നിന്നുകൊണ്ടു ജോലി ചെയ്യുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക

610553844
SHARE

ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് നമുക്കറിയാം. എന്നാല്‍ നിന്നുകൊണ്ടുള്ള ജോലിയോ? പല ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ ദീര്‍ഘനേരമിരുന്നു ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ സ്റ്റാൻഡിങ് ഡസ്ക്കുകള്‍ വരെ നിലവിലുണ്ട്. എങ്കില്‍ കേട്ടോളൂ, നിന്നുകൊണ്ടുള്ള ജോലി ചെയ്യലും ആരോഗ്യത്തിനു നന്നല്ല എന്നാണ് പുതിയ പഠനം. നിന്നുകൊണ്ടു ജോലി ചെയ്യുന്നത് വ്യായാമമാണെന്നു കരുതുന്നതും തെറ്റാണത്രേ. 

കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. ഡേവിഡ്‌ റെമ്പല്‍ പറയുന്നത് നിന്നുകൊണ്ടുള്ള ജോലിയും ആരോഗ്യത്തെ സംരക്ഷിക്കില്ല എന്നു തന്നെയാണ്. അതായത് നിന്നുകൊണ്ടുള്ള ജോലി വ്യായാമമായി കണക്കാക്കേണ്ട എന്ന്.

ദിവസവും 8-9 മണിക്കൂര്‍ നേരം ഇരുന്നു ജോലി ചെയ്യുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നടുവിന്റെ ഡിസ്കുകളെ ആണ്. നടുവിന്റെ ആരോഗ്യത്തെ തന്നെ ഇത് ബാധിക്കും. തുടര്‍ച്ചയായ നടുവേദന തന്നെയാണ് ഇതിന്റെ ലക്ഷണം. എന്നാല്‍ ദീര്‍ഘനേരത്തെ നിൽപും അത്ര നന്നല്ല. രണ്ടായാലും ശാരീരികമായി നിങ്ങള്‍ ഇന്‍ആക്ടീവ് ആണെന്നതാണ് വാസ്തവം. 

ഇതിനെല്ലാം വിദഗ്ധര്‍ ഒരു പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. ഇതിന് 20:8:2 റെജീം എന്നാണ് പറയുക. അതായത്, ഇരുപതു മിനിറ്റ് നേരം ഇരുന്നു ജോലി ചെയ്‌താല്‍ എട്ടു മിനിറ്റ് എഴുന്നേറ്റു നില്‍ക്കാം. പിന്നെ രണ്ടു മിനിറ്റ് നടക്കുക. ഇതാണ് പെര്‍ഫെക്റ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും നല്ലത്. നിന്നാലും ഇരുന്നാലും ശരീരത്തിനു വ്യായാമം ലഭിക്കുക എന്നതു തന്നെയാണ് പ്രധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA