കെ.ജി.വിജയരാജൻ (86) സൈക്കിൾ സഞ്ചാരിയായിട്ട് 73 കൊല്ലം. അച്ഛൻ കൊച്ചുഗോവിന്ദൻ ആശാനിൽ നിന്നു 13ാം വയസ്സിൽ കൈമാറിക്കിട്ടിയ സൈക്കിൾ. അതും ഇംഗ്ലണ്ടിൽ നിന്നു വന്ന റാലി മോഡൽ സൈക്കിൾ. 86–ാം വയസ്സിലും വിജയരാജന്റെ എനർജി സീക്രട്ട് ഈ സൈക്കിൾതന്നെ.
കൊല്ലത്തെ വലിയ വ്യവസായി കുടുംബങ്ങളായിരുന്നു കായിക്കരയും അഞ്ചരണ്ടിലും. കായിക്കരക്കാർ പായ്ക്കപ്പലിൽ എത്തിച്ച സൈക്കിൾ അഞ്ചരണ്ടിലെ ഇ.സി.ഗോവിന്ദൻ ആശാന്റെ മക്കൾക്കു സമ്മാനിക്കുകയായിരുന്നു. ഗോവിന്ദനാശാൻ പിന്നീട് ആ സൈക്കിൾ ഭാര്യാസഹോദരൻ കൊച്ചുഗോവിന്ദനാശാനു കൊടുത്തു. കൊച്ചുഗോവിന്ദൻ മകൻ വിജയരാജനും. അന്നുതൊട്ടു വിജയരാജന്റെ യാത്രകളെല്ലാം സൈക്കിളിൽ. ജോലിക്കു പോയതും മക്കളെ സ്കൂളിൽ വിട്ടതും ശിവഗിരി തീർഥാടനം നടത്തിയതും കൃഷി നോക്കാൻ പോയതുമെല്ലാം ഇതിൽത്തന്നെ. ഇപ്പോൾ ഇടയ്ക്കു കൊച്ചുമകനും ചവിട്ടും. നാലു തലമുറയെ വഹിച്ച സൈക്കിൾ!
രണ്ടു തവണയേ അപകടമുണ്ടായിട്ടുള്ളു. വിജയരാജനു ചെറിയ പരുക്കേറ്റെങ്കിലും സൈക്കിൾ ഉഷാർ. ടയറും ട്യൂബും മാത്രമാണ് ഇതു വരെ മാറേണ്ടി വന്നത്. പണ്ട് ഓച്ചിറയിൽ പി.കേശവദേവിനെ കാണാൻ പോയപ്പോൾ ചിലർ സൈക്കിൾ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നു വിജയരാജൻ. പിന്നീടൊരിക്കൽ കൊല്ലം ബീച്ചിൽ നിന്ന് ആരോ എടുത്തുകൊണ്ടു പോയെങ്കിലും നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.
കൊല്ലം കലക്ടറേറ്റ് റവന്യു വിഭാഗത്തിൽ നിന്നു ഫെയർ കോപ്പി സൂപ്രണ്ടായാണു മുണ്ടയ്ക്കൽ അനസൂയത്തിൽ (കണ്ണവീട്) വിജയരാജൻ വിരമിച്ചത്. ഭാര്യ പരേതയായ കാദംബരി വൈക്കം സ്വദേശിനി. മകൻ വിമുക്തഭടനായ ബിജുവിനും ഭാര്യ സാഹിതയ്ക്കും ഒപ്പം വിശ്രമജീവിതത്തിലാണിപ്പോൾ വിജയരാജൻ. എങ്കിലും സൈക്കിൾ യാത്രയ്ക്കു വിശ്രമമില്ല. അതങ്ങനെ വിട്ടുകളയാനുള്ളതല്ലല്ലോ...