രാത്രിയിൽ പല്ലു തേയ്ക്കാറുണ്ടോ? എങ്കിൽ ഇതു കൂടി അറിഞ്ഞോളൂ

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ രാവിലെയും വൈകിട്ടും പല്ലുതേയ്ക്കണമെന്നു നമുക്കറിയാം. പല്ലുകളുടെ ശുചിത്വകാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കണമെന്നു ഡോക്ടർമാര്‍ നിഷ്കര്‍ഷിക്കാറുമുണ്ട്. 

രാവിലെ എഴുന്നേറ്റാലുടന്‍ പല്ലു തേയ്ക്കുന്നവരാണ് എല്ലാവരും. എന്നാല്‍ രാത്രിയില്‍ ഒരല്‍പം അലസതയുള്ളവരാണ് ഏറെയും. അങ്ങനെ ഒരു ദുശീലമുണ്ടെങ്കില്‍ ഇതൊന്നു വായിച്ചോളൂ.

രാത്രിയിൽ ആഹാരം കഴിച്ച ശേഷം പല്ലുകള്‍ വൃത്തിയാക്കാതെ ഉറങ്ങുമ്പോള്‍ നിങ്ങൾ തന്നെ വായ ബാക്ടീരിയകളുടെ വിളനിലമാക്കുകയാണ്. ഈ ബാക്ടീരിയകളാണ് പല്ലില്‍ കേടുകള്‍ ഉണ്ടാക്കുന്നത്‌. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുത്തി എളുപ്പത്തില്‍ കേടുകള്‍ ഉണ്ടാക്കാന്‍ ഇവയ്ക്കു കഴിയും. 

പല്ലുകള്‍ വൃത്തിയാക്കാതെ ഉറങ്ങുമ്പോള്‍ പല്ലുകളില്‍ പ്ലേക് അടിയുകയും ഇത് കട്ടിയേറിയ പ്രതലമായി രൂപപ്പെടുകയും ചെയ്യും. ഇത് പിന്നീട് ബ്രഷ് ചെയ്‌താല്‍ പോലും പോകാത്ത രീതിയിലാകും. ഈ പ്ലേക് തന്നെയാണ് വായ്‌നാറ്റത്തിനും കാരണമാകുന്നത്. കൂടാതെ മോണകളില്‍ അണുബാധ, മോണവീക്കം, മോണയില്‍നിന്നു രക്തംവരിക എന്നീ അസ്വസ്ഥതകളുമുണ്ടാക്കും.

രാത്രി കുറഞ്ഞത്‌ അഞ്ചോ ആറോ മണിക്കൂര്‍ നേരം നമ്മള്‍ ഉറക്കത്തിലാണ്. ഈ സമയം പല്ലുകളില്‍ അണുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ അവയ്ക്ക് അവിടെ സ്വൈരവിഹാരത്തിന് സാധ്യമാകും. അവ അവിടെ പെറ്റുപെരുകും. അതിനാല്‍ രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് പല്ലുകള്‍ തേയ്ക്കേണ്ടതു പ്രധാനമാണ്. 

നമ്മുടെ വായ്ക്കുള്ളില്‍ എപ്പോഴും ആസിഡ് സാന്നിധ്യമുണ്ട്. തുപ്പലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, ആസിഡ് പ്രവര്‍ത്തനത്തെ കുറയ്ക്കും. രാത്രിസമയത്ത് തുപ്പല്‍ ഉല്‍പാദനം കുറവാണ്. അതുകൊണ്ടുതന്നെ ആസിഡ് പ്രവര്‍ത്തനം കൂടുകയും ചെയ്യും. രാത്രി ബ്രഷ് ചെയ്യുമ്പോള്‍ ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്ലൂറയ്ഡ് ഇതിനു ബദലായി പ്രവര്‍ത്തിക്കും. അണുക്കള്‍ പെരുകുന്നത് തടയാന്‍ രാത്രിനേരത്ത് പല്ലുകള്‍ ശുചിയാക്കുന്നത് സഹായിക്കും. പല്ലുകള്‍ക്കിടയില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണപദാര്‍ഥങ്ങൾ നീക്കം ചെയ്യാന്‍ നന്നായി ബ്രഷ് ചെയ്യുക എന്നതാണ് പ്രധാനം.