ഉപയോഗിക്കുന്നതിനു മുൻപ് പഴങ്ങളും പച്ചക്കറികളും മത്സ്യവും നന്നായി കഴുകി വൃത്തിയാക്കണമെന്നു നമുക്കറിയാം. അവയില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മറ്റു രാസവസ്തുക്കളുമൊക്കെ നീക്കം ചെയ്യാനാണ് ഇത്. എന്നാല്‍ എല്ലാത്തരം പഴങ്ങളും പച്ചക്കറികളും ഒരേ തരത്തില്‍ അല്ല കഴുകേണ്ടത് എന്നറിയാമോ?
തണുപ്പിച്ച പഴങ്ങളും പച്ചക്കറികളും
ഫ്രിജില്‍ കഴുകി വൃത്തിയാക്കി വച്ച പഴങ്ങളും പച്ചക്കറികളും വീണ്ടും ഉപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ കഴുകാറില്ല. എന്നാല്‍ ഇതു തീര്‍ത്തും തെറ്റാണ്. ഫ്രീസ് ചെയ്തു സൂക്ഷിച്ച വസ്തുക്കള്‍ കേടാകാറില്ല. എന്നാല്‍ അവ കഴുകാതെ വീണ്ടും കഴിക്കാനോ പാകം ചെയ്യാനോ എടുക്കുന്നത് നന്നല്ല.
കാബേജ്
കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ എന്നിവയില്‍ സാധാരണ കാണപ്പെടുന്ന ജീവിയാണ് പോര്‍ക്ക് ടേപ്പ് വേം. കാബേജ് എപ്പോഴും വളരെ സൂക്ഷിച്ചു വൃത്തിയാക്കിയെടുക്കേണ്ട ഒരു പച്ചക്കറിയാണ്. ആദ്യത്തെ രണ്ടു പാളികള്‍ നീക്കം ചെയ്ത ശേഷം വേണം വൃത്തിയാക്കാന്‍. ശേഷം കുറച്ചു വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കിവച്ച് ഉപയോഗിക്കാം. കട്ട് ചെയ്താണ് പാകം ചെയ്യുന്നതെങ്കില്‍ ഓരോ കഷ്ണവും വൃത്തിയാക്കി സൂക്ഷിച്ച് എടുക്കാന്‍ ശ്രദ്ധിക്കണം.
മത്സ്യം
മത്സ്യവും മാംസവും അടുക്കളയില്‍ വച്ചു വൃത്തിയാക്കുന്നത് അണുക്കള്‍ അടുക്കളയിലേക്കു കടക്കാന്‍ കാരണമായേക്കാം. അതിനാല്‍ പുറത്തുവച്ച് വൃത്തിയാക്കുന്നതാകും ഉചിതം. ഇവ മുറിക്കാന്‍ ഉപയോഗിച്ച കത്തി, ചോപ്പിങ് ബോര്‍ഡ് എന്നിവയും നന്നായി വൃത്തിയാക്കണം.
ആപ്പിള്‍
ആപ്പിളോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. രാസവസ്തുക്കളും അണുനാശിനികളും ആവശ്യം പോലെ ഇവയ്ക്കു പുറത്തുണ്ടാകാം. ആപ്പിള്‍ ഉപയോഗിക്കുന്നതിനു മുൻപ് അല്‍പം ബേക്കിങ് സോഡയില്‍ മുക്കിവയ്ക്കുക. ഇത് ആപ്പിളില്‍ പറ്റിപ്പിടിച്ച ഭൂരിഭാഗം മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും.