സൈക്കിളിനെ സ്നേഹിച്ചോളൂ; ഗുണങ്ങൾ ഏറെ

ഒറ്റ സ്ട്രെച്ചിൽ 3 മണിക്കൂർ വരെ സൈക്കിൾ ചവിട്ടും ബോളിവുഡിന്റെ ഫിറ്റ്‌നസ് മാൻ സൽമാൻ ഖാൻ. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഹോളിവുഡ് താരം ബ്രാഡ്‌പിറ്റ്, ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ജോൺ ഏബ്രഹാം, സൊനാക്ഷി സിൻഹ, ബിപാഷ ബസു തുടങ്ങി പലരുടെയും ഫിറ്റ്നസ് മന്ത്ര സൈക്കിളാണ്. 

ഭാരം കുറയ്ക്കാം
ശരീരത്തിനു മുഴുവനും പ്രയോജനം ലഭിക്കുന്ന വ്യായാമമാണ് സൈക്ലിങ്. അമിതവണ്ണം കുറയും. ഹൃദയം, കാലിന്റെ മസിലുകൾ, വയർ, അരക്കെട്ട് എന്നിവയുടെ ആരോഗ്യം ഉറപ്പാക്കും. 

വേഗതയും ചവിട്ടുന്ന ആളുടെ ഭാരവും അനുസരിച്ച്,  ഒരു മണിക്കൂറിൽ ഏകദേശം 400 മുതൽ 1000 കാലറി വരെ എരിച്ചു കളയാൻ സഹായിക്കും. 60 കിലോയുള്ള ഒരാൾ ഒരു മണിക്കൂർ നടന്നാൽ ഏകദേശം 200 കാലറിയേ കുറയൂ.

മനസ്സുഖം
ഹാപ്പി ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങൾ ഒഴിവാക്കാനും സൈക്ലിങ് സഹായിക്കും.

സൗന്ദര്യം
അത്യധ്വാനമൊന്നും ഇല്ലാതെ തന്നെ മസിലുകൾ ദൃഢമാക്കാൻ പറ്റിയ വ്യായാമം. ഇതോടെ കാലുകളിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി ഉണ്ടാകുകയും ചെയ്യും. വിയർക്കുന്നതു ചെറിയ ഫേഷ്യലിന്റെ ഗുണം ചെയ്യുമെന്നാണു ഡോക്‌ടർമാർ പറയുന്നത്. രക്‌തയോട്ടം കൂടുമ്പോൾ കൂടുതൽ പോഷകങ്ങൾ ചർമോപരിതലത്തിൽ എത്തും, കോശങ്ങൾ കൂടുതൽ ഊർജസ്വലമാകും. ഇതു ചർമത്തിനു തിളക്കവും യുവത്വവും നൽകും. ചർമ സൗന്ദര്യത്തിലെ പ്രധാന ഘടകമായ കൊളാജന്റെ ഉൽപാദനം പ്രായം കൂടുന്തോറും കുറയും. ഇതു തടയാനും സൈക്ലിങ് മികച്ച വഴി.

ഹൃദയം
ഹൃദയം പൊന്നുപോലെ സൂക്ഷിക്കാൻ പറ്റിയ വ്യായാമം. സൈക്കിൾ ചവിട്ടുമ്പോൾ ശ്വാസോച്ഛ്വാസം കൂടുകയും കൂടുതൽ ഓക്‌സിജൻ ശരീരത്തിലെത്തുകയും ഹൃദയത്തിലേക്കുള്ള രക്‌തപ്രവാഹം വർധിക്കുകയും ചെയ്യും. ഇതു ഹൃദയാഘാത സാധ്യത കുറയ്‌ക്കും. കൂടുതൽ ഓക്സിജൻ ലഭിക്കുന്നതു ശ്വാസകോശത്തിന്റെയും പ്രവർത്തനക്ഷമത കൂട്ടും.

പ്രായം പ്രശ്‌നമേയല്ല
ലോകത്തിലെ ഏറ്റവും പ്രായമേറിയ സൈക്ലിസ്‌റ്റായ റോബർട്ട് മർച്ചന്റ് എന്ന ഫ്രഞ്ചുകാരന് വയസ്സ് 107!  സൈക്ലിങ് ടൂർണമെന്റുകളിൽ റെക്കോർഡുകൾ തകർക്കുകയാണ് അപ്പൂപ്പന്റെ പ്രധാന ഹോബി. 50 വയസ്സിനു മുകളിലുള്ളവർക്കു ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച വ്യായാമമാണു സൈക്ലിങ്. സൈക്കിൾ ചവിട്ടുന്ന 55–79 വയസ്സുകാരിലെ രോഗപ്രതിരോധ ശേഷി 20 വയസ്സുകാരുടേതിനു തുല്യമാണെന്നാണ് ഏജിങ് സെൽ എന്ന ജേണലിന്റെ പഠന റിപ്പോർട്ട്.  

കാശു മുടക്കില്ല
പെട്രോൾ, ഡീസൽ വില കൂടുമ്പോൾ പോക്കറ്റ് കീറാതിരിക്കാനും ജിമ്മിൽ കൊടുക്കുന്ന കാശു ലാഭിച്ച് ആരോഗ്യം സംരക്ഷിക്കാനും ഇത്രയും ലളിതമായ വഴി വേറെയില്ല.