എത്രയൊക്കെ സംരക്ഷിച്ചിട്ടും ചര്‍മത്തില്‍ ചുളിവുകളും പാടുകളും ഉണ്ടാകുന്നുണ്ടോ? എങ്കില്‍ വില്ലന്‍ നിങ്ങളുടെ ഉറക്കരീതി തന്നെയാകാം. അതെ കേട്ടിട്ട് വിശ്വാസം വരുന്നില്ലേ. പ്രമുഖ ചര്‍മരോഗവിദഗ്ധൻ ഡോ. കിരണ്‍ ലോഹിയ സേത്തിയാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഉറങ്ങാന്‍ കിടക്കുന്ന പൊസിഷനുകള്‍ കാരണം ചര്‍മത്തില്‍ കേടുപാടുകള്‍ സംഭവിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. ചര്‍മത്തെ ദോഷകരമായി ബാധിക്കാവുന്ന ഉറക്കരീതികളെക്കുറിച്ച് ഡോക്ടര്‍ അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. അപ്പോള്‍ ഏതാണ് ശരിയായ ഉറക്കരീതി ? അതിനെ കുറിച്ച് ഡോക്ടര്‍ പറയുന്നത്:
നിങ്ങള്‍ ഒരു വശം മാത്രം ദീര്‍ഘനേരം കിടന്നുറങ്ങുന്ന ആളാണോ ? എങ്കില്‍ സൂക്ഷിക്കുക. തുടര്‍ച്ചയായി ഒരേദിശയില്‍ മാത്രം കിടന്നുറങ്ങുമ്പോള്‍ ആ സൈഡില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകാനും ആ ഭാഗം കൂടുതല്‍ ഫ്ലാറ്റ് ആകാനും സാധ്യതയുണ്ട്. ഇത് മുഖത്തിന്റെ ആകൃതി വ്യത്യാസത്തിനു കാരണമാകും. ഇത് ഇവിടെ കൂടുതല്‍ ചുളിവുകള്‍ ഉണ്ടാക്കും. ഇത് മാറ്റാന്‍, ഒരേ സമയം ഒരേ പൊസിഷനില്‍ കിടക്കുന്നത് കഴിവതും ഒഴിവാക്കുന്നതാകും നല്ലത്.
ഒരേ വശത്തുതന്നെ എട്ടു മണിക്കൂര്‍ നേരത്തില്‍ കൂടുതല്‍ കിടക്കുന്നതിനെ കുറിച്ചൊന്നു ഓര്‍ത്തുനോക്കൂ. എപ്പോഴും നേരെ കിടന്നുറങ്ങുന്നത് തന്നെയാണ് ചര്‍മത്തിന്റെ ആരോഗ്യം രക്ഷിക്കാന്‍ നല്ലതത്രേ. അതുപോലെ സില്‍ക്ക് ഫാബ്രിക് പില്ലോകളില്‍ തലവച്ച് ഉറങ്ങുന്നതും നല്ലതാണെന്ന് ഡോക്ടര്‍ പറയുന്നു. ഇത് ഒരു ആന്റിസെപ്ടിക് ഫലം നല്‍കും. ഒപ്പം ചര്‍മത്തിനും നല്ലതാണ്. മല്‍ബെറി സില്‍ക്ക് പില്ലോ വാങ്ങാന്‍ സാധിച്ചാല്‍ അത് ഏറെ നല്ലതാണെന്ന് ഡോക്ടര്‍ പറയുന്നു. ഇത് ചര്‍മത്തില്‍ ഒരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കും. Retinol serum രാത്രി കിടക്കും മുൻപ് ഉപയോഗിക്കുന്നതും നല്ലതാണ്.