പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാറുണ്ടോ? എത്രയൊക്കെ സ്നേഹത്തോടെ കഴിയുന്ന ദമ്പതികളായാലും ഇടയ്ക്കൊരു നിമിഷം പങ്കാളിയുടെ ഫോണ്‍ ഒന്നു പരിശോധിക്കുന്നവരാണ് അധികവും. മൊബൈല്‍ പാസ്‌വേര്‍ഡ് അറിയാമെങ്കില്‍ ഇമെയിലോ വാട്ട്‌സാപ്പോ ഒക്കെ ഒന്ന് പരിശോധിക്കാന്‍ തോന്നുക സ്വാഭാവികം. എന്നാല്‍ ഇതത്ര ശരിയായ ശീലമാണോ ?
പങ്കാളി സുഹൃത്തുക്കളുമായി നടത്തിയ ഒരു ചാറ്റ്, അല്ലെങ്കില്‍ അറിയാത്ത ഒരു നമ്പരിലേക്ക് പോയൊരു ഫോണ്‍കോള്‍ ഒക്കെയും സംശയത്തിന്റെ വിത്തുകള്‍ വിതറാന്‍ കാരണമായേക്കാം. എന്നാല്‍ ഇതാ പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില സംഗതികള്‍.
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് അവരുടെ ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കിയിട്ടുണ്ടെങ്കില്‍ കക്ഷി അറിയാതെയുള്ള ഈ നിരീക്ഷണം സത്യത്തില്‍ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന പോലെയാകാം അവര്‍ക്ക് അനുഭവപ്പെടുക. ചിലപ്പോള്‍ തമാശയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഇതൊരുപക്ഷേ നിങ്ങളുടെ ബന്ധത്തെ തന്നെ ബാധിച്ചേക്കാം. നിങ്ങളുടെ വ്യക്തിത്വത്തെ തന്നെയിത് ചോദ്യം ചെയ്യാന്‍ കാരണമായേക്കാം.
മാത്രമല്ല പങ്കാളികള്‍ക്ക് ചിലപ്പോള്‍ ഈ സ്വഭാവം വല്ലാതെ അരോചകമാകാനും കാരണമാകും. സംശയം ജനിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തിയെന്നു കരുതുക അത് നിങ്ങളുടെ പങ്കാളിയുമായി തുറന്നു സംസാരിക്കുന്നത് തന്നെയാണു നല്ലത്. അവര്‍ക്കു പറയാനുള്ളതു കൂടി കേട്ടശേഷമാകാം ഒരു നിഗമനത്തിലെത്തുന്നത്. പങ്കാളിയെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ചു കാടുകയറുന്നതിനു മുന്‍പുതന്നെ ദമ്പതികള്‍ തമ്മില്‍ സംസാരിച്ചു തെറ്റിധാരണകള്‍ മാറ്റാന്‍ ശ്രമിക്കുക.