‘‘ മകനിപ്പോ ആറാം ക്ലാസിലാണ്. എപ്പോഴും ടിവിയുെട മുന്നിൽ അല്ലെങ്കിൽ മൊബൈലിൽ കളി. പഠനത്തിൽ വളരെ മോശമായി. കഴിഞ്ഞദിവസം പഠിക്കാതെ ഫോണിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ, ഫോൺ പിടിച്ചു വാങ്ങി. ആ ദേഷ്യത്തിൽ എെന്ന അവൻ തള്ളി നിലത്തിട്ടു. മേശപ്പുറത്തിരുന്ന ലാംപ് എറിഞ്ഞു പൊട്ടിച്ചു... ഒക്കെ എന്റെ തെറ്റുതന്നെയാണ്, കുഞ്ഞായിരിക്കുമ്പോഴേ... കരച്ചിലു നിർത്താനും ഭക്ഷണം കഴിക്കാനുമൊക്കെ കാർടൂൺ വച്ചുകൊടുത്തതും ഫോൺ നൽകിയതുമൊക്കെ ഞാൻ തന്നയാണ്’’– ഒരു അമ്മയുെട കുറ്റസമ്മതമാണിത്.
ടിവിയും കംപ്യൂട്ടറും ടാബ്‌ലറ്റും സ്മാർട്ഫോണും ഉൾപ്പെടെ സ്ക്രീനുള്ള എല്ലാ ഗാഡ്ജറ്റുകളോടും തോന്നുന്ന അടിമത്ത മനോഭാവത്തെ ഇന്ന് മനഃശാസ്ത്ര ലോകം വിളിക്കുന്ന പേരാണ് ‘സ്ക്രീൻ അഡിക‌്ഷൻ’. മയക്കുമരുന്ന് അഡിക്ഷനേക്കാളും പരിഹരിക്കാൻ പ്രയാസമായത് എന്നാണ് ഇന്ന് ശാസ്ത്രലോകം ഇതിനെ വിളിക്കുന്നത്. മുതിർന്നവരിലും ഇതു സാധാരണമായിട്ടുണ്ടെങ്കിലും കുട്ടികളിലും കൗമാരക്കാരിലും ശാരീരികവും മാനസികവുമായി കൂടുതൽ ഗൗരവമുള്ള പ്രശ്നങ്ങളിലേക്ക് ഇതു നയിക്കാം. കാർടൂൺ മുതൽ ഗെയിമുകൾ വരെയുള്ള സ്ക്രീൻ വിനോദങ്ങളിൽ മുഴുകിപ്പോകുന്നത് കുട്ടികളുെട തലച്ചോറിന്റെ വികാസത്തെ വരെ ബാധിക്കാമെന്നു പഠനങ്ങളിലൂെട തിരിച്ചറിഞ്ഞിട്ടുണ്ട്. ഉറക്കപ്രശ്നങ്ങൾ, ഓർമക്കുറവ്, ഏകാഗ്രത കുറവ്, വിഷാദം എന്നിവ മുതൽ പിരുപിരുപ്പൻ രോഗമായ എഡിഎച്ച്ഡി പോലുള്ളവ വരെയുണ്ടാവാനും വഷളാവാനും സ്ക്രീൻ അഡിക്‌ഷൻ കാരണമാകാം.
കുട്ടികളുടെ സ്ക്രീൻ ടൈം കുറച്ച് അവരെ യഥാർഥജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനും സ്ക്രീൻ അഡിക്ഷൻ തടയാനും ബോധപൂർവമായ ശ്രമം രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടാവണം. നിങ്ങളുെട കുട്ടികൾക്ക് ഇത്തരം സ്ക്രീൻ അഡിക്ഷൻ ഉണ്ടോ എന്ന് മനസ്സിലാക്കാനാവും.
∙ കുട്ടികൾക്ക് മൊബൈലോ ടിവിയോ വിഡിയോ ഗെയിമുകളോ സ്വമേധയാ അവസാനിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥ. ഉറങ്ങാൻ പോകുമ്പോഴും മൊബൈലോ ടാബോ ഉപയോഗിക്കുക.
∙ മറ്റുള്ളവരുമായുള്ള കളികളിലും സൗഹൃദങ്ങളിലും താൽപര്യം നഷ്ടപ്പെട്ട്, വിരസത വരുമ്പോഴെല്ലാം സ്ക്രീൻ ആക്ടിവിറ്റി മാത്രം അവർക്ക് സന്തോഷം നൽകുന്ന അവസ്ഥ.
∙ അവരുെട ഇത്തരം കാര്യങ്ങളിൽ നിന്നും തടയുമ്പോൾ ദേഷ്യം, വൈരാഗ്യബുദ്ധി, പൊട്ടിത്തെറി, വിഷാദം, മടുപ്പ്, കടുത്ത വിരസത എന്നിവ പ്രകടമാകുന്ന സാഹചര്യം.
∙ തീൻമേശയിലടക്കം കടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ സംസാരിക്കാനുള്ള അവസരങ്ങളിൽ പോലും മൊബൈൽ ഫോണിലോ മറ്റ് സ്ക്രീനുകളിലോ മുഴുകുന്നത് പതിവാകുന്നു.
∙ ഏതൊരു അഡിക്‌ഷനിൽ നിന്നും വിട്ടു നിൽക്കുമ്പോൾ സംഭവിക്കുന്നതുപോലെ സ്ക്രീനിൽ നിന്നും അകന്നു നിൽക്കുമ്പോൾ കടുത്ത നിരാശ, അസ്വസ്ഥത തുടങ്ങിയ വിത്ഡ്രാവൽ സിംപ്ടംസ് കാണുന്ന അവസ്ഥ.
ഇവയൊക്കെ കുട്ടികളുടെ സ്ക്രീൻ അഡിക്‌ഷന്റെ സൂചനയാണ്.