എന്താ, മെയ്ക്കോവർ ചെയ്യുന്ന സാധാരണക്കാരെ നിങ്ങൾക്കിഷ്ടല്ല?

makeover
SHARE

‘എന്താ, മെയ്ക്കോവർ ചെയ്യുന്ന സാധാരണക്കാരെ നിങ്ങൾക്കിഷ്ടല്ല??? ഡോണ്ട് യൂ ലൈക്ക് അസ്?’ ചിരിച്ചു കൊണ്ട് ഇങ്ങനെ ഉറക്കെ ചോദിക്കുന്നു കുറച്ചു സാധാരണക്കാരികൾ. കൊച്ചിയിലെ മേക്കപ് ആർടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ ജെസീന കടവിൽ ആണു വേറിട്ട മെയ്ക്കോവറിനു പിന്നിൽ. 

 എറണാകുളം ജില്ലയിലെ മള്ളൂശേരി സ്വദേശിയും പാചകക്കാരിയുമായ ലത രാജീവ്, പുരാരേഖ വകുപ്പിലെ ഉദ്യോഗസ്ഥയും കലൂർ സ്വദേശിയുമായ അഞ്ജു രാജശേഖരൻ, കൊടുങ്ങല്ലൂർ സ്വദേശിനിയും നർത്തകിയുമായ രേവതി ജയകൃഷ്ണൻ  എന്നിവർ വേഷത്തിലും ഭാവത്തിലും മാറ്റങ്ങളോടെ ക്യാമറയ്ക്കു മുന്നിലെത്തുന്നത് ആദ്യം. ഒപ്പം, ഗായികയും നടിയുമായ രശ്മി സതീശും. 

സാധാരണക്കാരുടെ മെയ്ക്കോവർ എന്ന പേരിൽ ഫോട്ടോയും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായതിന്റെ സന്തോഷത്തിലാണ് ഇവർ.  

 അഴകിന്റെ പുതിയ വഴി

‘ലെറ്റ്സ് ബ്രേക്ക് ദ് റൂൾ ഓഫ് ബ്യൂട്ടി’ – സൗന്ദര്യനിയമങ്ങൾ മാറ്റിയെഴുതാം ; എന്ന പേരിൽ ജെസീന നടത്തിയ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയത് ഇവർ. 

 കലൂരിലെ റസ്റ്ററന്റിലെ പാചകക്കാരിയായിരുന്നു ലത. പ്രായം 38. സ്കൂളിൽ പോലും  സ്റ്റേജിൽ കയറാത്ത അഞ്ജു രാജശേഖരൻ(36).  

മോഡലാകാൻ വിളിച്ചപ്പോൾ രണ്ടുേപരും ചിരിയോടു ചിരി,  ഒപ്പം ഒരു ചോദ്യവും. ഞങ്ങളോ? ഇതെങ്ങനെ ശരിയാകും?. എന്നാൽ ജെസീന ഇരുവരെയും നിർബന്ധിച്ചുക്കൊണ്ടേയിരുന്നു. ഒടുവിലവർ സമ്മതം മൂളി. 

കുട്ടിക്കാലത്തു ചെയ്ത  ടിവി ആങ്കറിങ്ങിന്റെയും പിന്നെ, നൃത്തത്തിന്റെയും പിൻബലത്തിലാണു രേവതി (26)എത്തിയത്. എങ്കിലും ടെൻഷനുണ്ടായിരുന്നു. ഗായികയും നടിയുമായ രശ്മി സതീഷ് (34) രണ്ടാം തവണയാണു ജെസീനയുടെ മെയ്ക്കോവർ ഫോട്ടോഷൂട്ടിനെത്തുന്നത്. 

ഒരു ദിവസത്തെ ഗ്രൂമിങ് കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും പേടി പമ്പ കടന്നു. 

സൗന്ദര്യത്തിനും മെയ്ക്കോവറിനും പുതിയ നിർവചനം നൽകിയ ജെസീനയ്ക്കു ലഭിച്ചതു മോഡലിങ് ലോകത്തിന്റെ വമ്പൻ ലൈക്ക്. സാധാരണ മുഖങ്ങളെ അസാധാരണ സൗന്ദര്യത്തോടെ അവതരിപ്പിക്കുകയായിരുന്നു ജെസീനയുടെ ഉദേശ്യം. 

 ഇതു സാധാരണ സന്തോഷമല്ല !

കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെ എല്ലാ പ്രായത്തിലുള്ളവരെയും മെയ്ക്കോവർ ചെയ്തിട്ടുണ്ടു ജെസീന. ചുറ്റുമുള്ളവരിൽ നിന്നു ചിലരെ കണ്ടെത്തി സ്വന്തം ചെലവിലാണ് മെയ്ക്കോവറും ഫോട്ടോഷൂട്ടുമൊക്കെ. 

നടൻ അരിസ്റ്റോ സുരേഷിനു നൽകിയ മെയ്ക്കോവറാണ് ആദ്യത്തേത്. അതിനു ലഭിച്ചതു വൻ സ്വീകാര്യത. പിന്നീട് ഇലക്ട്രീഷ്യൻ സുദർശൻ, വീട്ടമ്മ സുഫൈറ, ഹോട്ടലിലെ ഹൗസ് കീപ്പറായ സൂര്യ, വിദ്യാർഥി വിഷ്ണു രാജ്, രശ്മി എന്നിവരുടെ മെയ്ക്കോവർ.

ഫോട്ടോ ഷൂട്ട് വഴി വിഷ്ണു രാജിനു കന്നഡ സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. മെയ്ക്കോവറിലൂടെ സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാകുമ്പോൾ ലഭിക്കുന്നത് അസാധാരണ സന്തോഷമാണെന്നതാണു ജെസീനയുടെ തിയറി.  ഈ സന്തോഷവും അവരുടെ ചിരിയുമൊക്കെയാണു പണത്തെക്കാളും അവാർഡിനെക്കാളും വലിയ അംഗീകാരമെന്നും ജെസീന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA