പഠിക്കുമ്പോൾ കൂട്ടുകാരന്റെ ബൈക്കിനു പിന്നിലിരുന്നു പോയതാണ്, ബൈക്ക് തെന്നിമറിഞ്ഞു. കാൽപാദത്തിനു ഗുരുതരമായി മുറിവേറ്റ് അഞ്ചു മാസം ആശുപത്രിയിൽ. ഒടുവിൽ ഡോക്ടർ പറഞ്ഞു, ‘ പാദം മുറിച്ചു മാറ്റണം.  ഊന്നുവടിയില്ലാതെ നടക്കാനാകില്ല.’’ അപ്പോഴാണു സജേഷ് ആ ചോദ്യം ചോദിച്ചത്,‘‘  മുട്ടിനു താഴെ കാൽ മുറിച്ചാൽ വടിയില്ലാതെ എനിക്കു നടക്കാൻ പറ്റ്വോ’’ എന്ന്. കൃത്രിമക്കാൽ വച്ചാൽ ഊന്നുവടിയോ പരസഹായമോ ഇല്ലാതെ നടക്കാമെന്നു ഡോക്ടർ പറഞ്ഞതോടെ അതുമതിയെന്ന് അവൻ ഉറപ്പിച്ചു. 2005 ഓഗസ്റ്റിൽ ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു നീക്കി.  

കൃത്രിമക്കാലിന്റെ കാര്യം ഞാനങ്ങ് മറന്നു

എല്ലാറ്റിനും കൂടെ നിന്ന വീട്ടുകാരും കൂട്ടുകാരും അവനെ നിരാശയുടെ ലോകത്തേക്ക് സ്വയം ഒതുങ്ങാൻ സമ്മതിച്ചില്ല. കൂട്ടുകാരുടെ സഹായത്തോടെ സജേഷ് കോളജിൽ പോയി. പരീക്ഷകൾ എഴുതി. 2008ൽ പഠനം കഴിഞ്ഞു പുറത്തിറങ്ങി. കൃത്രിമക്കാലിലാണു നടക്കുന്നതെന്ന് ആദ്യം അവൻ സ്വയം മറന്നു, പിന്നാലെ ചുറ്റുമുള്ളവരും. 

കോയമ്പത്തൂരിലെ കമ്പനിയിൽ ജോലി കിട്ടിയതോടെ കൂടുതൽ ആത്മവിശ്വാസം. എന്നാൽ, വിദേശത്തെ പ്രശസ്ത കമ്പനിയിൽ ജോലി നേടിയെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അതു നഷ്ടപ്പെട്ടു. പിന്നീടാണു കണ്ണൂർ തോട്ടട ഐടിഐയിൽ ഗെസ്റ്റ് ലക്ചററായത്. ഇപ്പോൾ പഴയങ്ങാടി മാടായി ഗവ. ഐടിഐയിൽ ഗെസ്റ്റ് അധ്യാപകൻ. 

ലോകമേ, നിന്റെ സഹതാപം ആർക്കു വേണം

കാർഗിൽ യോദ്ധാവും ഇന്ത്യയുടെ ബ്ലേഡ് റണ്ണറുമായ മേജർ ഡി.പി.സിങ് തുടക്കമിട്ട ‘ദ് ചാലഞ്ചിങ് വൺസ്’ എന്ന ഫെയ്സ്ബുക് കൂട്ടായ്മ സജേഷിന്റെയും ഇടമായി. കൃത്രിമക്കാലുമായി മാരത്തണിൽ പങ്കെടുക്കുന്ന ചിലരുടെ വിഡിയോ അതിൽ കണ്ടതോടെ മാരത്തൺ ആയി  സജേഷിന്റെയും സ്വപ്നം. 2015ൽ കൊച്ചിയിൽ നടന്ന സ്പൈസ് കോസ്റ്റ്  മാരത്തണിൽ പങ്കെടുക്കാൻ കൂട്ടായ്മയിലെ 20 പേർക്ക് അവസരം കിട്ടി. അതിലെ ഏക മലയാളിയായിരുന്നു സജേഷ്. എന്തിനാണു പോകുന്നതെന്നു പറയാതെ വീട്ടിൽ നിന്നു തിരിച്ചു. അഞ്ച്  കിലോമീറ്റർ മിനി മാരത്തൺ 50 മിനിറ്റ് കൊണ്ടു പൂർത്തിയാക്കി.‘‘ ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു ഞാൻ.

എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടാൻ സാധിച്ച നിമിഷം. സഹതാപത്തോടെ മാത്രം കണ്ടിരുന്നവരോട് ഇതാ ഞാൻ ലോകം കീഴടക്കിയിരിക്കുന്നു എന്നുറക്കെ വിളിച്ചു പറയാൻ തോന്നിയ സമയം’’– സജേഷ് പറയുന്നു. 2016 ഫെബ്രുവരിയിൽ കോഴിക്കോട്ടു നടന്ന മാരത്തണിലും പങ്കെടുത്തു. 2017ൽ വീണ്ടും കൊച്ചിയിൽ മാരത്തൺ. ഇക്കുറി ഡോക്ടർമാരുടെ കൂട്ടായ്മ വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ‘റൺ ഫോർ  യുവർ ലെഗ്സ്’ എന്ന മാരത്തൺ ആയിരുന്നു. പ്രമേഹം വന്നു കാലുമുറിച്ചുമാറ്റുന്നതിന്റെ എണ്ണം കൂടിയപ്പോൾ, നടത്തം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി ‘‘സംഘാടകർ ക്ഷണിച്ച് അവിടെയെത്തിയപ്പോഴാണു സന്തോഷവാർത്ത അറിഞ്ഞത്.  വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ എനിക്കു ‘ബ്ലേഡ്’ വച്ചു തരുമെന്ന്. ഭാരം കുറഞ്ഞ കാർബൺ ഫൈബറിൽ നിർമിച്ച ‘ബ്ലേഡ്’ എന്ന കൃത്രിമക്കാൽ എന്റെ  ഏറ്റവും വലിയ സ്വപ്നമായിരുന്നു. ആറു ലക്ഷത്തോളം രൂപ ചെലവു വരുമെന്നതിനാൽ വാങ്ങാൻ സാധിക്കാതെയിരുന്നപ്പോഴാണ് ആ സഹായം,’’. 2017 ഡിസംബറിൽ  പയ്യന്നൂർ ഏഴിമലയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാരത്തണിൽ  സജേഷ് ബ്ലേഡുമായി ഓടി; 10 കിലോമീറ്റർ 1.15 മണിക്കൂറിൽ പിന്നിട്ടു.  ആ ഓട്ടം അവനെ ആദ്യ മലയാളി ബ്ലേഡ് റണ്ണറാക്കി. 

കൂട്ടുകാർക്കൊപ്പം  ബാഡ്മിന്റൻ പരിശീലനത്തിലാണു സജേഷ് ഇപ്പോൾ. പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുകയാണു ലക്ഷ്യം. സ്ഥരം ജോലി, വിവാഹം അങ്ങനെ പിന്നെയുമുണ്ട് സ്വപ്നങ്ങൾ. പ്രതിസന്ധി എന്ന വാക്ക് സ്വന്തം നിഘണ്ടുവിൽ നിന്ന് വെട്ടിമാറ്റിയ സജേഷിന് ഉറപ്പാണ്, ആ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകും എന്ന്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA