ഒറ്റക്കുട്ടിയെ വളർത്തുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

‘ഒറ്റമോളല്ലേ എന്നു കരുതി, പറഞ്ഞ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുത്തിട്ടുണ്ട്. ഇപ്പോ ഏതെങ്കിലും ഒന്നിന് എതിരു പറഞ്ഞാൽ, വീടുവിട്ടു പൊയ്ക്കളയും, മരിച്ചു കളയും എന്നൊക്കെ പറയും.  പലപ്പോഴും പേടിച്ചിട്ടാ ഇല്ലാത്ത പണമുണ്ടാക്കി ഓരോന്നും ചെയ്തു കൊടുക്കുന്നത്...’ കൗമാരക്കാരിയായ ഒരു മകളുടെ അമ്മ സങ്കടത്തോടെ പറഞ്ഞതാണിത്. കുട്ടി ഒന്നു മതിയെന്നു തീരുമാനിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. അച്ഛനമ്മമാരുടെ തിരക്കുകൾ മുതൽ കുട്ടിക്കു മികച്ച പോഷണം, മികച്ച വിദ്യാഭ്യാസം തുടങ്ങി പരമാവധി സൗകര്യങ്ങൾ നൽകാം എന്നതു വരെയുള്ള ചിന്തകൾ വരെ ആ തീരു മാനത്തിനു പിന്നിലുണ്ട്. ചിലപ്പോൾ ആദ്യ കുട്ടിക്കു ശേഷമുള്ള വന്ധ്യതയും കാരണമാകാം. കാരണം എന്തായാലും ഒറ്റക്കുട്ടിയെ വളർത്തുമ്പോൾ ചില കാര്യങ്ങൾക്കു അച്ഛനമ്മമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

∙കുട്ടിക്കു വൈകാരികമായ പക്വത കുറയാനിടയാക്കാം എന്നതിനാൽ അമിതലാളന ഒഴിവാക്കണം. 

∙സഹോദരങ്ങളോടു മത്സരവും തർക്കവും ഇല്ലാതെ വരുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളിൽ പെട്ടെന്നു തളർന്നു പോകാം. അതിനാൽ മറ്റു കുട്ടികളോടു കൂട്ടുകൂടാനും അവരോടൊപ്പം കളിക്കാനുമുള്ള സാഹചര്യം പരമാവധി ഉണ്ടാക്കുക. 

∙എല്ലാ ആഗ്രഹങ്ങളും സാധിക്കപ്പെട്ടുകൊണ്ടിരുന്നാൽ മുതിർന്നു കഴിയുമ്പോൾ പെട്ടെന്നുണ്ടാകുന്ന പരാ‍ജയത്തിലും നഷ്ടങ്ങളിലും എതിർപ്പുകളിലും കുട്ടി തളർന്നുപോകാം. അതിനാൽ കുട്ടിക്കാലത്തു തന്നെ ആലോചനയോടെ വേണം കുട്ടിയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ. വാശിപിടിക്കുമ്പോഴെല്ലാം അതു നടത്തിക്കൊടുക്കാൻ ശ്രമിക്കരുത്. 

∙മറ്റുള്ളവർക്കു കൂടി വിതരണം ചെയ്യേണ്ട സാധനങ്ങൾ കുട്ടിയെക്കൊണ്ടു നൽകി ശീലിപ്പിക്കുക. എല്ലാം എനിക്കു മാത്രമുള്ളതാണ് എന്ന ചിന്ത ഇങ്ങനെ മുളയിലേ നുള്ളിക്കളയണം. 

∙ഒറ്റക്കുട്ടിയാകുമ്പോൾ കുട്ടിക്കുവേണ്ടി എല്ലാ തീരുമാനങ്ങളും അച്ഛനമ്മമാർ തന്നെ സ്വീകരിക്കുന്ന ശീലം വേണ്ട. ചെറിയ പ്രായം മുതലേ കുട്ടിയെക്കൊണ്ടു തീരുമാനങ്ങളെടുപ്പിക്കുകയും അതിൽ പിഴവുണ്ടെങ്കിൽ മാത്രം തിരുത്തിക്കൊടുക്കുകയുമാണു നല്ല രീതി. വളരുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ഇതു സഹായിക്കും. 

∙ഒറ്റക്കുട്ടികൾ വലുതായാലും അച്ഛനമ്മമാർ കൂടെക്കിടത്തുന്ന രീതി കാണാറുണ്ട്. 5–7 വയസ്സിനുള്ളിൽ കുട്ടികളെ മാറ്റിക്കിടത്തി ഉറക്കാൻ ശ്രമിക്കണം. 

∙പ്രായത്തിന് അനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ കുട്ടികളെ ഏൽപിക്കണം. ചെടിക്കു വെള്ളമൊഴിക്കുന്നതു മുതൽ കൗമാരമെത്തുമ്പോൾ ചെറിയ ചെറിയ ഷോപ്പിങ് വരെയുള്ള കാര്യങ്ങൾ ചെയ്യിക്കാം. 

∙‘നീ മാത്രമേ ഞങ്ങൾക്കുള്ളൂ, ഞങ്ങൾ ജീവിക്കുന്നതു തന്നെ നിനക്കു വേണ്ടിയാണ്...’എന്നു തുടങ്ങിയ വാചകങ്ങൾ ഒരിക്കലും കുട്ടിയോടു പറയാതിരിക്കുക. ഈ വൈകാരിക ബ്ലാക്മെയിലിങ്, കുട്ടി വലുതാകുമ്പോൾ തിരിച്ച് ഉപയോഗിച്ചെന്നു വരാം.