ADVERTISEMENT

പണ്ടൊക്കെ എല്ലാ വീടുകളിലും ചെമ്പ് പാത്രങ്ങൾ സാധാരണമായിരുന്നു. പണ്ടത്തെ തലമുറയുടെ ആരോഗ്യശീലങ്ങൾ മനസിലാക്കി കുറെയൊക്കെ നമ്മളും മാറുന്നു എന്നത് ആശ്വാസകരമാണ്. അത്തരത്തിലൊന്നാണ് പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറയ്ക്കുന്നതിൽ നിന്നും സ്റ്റീൽ കുപ്പികളിലേക്കുള്ള മാറ്റം. എന്നാൽ വെള്ളം സൂക്ഷിച്ചു വയ്ക്കാൻ ഏറ്റവും നല്ലത് ചെമ്പുപാത്രങ്ങളാണ്. ത്രിദോഷങ്ങളെയും (വാതം, പിത്തം, കഫം) നിയന്ത്രിക്കാനുള്ള കഴിവ് ചെമ്പിനുണ്ട് എന്നാണ് ആയുർവേദം പറയുന്നത്.

ചെമ്പിന് ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ്, ആന്റി കാർസിനോജനിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ചെമ്പുപാത്രത്തിൽ എട്ടുമണിക്കൂറെങ്കിലും സൂക്ഷിച്ചശേഷം വേണം വെള്ളം കുടിക്കാൻ. ചെമ്പ് വെള്ളത്തിലേക്ക് അരിച്ചിറങ്ങുകയും (ഒലിഗോഡൈനാമിക് എഫക്ട് എന്നാണ് ഈ പ്രക്രിയയ്ക്ക് പേര്) ഈ വെള്ളം കുടിക്കുമ്പോൾ ചെമ്പിന്റെ ആരോഗ്യഗുണങ്ങൾ ലഭിക്കുകയും ചെയ്യും.

എന്തൊക്കെ ഗുണങ്ങളാണ് ചെമ്പുപാത്രത്തിലെ വെള്ളം കുടിച്ചാല്‍ ലഭിക്കുന്നതെന്നോ.

∙ ദഹനം സുഗമമാക്കുന്നു. ഉപദ്രവകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നു. ഉദരത്തെ ആരോഗ്യമുള്ളതാക്കുന്നു. രാവിലെ വെറും വയറ്റിൽ ഒരു വലിയ ഗ്ലാസ്സ് വെള്ളം ചെമ്പുപാത്രത്തിൽ ശേഖരിച്ചത് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

∙ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കുന്നത് ദഹനേന്ദ്രിയവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ കൊഴുപ്പിനെ വിഘടിപ്പിക്കാനും ശരീരത്തിൽ നിന്നു നീക്കം ചെയ്യാനും കോപ്പറിനു കഴിയും.

∙ മുറിവ് വേഗം ഉണക്കുന്നു. ബാക്ടീരിയയെയും വൈറസിനെയും പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും ചെമ്പിന് കഴിവുണ്ട്. കൂടാതെ രോഗപ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തുന്നു. പുതിയ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ശരീരത്തിനുള്ളിലെയും പ്രത്യേകിച്ച് ഉദരത്തിലെ മുറിവുകൾ ഉണക്കാനും ചെമ്പ് സഹായിക്കും.

∙ ജരാനര അകറ്റുന്നു. മുഖത്തും കഴുത്തിലുമെല്ലാം ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നത് പ്രായമാകലിന്റെ ലക്ഷണമാണ്. എന്നാൽ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള ചെമ്പ് രക്ഷയ്ക്കെത്തും. ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. പുതിയ ആരോഗ്യമുള്ള കോശങ്ങളുടെ നിർമിതിയിൽ സഹായിക്കുന്നു. പഴയ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. അങ്ങനെ പ്രായമാകൽ സാവധാനത്തിലാക്കുന്നു.

∙ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്താതിമർദം കുറയ്ക്കുന്നു. ചെമ്പിന് രക്തസമ്മർദം കുറയ്ക്കാൻ കഴിവുണ്ടെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞു. കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാനും ഇതിനു കഴിയും. പ്ലേക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസമില്ലാതെയാക്കുകയും ചെയ്യും.

∙ കാൻസറിനെ പ്രതിരോധിക്കുന്നു. ചെമ്പിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ചെമ്പിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഫ്രീറാഡിക്കലുകളോട് പൊരുതുകയും അവ കാൻസറിനു കാരണമായേക്കാവുന്ന ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

∙ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇ കോളി, എസ് ഔറിയസ് മുതലായ ബാക്ടീരിയകളെ നശിപ്പിക്കാൻ ചെമ്പിന് കഴിവുണ്ട്. ജലജന്യരോഗങ്ങളായ അതിസാരം, വയറുകടി, മഞ്ഞപ്പിത്തം മുതലായവയെ തടയുന്നു. ചെമ്പുപാത്രത്തിൽ നിറച്ചു സൂക്ഷിച്ച വെള്ളം ആരോഗ്യകരവും ശുദ്ധവുമായിരിക്കും.

∙ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളിലൊന്നാണ് കോപ്പർ. കോപ്പറിന്റെ അഭാവം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കും. ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കുന്നത് അതുകൊണ്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് ഗുണകരമാണ്.

∙ സന്ധിവാതം തടയുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ചെമ്പ് സന്ധികളിലെ വീക്കവും റൂമാറ്റോയ്ഡ് ആർത്രൈറ്റിസും വരാനുള്ള സാധ്യത കുറയ്ക്കും. എല്ലുകളെ ശക്തിപ്പെടുത്താനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ചെമ്പിന് കഴിയും. ചെമ്പു പാത്രത്തിലെ വെള്ളം കുടിക്കുന്നത് സന്ധിവാതമുള്ളവരിൽ വേദന കുറയ്ക്കാനും സഹായിക്കും.

∙ വിളർച്ച തടയുന്നു. ഇരുമ്പിന്റെ ആഗിരണത്തിനു സഹായിക്കുന്നു. ഇരുമ്പിന്റെ അളവ് ഉയർന്ന് തന്നെയിരിക്കാൻ സഹായിക്കുന്നതോടൊപ്പം രക്തപ്രവാഹവും നിയന്ത്രിക്കുന്നു.

ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഈ വെള്ളം കുടിച്ചാല്‍ തന്നെ ആരോഗ്യഗുണങ്ങൾ ലഭിക്കും.

ശ്രദ്ധിക്കാൻ
നിങ്ങൾ ഉപയോഗിക്കുന്ന കുപ്പി / പാത്രം ചെമ്പ് തന്നെയല്ലേ എന്നുറപ്പുവരുത്തണം. ഉപയോഗിക്കും മുൻപ് നാരങ്ങയും വെള്ളവും ചേർത്ത് വൃത്തിയായി കഴുകണം. ഒരു രാത്രി വെള്ളം നിറച്ചുവച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com