പത്തില്‍ പഠിക്കുന്ന മകൾ മോഡൽ പരീക്ഷയടുത്തപ്പോൾ പാഠപുസ്തകം തുറക്കുന്നതേയില്ല. നന്നായി പഠിക്കുന്ന കുട്ടിയാണ്. പുസ്തകം തുറക്കുമ്പോൾ പഠിക്കാൻ ബാക്കിയുള്ള ഭാഗങ്ങൾ കാണും. അതു കാണുമ്പോൾ ടെൻഷനുണ്ടാകുന്നെന്നു പറയുന്നു. വയറുവേദന അനുഭവപ്പെടുന്നുവെന്നും പറയുന്നു. പുസ്തകം തുറക്കാതിരുന്നാൽ ഇവൾ പരീക്ഷയിൽ തോറ്റുപോകില്ലേ? അതുകൊണ്ടു ഞങ്ങൾ ശാസിച്ചു നോക്കി ഒരു ഫലവുമില്ല. എന്താണു പരിഹാരം?
∙പരീക്ഷാക്കാലം പല കുട്ടികൾക്കും ആധിയുടെ കാലമാണ്.
∙പാഠപുസ്തകമോ നോട്ട് ബുക്കോ തുറക്കുമ്പോൾ ഈ പെൺകുട്ടിയുടെ കണ്ണു പോകുന്നതു പഠിച്ചു തീർക്കേണ്ട ഭാഗങ്ങളിലേക്കാണ്.
∙നല്ല മാർക്കു വാങ്ങുന്നുണ്ടെന്നും കാര്യങ്ങൾ നന്നായി അറിയാമെന്നുമുള്ള വിശ്വാസം അതോടെ ചോർന്നു പോകുന്നു.
∙പുസ്തകം തുറക്കാത്തതിന് ഇവളെ ശാസിച്ചതുകൊണ്ടു പ്രയോജനമില്ല. അത് ഉദാസീനത മൂലമല്ല. ഭയം മൂലമാണ്. മനസ്സു ശാന്തമായിക്കഴിയുമ്പോൾ അവൾക്ക് അറിയാവുന്ന കാര്യങ്ങൾ ഓർമിപ്പിക്കാം. പല പരീക്ഷകളിലും നന്നായി ചെയ്തതു ചൂണ്ടിക്കാണിക്കാം. ആത്മവിശ്വാസം ഉണർന്നു വരട്ടെ.
∙പരീക്ഷയ്ക്ക് ഇനി രണ്ടു മാസമേയുള്ളൂവെന്നു പറഞ്ഞു കുട്ടിയെ പേടിപ്പെടുത്തരുത്. ഉത്കണ്ഠയെ സാവകാശം അതിജീവിക്കുവാനുള്ള സാഹചര്യമൊരുക്കണം.
∙പൊതുപരീക്ഷയ്ക്കു മുൻപു മാതൃകാ പരീക്ഷയുണ്ടല്ലോ. പരീക്ഷാ കേന്ദ്രത്തിലെ ആധിയെ മറികടക്കാനുള്ള അവസരമായി മോഡൽ എക്സാമിനേഷനെ പ്രയോജനപ്പെടുത്താം. മാതാപിതാക്കളും അധ്യാപകരും അതിനു സഹായകമായ നിലപാടു സ്വീകരിക്കണം.
∙മോഡൽ പരീക്ഷകളിലെ കുറഞ്ഞമാർക്ക് കാട്ടി കണ്ണുരുട്ടി പേടിപ്പിക്കരുത്. നല്ലതു ചൂണ്ടിക്കാട്ടി ധൈര്യം പകരണം.