ചർമം സുന്ദരമാക്കണോ? കഴിക്കാം മഞ്ഞ നിറത്തിലുള്ള ഈ പഴങ്ങൾ

മഞ്ഞ സന്തോഷത്തിന്റെ നിറമാണ്. നല്ല തെളിച്ചമുള്ള ഈ നിറത്തിലുള്ള പഴങ്ങളും നമ്മളെ സന്തോഷമുള്ളവരും ഉന്മേഷവാന്മാരുമാക്കും. മഞ്ഞനിറത്തിലുള്ള പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മഞ്ഞനിറത്തിലുള്ള പഴങ്ങളിലെല്ലാം ആന്റി ഓകസിഡന്റുകളും ജീവകം സിയും ധാരാളമുണ്ട്. ഇതു കൂടാതെ ഇവയിൽ ഫ്ലേവനോയ്ഡുകൾ, ലൈക്കോപീൻ, പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ ഇവയും ഉണ്ട്. ഈ പോഷകങ്ങളെല്ലാം എല്ലുകൾ, പല്ലുകൾ, ചർമം ഇവയെ ആരോഗ്യമുള്ളതാക്കുന്നു. ഹൃദയാരോഗ്യം, ദഹനവ്യവസ്ഥ, രോഗപ്രതിരോധ സംവിധാനം ഇവ മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കുന്നു. നാരങ്ങ, അത്തിപ്പഴം, മാങ്ങ, പൈനാപ്പിൾ, മഞ്ഞ പയർ, കാന്റലോപ്പ്, വാഴപ്പഴം, ആപ്രിക്കോട്ട്, പീച്ച്, പപ്പായ ഇവയെല്ലാം മഞ്ഞനിറപ്പഴങ്ങളാണ്.മഞ്ഞനിറത്തിലുള്ള പഴങ്ങൾ നൽകുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്നറിയാം. ഈ പഴങ്ങളിലെ ജീവകം സി കൊളാജൻ നിർമിക്കാനും സഹായിക്കും. ഇത് ചർമത്തിന്റെ ഇലാസ്റ്റികത നിലനിർത്തുന്നതോടൊപ്പം ചെറുപ്പമായി തോന്നിക്കുകയും ചെയ്യും.

∙എല്ലുകളെയും സന്ധികളെയും ആരോഗ്യത്തോടെ നിലനിർത്താൻ ജീവകം സി സഹായിക്കും. 

∙മഞ്ഞനിറത്തിലുള്ള പഴങ്ങളിൽ ജീവകം എ ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. പ്രായമാകുമ്പോൾ കണ്ണുകൾക്കുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

∙മഞ്ഞനിറപ്പഴങ്ങളിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡി ക്കലുകൾക്കെതിരെ പൊരുതുകയും പ്രോസ്റ്റേറ്റ് അർബുദം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. 

∙ ഈ പഴങ്ങളെല്ലാം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇവ കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദവും കുറയ്ക്കുന്നു. കൂടാതെ ശരീരത്തിന്റെ ആരോഗ്യകരമായ PH നിലനിർത്തുകയും ചെയ്യുന്നു.

∙ഈ പഴങ്ങളിലെ പോഷകങ്ങൾ രോഗവിമുക്തി വേഗത്തിലാക്കാൻ സഹായിക്കുന്നു. ഒപ്പം എല്ലുകൾക്കുണ്ടാകുന്ന പൊട്ടലുകളും വേഗം സുഖപ്പെടാൻ സഹായിക്കുന്നു. 

∙മഞ്ഞപ്പഴങ്ങളിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനം സുഗമമാക്കുന്നു. കൊളസ്ട്രോൾ ഉണ്ടാകുന്നതിനെ കുറയ്ക്കുന്നു. ഹൃദയാരോഗ്യം ഏകുന്നു.