സൈബർ ലോകത്ത് കൗമാരം വഴിതെറ്റുന്നോ? അമിത സ്വകാര്യതയുടെ പൂട്ടുപൊളിക്കാം: ഡോ. സോജൻ ആന്റണി
മകളുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റത്തിനു കാരണം തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അവളുടെ മൊബൈൽ സ്ക്രീനിലെ കാഴ്ചകളിലേക്കാണ്. ലൈംഗികതയുടെ അതിപ്രസരമുള്ള വിഡിയോകളും അപരിചിതരുമായുള്ള വഴിവിട്ട ചാറ്റിങ് ഹിസ്റ്ററിയും കണ്ട് ആ അച്ഛനമ്മമാർ തകർന്നു. മകളുടെ മുഖത്തടിച്ചാണ് അച്ഛൻ കലിയടക്കിയത്. മൊബൈൽ ഫോണും പിടിച്ചു വച്ചു. ആ പ്രതികരണം അവളിൽ നടുക്കമുണ്ടാക്കി.
മകളുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റത്തിനു കാരണം തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അവളുടെ മൊബൈൽ സ്ക്രീനിലെ കാഴ്ചകളിലേക്കാണ്. ലൈംഗികതയുടെ അതിപ്രസരമുള്ള വിഡിയോകളും അപരിചിതരുമായുള്ള വഴിവിട്ട ചാറ്റിങ് ഹിസ്റ്ററിയും കണ്ട് ആ അച്ഛനമ്മമാർ തകർന്നു. മകളുടെ മുഖത്തടിച്ചാണ് അച്ഛൻ കലിയടക്കിയത്. മൊബൈൽ ഫോണും പിടിച്ചു വച്ചു. ആ പ്രതികരണം അവളിൽ നടുക്കമുണ്ടാക്കി.
മകളുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റത്തിനു കാരണം തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അവളുടെ മൊബൈൽ സ്ക്രീനിലെ കാഴ്ചകളിലേക്കാണ്. ലൈംഗികതയുടെ അതിപ്രസരമുള്ള വിഡിയോകളും അപരിചിതരുമായുള്ള വഴിവിട്ട ചാറ്റിങ് ഹിസ്റ്ററിയും കണ്ട് ആ അച്ഛനമ്മമാർ തകർന്നു. മകളുടെ മുഖത്തടിച്ചാണ് അച്ഛൻ കലിയടക്കിയത്. മൊബൈൽ ഫോണും പിടിച്ചു വച്ചു. ആ പ്രതികരണം അവളിൽ നടുക്കമുണ്ടാക്കി.
ഓൺലൈൻ ക്ലാസുകൾ സജീവമായപ്പോൾ രക്ഷിതാക്കളുടെ ഉറക്കം കെടുത്തിയത് ഇന്റർനെറ്റിൽ കുട്ടികളെ കാത്തിരിക്കുന്ന ചതിവലകളെപ്പറ്റിയുള്ള ഭീതിയാണ്. ഗെയിമിങ് അഡിക്‌ഷൻ, നിയന്ത്രണമില്ലാത്ത ചാറ്റുകൾ, അവയിലൂടെ ചെന്നെത്തുന്ന അപക്വവും അപകടകരവുമായ ബന്ധങ്ങൾ, അവ വിലക്കിയാലോ വഴക്കു പറഞ്ഞാലോ അക്രമവാസന കാട്ടുന്ന, ജീവനൊടുക്കാൻപോലും തുനിയുന്ന ചില കുട്ടികൾ. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പല മാതാപിതാക്കളും കുഴങ്ങി. വീണ്ടുമൊരു മാനസികാരോഗ്യദിനമെത്തുമ്പോൾ, ഡിജിറ്റൽ ലോകത്തെ അപകടങ്ങളെക്കുറിച്ചും അതു കുട്ടികളിലുണ്ടാക്കുന്ന മാനസികപ്രശ്നങ്ങളെക്കുറിച്ചും അതിൽനിന്ന് അവരെ കരകറ്റാൻ രക്ഷിതാക്കൾ സ്വീകരിക്കേണ്ട പാരന്റിങ് രീതിയെക്കുറിച്ചും വിശദീകരിക്കുകയാണ് ബംഗളൂരു നിംഹാൻസ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. സോജൻ ആന്റണി.
∙ ലോക്ഡൗൺ കുട്ടികളുടെ മാനസികാരോ ഗ്യത്തെ ബാധിച്ചതെങ്ങനെയാണ്?
കോവിഡ്കാല ഓൺലൈൻ അധ്യാപനത്തിന്റെ ശരിക്കുള്ള ഇരകൾ പഠനവൈകല്യമുള്ള കുട്ടികളാണ്. എല്ലാ ക്ലാസുകളും ഓൺലൈൻ ആയപ്പോൾ കുട്ടികളുടെ പഠനവൈകല്യങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. പഠിപ്പിക്കുന്ന കാര്യം മനസ്സിലാകാതെ വരുമ്പോൾ കുട്ടികൾക്ക് വല്ലാത്ത വിരസത അനുഭവപ്പെടും. അത് പഠനത്തോടു തന്നെയുള്ള വിരക്തിക്കു കാരണമാകും. കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടായ ഗാർഹിക പീഡന വാർത്തകളും ഇതിനോടു ചേർത്തു പറയേണ്ടതാണ്. കുടുംബബന്ധങ്ങളിലെ തകർച്ച, മാതാപിതാക്കളുടെ അകൽച്ച തുടങ്ങിയ സാഹചര്യങ്ങളൊക്കെ കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. യാത്രകളുടെയും പൊതുചടങ്ങുകളുടെയും അഭാവവും കൂടിയായപ്പോൾ കുട്ടികൾക്ക് ഒന്നിച്ചു കൂടാനോ വിശേഷങ്ങൾ പങ്കുവയ്ക്കാനോ വിനോദങ്ങളിൽ ഏർപ്പെടാനോ ഉള്ള അവസരങ്ങളും കുറഞ്ഞു. ഇനിയെന്ത് എന്നു ചിന്തിച്ചിരുന്ന കുട്ടികൾക്കു മുന്നിലേക്കാണ് ഉപാധികളില്ലാത്ത വിനോദങ്ങളുടെ ലോകം സൈബറിടങ്ങൾ തുറന്നു വച്ചത്. അതിലെ ചതിക്കുഴികളെക്കുറിച്ച് ധാരണയില്ലാതെ കുട്ടികൾ ആ ലോകം പരിധികളില്ലാതെ ആസ്വദിക്കാൻ തുടങ്ങിയതും അവരുടെ മാനസികാരോഗ്യത്തെ കാര്യമായിത്തന്നെ ബാധിച്ചു...
∙ ഓൺലൈൻ ക്ലാസുകളും മറ്റും സജീവമായപ്പോൾ പല കുട്ടികൾക്കും സൈബറിടങ്ങളിൽ വലിയ സ്വാതന്ത്ര്യമാണു കിട്ടിയത്. അവരെ എങ്ങനെ കൈകാര്യം ചെയ്യണം?
18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അനുഭവകഥ പറഞ്ഞുകൊണ്ട് അതിനൊരുത്തരം നൽകാം. ഓൺലൈൻ ക്ലാസുകൾ സജീവമായപ്പോൾ എല്ലാ മാതാപിതാക്കളെയും പോലെ അവളുടെ അച്ഛനമ്മമാരും ഏറെ സന്തോഷത്തോടെ ഒരു മൊബൈൽഫോൺ സമ്മാനിച്ചു. മകൾ മിടുക്കിയായി പഠിക്കുന്നുണ്ടെന്നു കരുതിയ അവരുടെ ധാരണ തെറ്റിച്ചത് അവളുടെ അസ്വാഭാവികമായ പെരുമാറ്റമായിരുന്നു. നന്നായി ഉറങ്ങുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല, ദൈനംദിന കാര്യത്തിലൊന്നും തീരെ ശ്രദ്ധയില്ല. മകളുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റത്തിനു കാരണം തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അവളുടെ മൊബൈൽ സ്ക്രീനിലെ കാഴ്ചകളിലേക്കാണ്. ലൈംഗികതയുടെ അതിപ്രസരമുള്ള വിഡിയോകളും അപരിചിതരുമായുള്ള വഴിവിട്ട ചാറ്റിങ് ഹിസ്റ്ററിയും കണ്ട് ആ അച്ഛനമ്മമാർ തകർന്നു. മകളുടെ മുഖത്തടിച്ചാണ് അച്ഛൻ കലിയടക്കിയത്. മൊബൈൽ ഫോണും പിടിച്ചു വച്ചു. ആ പ്രതികരണം അവളിൽ നടുക്കമുണ്ടാക്കി. ആരോടും മിണ്ടാതെ, ഭക്ഷണം കഴിക്കാതെ, ഉറക്കമില്ലാതെ ദിവസങ്ങൾ കഴിച്ചുകൂട്ടിയ അവൾ രാത്രിയിൽ അലറി ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് മാതാപിതാക്കൾ അവളെ കൗൺസിലിങ്ങിന് കൊണ്ടുപോയത്. ആ സംഭവത്തിനുശേഷം മാതാപിതാക്കൾ അവളെ നിരന്തരം ഉപദേശിക്കുമായിരുന്നു. ചിലപ്പോൾ ദേഷ്യപ്പെട്ടും മറ്റു ചിലപ്പോൾ ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുമൊക്കെ അവർ ഉപദേശം തുടർന്നു. ഒരു ദിവസം രാത്രിയിൽ എന്തോ ശബ്ദം കേട്ട് മാതാപിതാക്കൾ നോക്കിയപ്പോൾ അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതാണ് കണ്ടത്. സ്കൂൾ കൗൺസിലറുടെ നിർദേശപ്രകാരം അങ്ങനെയാണ് ആ കുട്ടി എന്റെ പക്കൽ ചികിൽസ തേടിയെത്തിയത്. അപ്പോഴേക്കും അവളിൽ വിഷാദത്തിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരുന്നു.
വ്യക്തികളെ സംബന്ധിച്ചിടത്തോളം 14 വയസ്സു മുതൽ 24 വയസ്സുവരെ വളരെ നിർണായകമാണ്. കുട്ടികളെക്കുറിച്ച് മാതാപിതാക്കൾ ഏറ്റവും കൂടുതൽ സ്വപ്നം കാണുന്നതും അവരുടെ ആഗ്രഹങ്ങൾ കുട്ടികളിലൂടെ സാധ്യമാക്കണമെന്ന് ആഗ്രഹിക്കുന്നതും ആ കാലഘട്ടത്തിലാണ്. കുട്ടികളാകട്ടെ കരിയറിനെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങുന്നതും വ്യക്തിബന്ധങ്ങൾ സൃഷ്ടിച്ചെടുക്കുന്നതും ആ സമയത്താണ്. കൗമാരക്കാരെ കുട്ടികളെപ്പോലെയാണോ മുതിർന്നവരെപ്പോലെയാണോ പരിഗണിക്കേണ്ടതെന്ന് എന്ന സംശയം എല്ലാക്കാലത്തും മാതാപിതാക്കൾക്കുണ്ട്. ചിലർ കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകും ചില മാതാപിതാക്കൾ നൽകുന്ന ശിക്ഷ വളരെ കൂടിപ്പോകും. ആ രണ്ട് പാരന്റിങ് രീതിയും ശരിയല്ല. കാരണം മനഃശാസ്ത്രപരമായി പറയുകയാണെങ്കിൽ വ്യക്തികൾ മനോദൗർബല്യത്തിലേക്കു വഴുതാൻ ഏറെ സാധ്യതയുള്ളതാണ് ആ കാലഘട്ടം. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മക്കളിലൂടെ നടത്തിയെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ഘട്ടത്തിൽ മക്കളുടെ മേൽ വല്ലാത്ത സമ്മർദ്ദം ചെലുത്തും. അങ്ങനെ നിർബന്ധിച്ചതുകൊണ്ടൊന്നും കുട്ടികൾ മാതാപിതാക്കളുടെ സ്വപ്നങ്ങൾക്കൊപ്പം ഉയരില്ല എന്നതാണ് സത്യം. ഡിജിറ്റലിടങ്ങൾ വിശാലമായ ഒരു ലോകം തുറന്നിട്ടിരിക്കുന്നതിനാൽ വീട്ടിൽ നിന്നു ലഭിക്കാത്ത കരുതലും സ്നേഹവും തേടി കൗമാരങ്ങൾ വെർച്വൽലോകത്ത് ചേക്കേറും. അപക്വമായ ബന്ധങ്ങൾ, ലഹരിയുടെ ഉപയോഗം, മനോദൗർബല്യങ്ങളുടെ തുടക്കം എന്നീ വെല്ലുവിളികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. അതുകൊണ്ട് സ്വന്തം സ്വപ്നങ്ങൾ കുട്ടികളിലൂടെ സാക്ഷാത്കരിക്കാൻ അവരിൽ അമിത സമ്മർദം കൊടുക്കാതിരിക്കുകയെന്നതാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. അതുപോലെ അവരോടൊപ്പം സമയം ചെലവിടുകയും അവർക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുകയും വേണം. സൈബർ ഇടത്തിൽ അവരെന്തു ചെയ്യുന്നു, ആരൊക്കെയാണു സുഹൃത്തുക്കൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം. ഡിജിറ്റൽ ലോകത്തെ അപകടങ്ങളെപ്പറ്റി ക്ഷമയോടെ അവർക്കു പറഞ്ഞുകൊടുക്കുകയും സ്ക്രീൻ ടൈം നിയന്ത്രിക്കുകയും വേണം.
∙ ഡിജിറ്റൽ ലോകം കുട്ടികളെ വഴിതെറ്റിക്കുന്നതെങ്ങനെയാണ്?
കാണുന്ന അല്ലെങ്കിൽ അറിയുന്ന എന്തിനോടും കൗതുകം തോന്നുന്ന കാലഘട്ടമാണ് കൗമാരം. പുതിയ കാര്യങ്ങൾ അറിയുമ്പോൾ അതു പരീക്ഷിച്ചു നോക്കാനും ഉത്സാഹം കൂടും. ആ കൗതുകത്തെ ചതിവലയിൽ കുരുക്കാൻ ഒരു വലിയ ലോകം ഡിജിറ്റൽ രംഗത്തുണ്ട്. സമൂഹമാധ്യമങ്ങളൊക്കെ കുട്ടികളെ തെറ്റായി സ്വാധീനിക്കുന്നതൊക്കെ ഈ കാലഘട്ടത്തിലാണ്. ഉദാഹരണം പറഞ്ഞാൽ, ഒരു ഹിന്ദി സിനിമയുടെ ഗാനരംഗം തിരയുന്നവരെക്കാത്ത് പിന്നെയെത്തുന്ന നോട്ടിഫിക്കേഷൻസ് ലൈംഗികതയുടെ അതിപ്രസരമുള്ള തരത്തിലുള്ള കണ്ടന്റുകളായിരിക്കും. ഇങ്ങനെയാണ് പ്രായത്തിനു യോജിക്കാത്ത തരത്തിൽ ശരിയല്ലാത്ത കാര്യങ്ങൾ കുട്ടികളിലേക്ക് വളരെ വേഗമെത്തുന്നത്. പണ്ട് കുട്ടികൾ പക്വതയില്ലാത്ത കൂട്ടുകെട്ടിലൂടെയാണ് വഴിതെറ്റിയിരുന്നെങ്കിൽ ഇന്നവർ വഴിതെറ്റുന്നത് ഡിജിറ്റൽ ലോകം തുറന്നിടുന്ന അമിതസ്വാതന്ത്ര്യം കൊണ്ടാണ്.
∙ കുട്ടികൾ സൈബർ ലോകത്ത് കൂടുതൽ സമയം ചെലവിടുന്നത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കില്ലേ?
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്നത് ഇപ്പോൾ സംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ആ മനോഭാവം ഏറ്റവും കൂടുതൽ മുതലെടുക്കുന്നത് സൈബർ ലോകത്തെ വില്ലന്മാരും കൗമാരക്കാരുമാണ്. രാത്രിയിൽ ഒരുപാടു നേരം ഫോണുപയോഗിക്കുന്നത് പഠനത്തിന്റെ ഭാഗമാണെന്ന് കുട്ടി പറഞ്ഞാൽ അത് വിശ്വസിക്കുകയേ തരമുള്ളൂ. കുട്ടിയുടെ മറുപടിയെ മാനിക്കാതെ ഫോൺ പരിശോധിക്കാനോ കുട്ടിയുടെ പോക്ക് തെറ്റിലേക്കാണെന്നു പറഞ്ഞു മനസ്സിലാക്കാനോയുള്ള സ്വാതന്ത്ര്യം ഇന്ന് പല മാതാപിതാക്കൾക്കുമില്ല. അതും സൈബർ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായിട്ടുണ്ട്. പതിമൂന്നു മണിക്കൂർ വരെ ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാരുണ്ട്. അത് അവരുടെ മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും മോശമായി ബാധിക്കുന്നുണ്ട്. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവുമെല്ലാം ജൈവാവസ്ഥയുടെ താളം തെറ്റിച്ചേക്കാം. സൈബറിടത്തിലെ സ്വകാര്യതയ്ക്ക് അതിരുകളില്ലാതാകുന്നത് കൗമാരത്തിന്റെ മാനസികാരോഗ്യത്തെ മോശമായിത്തന്നെ ബാധിക്കുന്നുണ്ട്.
∙ സൈബറിടങ്ങളിലെ വില്ലന്മാരാരൊക്കെയാണ്?
വൈകാരിക സ്ഥിരതയില്ലായ്മ പോലെയുള്ള വ്യക്തിത്വവൈകല്യമുള്ളവർ പുതിയ ഇരകൾക്കായി വലവിരിച്ചിരിക്കുന്നയിടം കൂടിയാണ് സൈബർ ലോകം. ജീവിതത്തിൽ എപ്പോഴും ശൂന്യതയനുഭവിക്കുന്ന അവർക്ക് കുട്ടികളെ കെണിയിലാക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച് നന്നായറിയാം. മധുരമായി സംസാരിച്ചും കരുതൽ നൽകുന്നുവെന്ന തോന്നലുണ്ടാക്കിയും അവർ കൗമാരക്കാരുടെ മനസ്സു കീഴടക്കും. ബന്ധങ്ങളിൽ പെട്ടെന്നു മടുപ്പു തോന്നുന്ന ഇക്കൂട്ടർ ഒരാഴ്ച കഴിഞ്ഞാൽ മറ്റു ബന്ധങ്ങൾ തേടി പുതിയ ഇരകൾക്കായി വലവിരിച്ച് കാത്തിരിക്കും. ഇത്തരക്കാരുടെ കെണിയിൽപ്പെടുന്ന കുട്ടികളുടെ കാര്യമാണ് കഷ്ടം. കാരണം പോലുമറിയാതെ ഉപേക്ഷിക്കപ്പെട്ടതിന്റെ നടുക്കം അവരിൽ അവശേഷിക്കും. അത്തരം ദുരനുഭവങ്ങൾ അവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. സൈബർ ലോകത്തിലൂടെ അനാരോഗ്യകരമായ ബന്ധം പുലർത്തുകയും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മറ്റൊരു കൂട്ടർ. കൗമാരപ്രായത്തിൽ ഏറെ ശ്രദ്ധ നൽകേണ്ടത് കുട്ടികൾ അനാരോഗ്യകരമായ ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കാനും കുട്ടികൾ ലൈംഗികമായും വൈകാരികമായും ചൂഷണം ചെയ്യപ്പെടാതിരിക്കാനും ലഹരിക്ക് അടിമപ്പെടാതിരിക്കാനുമാണ്.
∙ രക്ഷിതാക്കളുടെ ഡിജിറ്റൽ നിരക്ഷരത കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നുണ്ടല്ലോ. ഇതിനു പരിഹാരമെന്താണ്?
പൂർണമായും ഡിജിറ്റൽ ആയ അധ്യയനകാലത്തിലെ ആദ്യ തലമുറക്കാരാണ് ഇപ്പോഴത്തെ രക്ഷിതാക്കളും അധ്യാപകരും. അവർ പല കാര്യത്തിലും കുട്ടികളുടെയത്രയും അപ്ഡേറ്റഡ് അല്ല. വിനോദത്തിന്റെ വിശാലമായ ഒരു ലോകമാണ് കുട്ടികൾക്കു മുന്നിൽ ഡിജിറ്റൽ ലോകം തുറന്നു വയ്ക്കുന്നത്. ഡിജിറ്റൽ നിരക്ഷരതയും ഡിജിറ്റൽ അസമത്വങ്ങൾക്കു കാരണമാണ്. ഈ പുതിയ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും മാതാപിതാക്കളും തമ്മിൽ വലിയൊരു അസമത്വം നിലനിൽക്കുന്നുണ്ട്. സാങ്കേതിക രംഗത്തെ പുതിയ കാര്യങ്ങൾ കുട്ടികൾ വളരെവേഗം പഠിച്ചെടുക്കും. മുതിർന്നവർ ഇക്കാര്യത്തിൽ അവരേക്കാൾ ബഹുദൂരം പിന്നിലാണെന്ന തിരിച്ചറിവ് കുട്ടികളെ പലതും മറച്ചുവയ്ക്കാൻ പ്രേരിപ്പിക്കും. ഡിജിറ്റൽ ലോകത്തെ ശരിതെറ്റുകളെക്കുറിച്ച് പറഞ്ഞുകൊടുക്കാനും കുഞ്ഞുങ്ങൾ അപകടത്തിൽ കുടുങ്ങുന്നത് തടയാനും മാതാപിതാക്കൾക്ക് കഴിയാത്തത് ഈ ഡിജിറ്റൽ നിരക്ഷരത കൊണ്ടാണ്. വേണ്ടസമയത്ത് കൃത്യമായ മാർഗനിർദേശം നൽകാതിരിക്കുക, കുട്ടികൾ കെണിയിൽ വീണ കാര്യം വൈകി അറിയുക ഇവയൊക്കെ സൂചിപ്പിക്കുന്നത് ഡിജിറ്റൽ ലോകത്ത് തലമുറകൾ തമ്മിൽ നിലനിൽക്കുന്ന അസമത്വമാണ്. സൈബർ നിയമങ്ങളുടെ ശരിയായ നടത്തിപ്പ്, സൈബർ ഹെൽപ്‌ലൈൻ സംവിധാനങ്ങൾ ഒരുക്കുക, ഇക്കാര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ക്യാംപെയ്നുകൾ നടത്തുക എന്നിവ വഴി ഇത്തരം അസമത്വങ്ങളുടെ പൂട്ടുപൊളിക്കാം.
കൗമാരപ്രായമുള്ള മകളുടെ മുറിയിൽ അസമയത്ത് നാട്ടിലെ മുതിർന്ന ഒരാളെ കണ്ട് പകച്ചുപോയ അച്ഛനമ്മമാർ, മകളുടെ ഫോണിൽ അരുതാത്ത വിഡിയോ കണ്ട് ഫോൺപിടിച്ചു വാങ്ങി സൂക്ഷിക്കേണ്ട ഗതികേടിലായ മാതാപിതാക്കൾ, ഇവരുടെ സങ്കടങ്ങൾക്ക് ചെവികൊടുക്കേണ്ടി വന്ന മാനസികാരോഗ്യവിദഗ്ധർ. മരണത്തിന്റെ വഴിയേ നടക്കാനുറപ്പിച്ച കൗമാര മനസ്സുകളെ തെറപ്പികൾകൊണ്ട് ജീവിതത്തിലേക്ക് പിൻനടത്തിച്ച മാനസികാരോഗ്യ വിദഗ്ധരുടെ അനുഭവങ്ങൾ വെറുതേ കേട്ടുമറക്കാനുള്ളതല്ല ആവർത്തിച്ച് മനസ്സിലുറപ്പിക്കാനുള്ളതാണ്. ഡിജിറ്റൽ സ്വകാര്യതയുടെ മറവിൽ കുഞ്ഞുങ്ങളുടെ ഭാവി നശിപ്പിക്കപ്പെടാതിരിക്കട്ടെ... ശക്തമാക്കാം സൈബർ നിയമങ്ങൾ ഒപ്പം നമ്മുടെ മനസ്സും...
Content Summary: National Institute of Mental Health and Neuro Sciences Department of Psychiatric Social Work Associate Professor Sojan Antony Talks About Digital Inequality