നീളമുള്ള, ആരോഗ്യമുള്ള തലമുടി ആർക്കാണിഷ്ടമില്ലാത്തത്. എന്നാൽ മുടിയുടെ ആരോഗ്യം നിലനിർത്തുക അത്ര എളുപ്പമല്ല. അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണശീലങ്ങൾ, ഹാർഡ് വാട്ടർ, പൊടി, രാസവസ്തുക്കൾ ഇവയെല്ലാം മുടിയുടെ ഗുണം കുറയ്ക്കുന്ന ഘടകങ്ങളാണ്. പാരമ്പര്യവും നീളമുള്ള തിളങ്ങുന്ന മുടിക്ക് പിന്നിലുണ്ട് എന്നതും ഓർക്കുക. പ്രത്യേകിച്ച് വലിയ ചെലവൊന്നും ഇല്ലാതെ തന്നെ തലമുടിക്ക് നീളവും തിളക്കവും ആരോഗ്യവും ഏകുന്ന ചേരുവകൾ നിങ്ങളുടെ അടുക്കളയിലുണ്ട്. അതിലൊന്നാണ് ഉരുളക്കിഴങ്ങ്. മുടി വളരാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും എന്നറിയാമോ?
മുടി വളർച്ചയ്ക്ക് ലഭ്യമായ ചെലവു കുറഞ്ഞ ഒരു വസ്തുവാണ് ഉരുളക്കിഴങ്ങ്. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷം ചെയ്യും. ഉരുളക്കിഴങ്ങ് ജ്യൂസിൽ നിരവധി ജീവകങ്ങൾ ഉണ്ട്. ഇവ ഓക്സിജന്റെ അളവ് കൂട്ടുകയും കൊളാജന്റെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യും. ചർമത്തിലും മറ്റു കലകളിലും കാണുന്ന പ്രോട്ടീൻ ആണ് കൊളാജൻ. മുടിവളരാൻ ഇത് സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ കോശങ്ങളെ ആരോഗ്യമുള്ളതാക്കുന്നു. ഇത് മുടി വളരാൻ സഹായിക്കുന്നു.
എണ്ണമയം അധികമായാൽ മുടി പൊട്ടിപ്പോകും. ഉരുളക്കിഴങ്ങ് ജ്യൂസിൽ അടങ്ങിയ സ്റ്റാർച്ച് തലയോട്ടിയിലും ഫോളിക്കിളുകളിലും അധികമുള്ള എണ്ണയെ നീക്കുന്നു. അങ്ങനെ മുടി ശരിയായി വളരുന്നു. തലയോട്ടി വരണ്ടതായാൽ താരൻ ഉണ്ടാകാം. ഇത് മുടിയുടെ കട്ടി കുറയാനും മുടി പൊട്ടിപ്പോകാനും കാരണമാകും. ഉരുളക്കിഴങ്ങ് ജ്യൂസ് നാരങ്ങാനീര് ചേർത്ത് പുരട്ടുന്നത് വരൾച്ച തടയുകയും തലമുടി ആരോഗ്യത്തോടെ വളരുകയും ചെയ്യും. മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങളെ സഹായിക്കും. അത് ഓക്സിജനുമായി ചേർന്ന് ബലം കുറഞ്ഞ മുടിവേരുകളെ ശക്തിയുള്ളതാക്കും.
ഉരുളക്കിഴങ്ങ് ജ്യൂസ് തലയോട്ടിയിൽ പുരട്ടി കുറഞ്ഞത് 15 മിനിറ്റ് നേരം മസാജ് ചെയ്യണം. ഇത് രക്തയോട്ടം കൂട്ടാനും മുടി വളരാനും സഹായിക്കും. ഇളം ചൂടു വെള്ളത്തിൽ കഴുകിക്കളയാം. മാസത്തിൽ മൂന്നു തവണ ഇത് ചെയ്യുന്നത് തലമുടിയെ ആരോഗ്യമുള്ളതാക്കും. ഉരുളക്കിഴങ്ങ് നന്നായി കഴുകി തൊലി ചെത്തി ഗ്രേറ്റ് ചെയ്യുക. ഈ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് നന്നായി പിഴിയുക. ഉടൻ തന്നെ ഇത് ഉപയോഗിക്കണം. ചെറിയ കഷണങ്ങളായി മുറിച്ച് ജ്യൂസറിലിട്ടും ജ്യൂസ് തയാറാക്കാം. അരിച്ച ശേഷം തലമുടിയിലും തലയോട്ടിയിലും ഇത് തേക്കാം.