നെറ്റ് അഡിക്‌ഷനോ? ഈ ആറു ലക്ഷണങ്ങൾ ശ്രദ്ധിക്കുക

Internet addiction
SHARE

‘സൈബര്‍ കോണ്‍ഡ്രിയ’അഥവാ, ഇന്‍റര്‍നെറ്റിനെ ആശ്രയിച്ചതു മൂലമുള്ള സംശയരോഗങ്ങള്‍ പുതിയ തലമുറയെ എളുപ്പത്തില്‍ കീഴടക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്തു സംശയം തോന്നിയാലും ഉടൻ ഇന്റർനെറ്റിൽ പരതുന്നവരുണ്ട്. കിട്ടിയ വിവരം ശരിയാണോ എന്ന് ഉറപ്പുവരുത്താതെ ആധികാരികമെന്നു കരുതി വിശ്വസിക്കുന്നവരുമുണ്ട്. ഇവരിൽ ചിലർ പ്രത്യേക ആവശ്യങ്ങളൊന്നുമില്ലെങ്കിലും നിരന്തരം അറിവു സമ്പാദിക്കുന്നതിനായി മാത്രം ഇന്റർനെറ്റിനു കീഴ്പ്പെടുന്നു.

ഈ പ്രശ്നത്തിന്റെ മറ്റൊരു തലമാണ് സ്വന്തം രോഗത്തെയും രോഗലക്ഷണങ്ങളെയും പറ്റി ഇന്റർനെറ്റിൽ നിരന്തരം പരതിനോക്കുന്ന ‘സൈബർ കോൺഡ്രിയ’. ഡോക്ടറെ കാണാനുള്ള സമയം, സാമ്പത്തിക ലാഭം എന്നിവ പരിഗണിച്ച് എളുപ്പത്തിൽ പ്രതിവിധി കണ്ടെത്താമെന്ന പ്രതീക്ഷയിൽ ഇന്റർനെറ്റിൽ രോഗനിർണയത്തിനു തിരയുന്നവര്‍ സംശയരോഗത്തിലേക്കു വഴുതിവീഴുന്നു.

മൊബൈൽ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്‌ഷൻ. ലൈംഗിക സംതൃപ്തി നേടാനുപയോഗിക്കുന്ന വിവിധതരം സെക്സ് ടോയ്കളും ഇപ്പോൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. മനസ്സിൽനിന്നു വിട്ടുപോകാത്ത ഒബ്സഷനായി ഗാഡ്ജറ്റുകൾ മാറുന്നതാണു കാരണം. കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആൺകുട്ടികളിൽ ആണ് കൂടുതൽ കാണാറ്.

അഡിക്‌ഷൻ തിരിച്ചറിയാം

നെറ്റ് അഡിക്‌ഷൻ ഉണ്ടോയെന്നു തിരിച്ചറിയാൻ എളുപ്പമാണ്. പിൻമാറ്റലക്ഷണങ്ങളടക്കം മറ്റ് അഡിക്‌ഷനുകൾക്കുള്ള പല പ്രശ്നങ്ങളും ഇതിനും ഉണ്ടാകും. ഇനി പറയുന്ന ആറു ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

∙ മിക്കസമയവും ഇന്റർനെറ്റിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം. ഉദാ:– രാവിലെ ഉണരുന്നതു പോലും ഇന്റർ‌നെറ്റ് ഉപയോഗിക്കാൻ കഴിയുമല്ലോ എന്ന ചിന്തയോടെ.

∙ നെറ്റിൽ ചെലവാക്കുന്ന സമയം നിയന്ത്രിക്കാൻ പറ്റാതെ വരുന്നു.

∙ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടിവരുന്നു.

∙ നെറ്റ് കണക്‌ഷൻ മുറിയുന്ന സാഹചര്യങ്ങളിൽ ഉറക്കമില്ലായ്മ, തലവേദന, അമിതമായ ദേഷ്യം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ എന്നീ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുന്നു.

∙ ജീവിതത്തിലെ പ്രധാന കാര്യം ഇന്റർനെറ്റാണ്. അതിനായി മറ്റെല്ലാ വിനോദങ്ങളെയും (യാത്ര, കളി, സുഹൃത്തുക്കൾ) ഉപേക്ഷിക്കുന്നു,

∙ ദോഷകരമായ വിധത്തിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കിയിട്ടും തുടരുന്നു.

ഈ ആറു കാര്യങ്ങളിൽ മൂന്നെണ്ണം ഉണ്ടെങ്കിൽ ഇന്റർനെറ്റ് അഡിക്‌ഷൻ ഉണ്ടെന്നു മനസ്സിലാക്കി ചികിത്സാസഹായം തേടണമെന്ന് ഡോ. അരുൺ ബി. നായർ പറയുന്നു. ഉറക്കക്കുറവ്, കണംകയ്യിലും വിരലുകളിലും വേദന, കണ്ണുകൾക്ക് വരൾച്ച, കഴുത്ത്– പുറം വേദന, അമിതവണ്ണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഈ അഡിക്‌ഷന്റേതായി പ്രകടമാകാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA