നാലാൾ കൂടുന്നിടത്തുവച്ചായിരിക്കും കൈ അറിയാതെ തലയിലേക്കു നീങ്ങുന്നത്. അസഹ്യമായ ചൊറിച്ചിൽ, കാരണമോ താരനും. മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. മുടി കൊഴിച്ചിലിനും ഇതു കാരണമാകും. തലയിൽ ചൊറിച്ചിലും തലയോട്ടിയിൽ പറ്റിപ്പിടിച്ച വെളുത്ത പൊടികളും കാണുമ്പോഴാണ് താരൻ ഉണ്ടെന്ന് അറിയുന്നത്. തലയോട്ടിയിലെ ചർമത്തെ ബാധിക്കുന്ന ഫംഗൽ ഇൻഫെക്‌ഷനാണിത്. താരൻ അകറ്റാൻ ഷാംപൂകൾ ലഭ്യമാണ്. ചികിൽസയും തേടാം.
ഫംഗൽ ഇൻഫെക്‌ഷനാണ് താരൻ വരാൻ കാരണമെങ്കിലും തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാം മൂലവും താരൻ വരാം.
താരൻ പൂർണമായും അകറ്റാൻ വീട്ടിൽ ലഭ്യമായ ചില വസ്തുക്കള്‍ സഹായിക്കും. കുറച്ചു സമയം ചെലവിട്ടാൽ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാം. ഏതൊക്കെയാണ് ആ വീട്ടു നുറുങ്ങുകൾ എന്നു നോക്കാം.
1. വെളിച്ചെണ്ണ : വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കും. ആദ്യം ഷാംപൂ തേച്ച് തല കഴുകുക. കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക.
2. ചെറുനാരങ്ങ : ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന മോയ്സ്ചറൈസർ ആണ്. ബ്ലാക്ക് ഹെഡുകൾ നീക്കം ചെയ്യുന്നതു മുതൽ പല്ല് വെളുപ്പിക്കുന്നതുവരെ നാരങ്ങയുടെ ഗുണങ്ങൾ നീളുന്നു. താരൻ അകറ്റാനും നാരങ്ങ സഹായിക്കും. നാരങ്ങനീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യുക.
3. വെളുത്തുള്ളി: വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പലർക്കും ഇഷ്ടമല്ല. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ ആർക്കും തള്ളിക്കളയാനുമാവില്ല. താരൻ അകറ്റാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ചതച്ച് തലയിൽ തേക്കുക.ഇതിനൊപ്പം അൽപം തേൻ കൂടി ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റും.
4. ഉപ്പ് : കുറച്ച് ഉപ്പ് തലയോട്ടിയിൽ തിരുമ്മുക. ശേഷം ഷാംപൂ തേച്ച് കഴുകാം.
5. കറ്റാർവാഴ : മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദം. കറ്റാർവാഴയുടെ പൾപ്പ് തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്.
6. ആര്യവേപ്പ് : മിക്ക ത്വക് രോഗങ്ങൾക്കും പ്രതിവിധിയാണ് ആര്യവേപ്പില. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ആര്യ വേപ്പിന്റെ ഇല അരച്ച് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നല്ലതാണ്. പത്തുമിനിറ്റിനു ശേഷം കഴുകിക്കളയാം.
7. ബേക്കിങ്ങ് സോഡ : ബേക്കിങ്ങ് സോഡ തലയോട്ടിയിൽ അധികമുള്ള സെബം നീക്കം ചെയ്യാൻ സഹായിക്കും. താരനു കാരണമാകുന്ന ഫംഗൽ ഇൻഫ്ലമേഷൻ മാറാനുള്ള നാച്വറൽ ആന്റിസെപ്റ്റിക് ആണ് ബേക്കിങ്ങ് സോഡ. ഇതിൽ 2 ടീസ്പൂൺ ആപ്പിൾസിഡർ വിനഗർ ചേർക്കുക. ഇത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്യുക ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.
8. മൗത്ത് വാഷ് : മൗത്ത് വാഷിന് ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ താരനു കാരണമാകുന്ന ഫംഗസുകളെ ആക്രമിക്കും. മൗത്ത് വാഷ് തലയിൽ തേച്ച് കുറച്ചു സമയം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
9. ആസ്പിരിൻ : താരന്‍ അകറ്റാൻ സഹായിക്കുന്ന മിക്ക ഷാംപൂകളിലും അടങ്ങിയ സാലിസിലിക് ആസിഡ് ആസ്പിരിൻ ഗുളികയിൽ ഉണ്ട്. രണ്ട് ആസ്പിരിൻ ഗുളിക നന്നായി പൊടിക്കുക. ഈ പൊടി ഷാംപൂവിൽ ചേർത്ത് തലയില്‍ പുരട്ടി നിൽക്കണം. തുടർന്ന് ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
10. ഒലിവ് ഓയിൽ : ഒലിവ് ഓയിൽ പതിവായി തലയിൽ തേക്കുന്നത് തലമുടിക്ക് ആരോഗ്യമേകും. ഒലിവ് ഓയിലിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഓക്സിഡേറ്റീവ് ഡാമേജ് കുറയ്ക്കും. രാത്രി മുടിയിൽ ഒലിവ് ഓയിൽ തേച്ച് രാവിലെ കഴുകിക്കളയണം. താരൻ അകറ്റാൻ പത്തു തുള്ളി ഒലിവ് ഓയിൽ എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. ഒരു ക്യാപ്പ് ഉപയോഗിച്ച് മുടി കവർ ചെയ്യുക. രാവിലെ മുടി കഴുകാം.
ഇവയൊക്കെ ചെയ്യുന്നതോടൊപ്പം താരൻ വരാതിരിക്കാൻ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. മറ്റുള്ളവർ ഉപയോഗിച്ച ചീപ്പ് ഉപയോഗിക്കാതിരിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കരുത്. സ്ട്രെസ് അകറ്റുക. ഒപ്പം ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആരോഗ്യമുള്ള തലമുടിക്ക് ആരോഗ്യ ഭക്ഷണങ്ങളും മാനസികാരോഗ്യവും പ്രധാനമാണ്.