ADVERTISEMENT

നിരതെറ്റിയ പല്ലുകളെ ഭംഗിയായി ക്രമീകരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാവും. പക്ഷേ അതിനായി കുറേ നാൾ പല്ലിൽ കമ്പിയിട്ട് നടക്കണം എന്നു കേൾക്കുമ്പോൾ അതത്ര സുഖകരമായി തോന്നില്ല അല്ലേ. എന്നാൽ കമ്പിയിടാതെ തന്നെ  ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് ഉപയോഗിച്ചുള്ള നൂതന ദന്തക്രമീകരണ ചികിത്സാരീതി ഉപയോഗിച്ച് നിങ്ങളുടെ പല്ലുകളെ ഭംഗിയായി ക്രമീകരിക്കാൻ സാധിക്കുന്നതാണ്. 

 

പ്രായമായ ആളുകൾ പല്ലിന് കമ്പിയിട്ടാൽ ‘ഇത്ര പ്രായമായിട്ട് ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ, ഇതെന്തിന്റെ ഇളക്കം ആണ് ’ എന്ന് ചോദിക്കുന്ന അറു ബോറന്മാരായ നാട്ടുകാരെ വിദഗ്ധമായി പറ്റിക്കാനും ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് ഉപയോഗിക്കാം കേട്ടോ. നിങ്ങൾ പല്ലിന് കമ്പി ഇട്ടിട്ടുണ്ടെന്ന് ആർക്കും മനസിലാവില്ല.

 

മാധ്യമ– സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, മറ്റുള്ളവരുമായുള്ള നിരന്തര ഇടപഴകലുകൾ ആവശ്യം വരുന്ന ജോലികൾ ചെയ്യുന്നവർ ഇങ്ങനെയുള്ളവർക്കൊക്കെ പല്ല് ഭംഗിയായി ക്രമീകരിക്കുന്നതിനായി ദീർഘകാലം കമ്പിയിട്ട് നടക്കുക ആലോചിക്കാൻ കൂടി പറ്റാത്ത കാര്യമായിരിക്കും. ചികിത്സ കഴിഞ്ഞാൽ ഭംഗിയുള്ള ചിരി സ്വന്തമാക്കാമല്ലോ  എന്നോർത്ത് പലരും പല്ലിൽ കമ്പി ഇടുന്നതിന്റെ ബുദ്ധിമുട്ടുകൾ സഹിക്കും. സാധാരണ കമ്പിയിടൽ ചികിത്സ ആണെങ്കിൽ കമ്പി മുറുക്കുന്നതിനും മാറ്റിയിടുന്നതിനും മറ്റുമായി മാസംതോറും ഉള്ള അപ്പോയിന്റ്മെന്റുകളും ആവശ്യമായിവരും. വിദേശത്തോ അന്യ നാടുകളിലോ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിരന്തര യാത്രകൾ നടത്തുന്നവർക്കും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും എല്ലാം ഇതിനായി ഒരു ദിവസം മാറ്റിവയ്ക്കുക എന്നത് ചിലപ്പോൾ ഒരു ബുദ്ധിമുട്ടായി തോന്നിയേക്കാം.

 

‌ഇതിനൊക്കെ ഒരു പരിഹാരമാർഗമായിട്ടാണ് ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് അഥവാ ക്ലിയര്‍ അലൈനേഴ്സ് വികസിപ്പിച്ചെടുത്തത്. സാധാരണയുള്ള കമ്പിയിടൽ ചികിത്സയ്ക്കും ക്ലിയര്‍ അലൈനേഴ്സ് ഉപയോഗിച്ചുള്ള ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ട്.

 

ലോഹങ്ങൾ കൊണ്ട് നിർമിച്ച വയറുകളുടെയും പല്ലിനു മുകളിൽ പിടിപ്പിക്കുന്ന ചെറിയ മുത്തുകൾ പോലുള്ള ബ്രാക്കറ്റുകളുടെയും  സഹായത്താൽ നേരിയ ബലം ഉപയോഗിച്ച് കൊണ്ട് പല്ലുകളെ ക്രമീകരിച്ചെടുക്കുന്ന ചികിത്സാ രീതിയാണ് സാധാരണയായി പല്ലിനു കമ്പിയിടൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ക്ലിയര്‍ അലൈനേഴ്സ് എന്നാൽ പ്രത്യേക രീതിയിൽ നിർമിക്കപ്പെട്ടിട്ടുള്ള പോളിയൂറത്തെയിൻ റെസിൻ പ്ലാസ്റ്റിക് എന്ന പദാർഥം കൊണ്ടു നിർമിക്കപ്പെട്ടിട്ടുള്ള സുതാര്യമായ ഒരു ട്രേ ആണ്. വിള്ളലുകളെയും പാടുകളെയുമൊക്കെ പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു പദാർഥമാണ് ഇത്. സുതാര്യമായതുകൊണ്ടുതന്നെ നിങ്ങൾ പല്ലുകളിൽ അലൈനേഴ്സ് ഉപയോഗിക്കുന്നുണ്ട് എന്നത് മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല.

 

ക്ലിയര്‍ അലൈനേഴ്സ് ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങുന്നതിനു മുമ്പ് പല്ലിന്റെയും അതുമായി ബന്ധപ്പെട്ട എല്ലുകളുടെയും ആരോഗ്യവും ഘടനയും മനസ്സിലാക്കുന്നതിനായി എക്സ്റേ എടുക്കുകയോ സ്കാനിങ് നടത്തുകയോ ചെയ്യും. പിന്നീട് വിവിധ കോണുകളിൽ നിന്നുള്ള മുഖത്തിന്റെ ഫോട്ടോയും വായയുടെ അളവും എടുക്കും. അതിനുശേഷം അളവുകളും അനുബന്ധ വിവരങ്ങളും ലാബിലേക്ക് അയച്ച് ക്ലിയര്‍ അലൈനേഴ്സ് ഉപയോഗിച്ചുള്ള ചികിത്സ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് വിദഗ്ധ ഡോക്ടർ പരിശോധിച്ചതിനുശേഷം ദന്ത ക്രമീകരണ നടപടികൾ ആരംഭിക്കും. 

 

എല്ലാത്തരം ദന്തക്രമീകരണങ്ങൾക്കും ചിലപ്പോൾ ക്ലിയര്‍ അലൈനേഴ്സ് ഉപയോഗിക്കാൻ സാധിക്കാതെ വരും. ഈ ചികിത്സ നിങ്ങൾക്ക് അനുയോജ്യമാണെങ്കിൽ ലാബിൽ നിന്ന് പ്രാഥമിക പരിശോധനകൾക്കു ശേഷം ഇൻട്ര ഓറൽ സ്കാനറുകൾ ഉപയോഗിച്ച് പല്ലിന്റെയും അനുബന്ധ ഘടനകളുടെയും ഡിജിറ്റൽ അളവുകൾ എടുക്കും. പിന്നീട് അത്  ത്രിമാന മാതൃകകളാക്കി പല്ല് എത്രത്തോളം ക്രമീകരിക്കാനുണ്ട് എന്ന് പഠിച്ച് നിശ്ചിത എണ്ണം ട്രേകൾ ഉണ്ടാക്കിയെടുക്കും. രോഗിയുടെ പല്ലുകൾ എത്രത്തോളം ക്രമീകരിക്കാൻ ഉണ്ട് എന്നതനുസരിച്ചാണ് രോഗിക്ക് കൊടുക്കേണ്ട ട്രേകളുടെ എണ്ണം തീരുമാനിക്കുന്നത്. ആ ട്രേകൾ മുഴുവനായും ചികിത്സ തുടങ്ങുന്ന ദിവസംതന്നെ രോഗിക്ക് കൈമാറാനും സാധിക്കും. പിന്നീട് രോഗിക്ക് ഡോക്ടറെ കാണേണ്ടി വരിക ചികിത്സാ കാലയളവ് കഴിഞ്ഞതിനുശേഷം മാത്രമായിരിക്കും. ഓരോ ട്രേയും കുറഞ്ഞത് 12 മുതൽ 20 ദിവസം വരെയാണ് ഉപയോഗിക്കേണ്ടി വരിക. ആദ്യത്തെ ട്രേ ഡോക്ടർ നിർദേശിക്കുന്ന രീതിയിൽ കൃത്യമായി ധരിച്ചാൽ ഏകദേശം 12 മുതൽ 20 ദിവസം ആകുമ്പോൾ അത് അയഞ്ഞു വരാൻ തുടങ്ങും. ഒരു ട്രേയിൽ നിന്ന് അടുത്ത ട്രേയിലേക്ക് മാറുമ്പോൾ പല്ലുകൾക്ക് എന്തൊക്കെ ചലനങ്ങൾ ഉണ്ടാകുമെന്നും അവ എങ്ങനെ ക്രമാനുസൃതമായി നീങ്ങി കൃത്യമായി ക്രമീകരിക്കപ്പെടുമെന്നും ഡിജിറ്റൽ സാങ്കേദിക വിദ്യയിലൂടെ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നുണ്ട്. ഒരു ട്രേ ഇട്ട് കഴിഞ്ഞ് പിന്നീട് ഏത് ഇടണം എന്നൊക്കെ രോഗിക്ക് ഡോക്ടർ നിർദേശങ്ങൾ നൽകും. അതിനനുസരിച്ചു ഒരു ട്രേ അയഞ്ഞു വരുമ്പോൾ രോഗിക്കുതന്നെ  ഡോക്ടറുടെ സഹായമില്ലാതെ അടുത്ത ട്രേ ധരിക്കാൻ സാധിക്കും. തിരഞ്ഞെടുത്ത ചില പല്ലുകളെ ട്രേയുമായി ബന്ധിപ്പിപ്പിക്കുന്ന ഭാഗങ്ങളും ക്ലിയർ അലൈനേഴ്സിൽ ഉണ്ടാകും.

 

ക്ലിയർ അലൈനേഴ്‌സിന് എത്ര ചെലവു വരും?

സാധാരണ പല്ല് കമ്പിയിടലും ക്ലിയർ അലൈനേഴ്‌സും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതിന്റെ ചെലവാണ്. പല്ല് കമ്പിയിടുന്നതിനെക്കാൾ ചെലവേറിയതാണ് ക്ലിയർ അലൈനേഴ്‌സ്. അതെവിടെയായാലും അങ്ങനെ തന്നെയാണ്. പക്ഷേ പ്രവാസികളെ സംബന്ധിച്ചും  മാസം തോറുമുള്ള അപ്പോയ്ന്റ്മെന്റുകൾ ഒരു ബുദ്ധിമുട്ടായി തോന്നുന്നവർക്കും അധ്യാപകർ, എയർപോർട്ട് ജീവനക്കാർ, മറ്റുള്ളവരുമായി നിരന്തരസമ്പർക്കം ആവശ്യമുള്ള ജോലികൾ ചെയ്യുന്നവർക്കും സെലിബ്രിറ്റികൾക്കും പുറനാടുകളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ഒക്കെ ക്ലിയർ അലൈനേഴ്‌സ് ഉപയോഗിച്ചുള്ള ചികിത്സാരീതി അങ്ങേയറ്റം പ്രയോജനപ്രദമാണ്. 

 

പലരും ചോദിക്കുന്ന കാര്യമാണ് വെറുമൊരു പ്ലാസ്റ്റിക് ട്രേയ്‌ക്ക് എന്താണ് ഇത്രയധികം ചെലവ് എന്ന്. ട്രേ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർഥം ഒരു പ്രത്യേകതരം പ്ലാസ്റ്റിക് ആണെന്ന് മുകളിൽ പറഞ്ഞു കഴിഞ്ഞു. എന്നാൽ ചെലവ് എന്നത് ഈ ട്രേയുടെ വില മാത്രമല്ല. ഈ ട്രേ ഉണ്ടാക്കിയെടുക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗിയുടെ പല്ലിന്റെയും അനുബന്ധ ഘടനകളുടെയും ത്രിമാന ചിത്രങ്ങൾ ഉണ്ടാക്കി ചികിത്സയുടെ ഗതിയും കാലയളവും ഏറ്റവും നൂതനമായ രീതികളിലൂടെ മുൻകൂട്ടി  നിർണയിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. കൂടാതെ ഈ ട്രേ ധരിക്കുന്നതിലൂടെ പല്ലുകൾ  നീങ്ങി ശരിയായി ക്രമീകരിക്കപ്പെടുന്നത് ബയോമെക്കാനിക്സ് എന്ന വലിയ മേഖലയിൽ നടത്തിയ റിസർച്ചുകളുടെ ഫലമായിട്ടാണ്. ഇതിനെല്ലാം കൂടി നൽകേണ്ടുന്ന വിലയും ഡോക്ടറുടെ ഫീസും എല്ലാം അടങ്ങുന്നതാണ് ക്ലിയർ അലൈനർ ചികിത്സയുടെ ചെലവ്. കൂടാതെ ക്ലിയർ അലൈനർ ഉണ്ടാക്കുന്ന ബ്രാൻഡ് അനുസരിച്ചും ചെലവ് വ്യത്യാസപ്പെടും.

 

ക്ലിയർ അലൈനേഴ്‌സിന്റെ ഗുണങ്ങൾ എന്തെല്ലാം?

സാധാരണ പല്ല് കമ്പിയിടൽ ചികിത്സയിൽ പല്ലിനു മുകളിൽ ലോഹം കൊണ്ടുള്ള മുത്തുകൾ പോലുള്ള ബ്രാക്കറ്റുകൾ ഒട്ടിക്കുകയും അതിനുമുകളിലൂടെ ലോഹം കൊണ്ടുള്ള നേരിയ വയറുകൾ ഘടിപ്പിച്ചു നിർത്തുകയും ചെയ്യും. അപ്പോൾ പല്ലു തേക്കാനും അവ വൃത്തിയായി സൂക്ഷിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കൂടാതെ കമ്പിയുടെ കൂർത്ത ഭാഗങ്ങൾ കൊണ്ട് വായിൽ അവിടവിടെ മുറിയാനുള്ള സാധ്യതയും ഉണ്ട്. ഈ ചികിത്സാ കാലയളവിൽ ഉപയോഗിക്കാൻ പ്രത്യേകം ബ്രഷുകളൊക്കെ ഡോക്ടർ നിർദ്ദേശിക്കുമെങ്കിലും മുത്തുകൾക്കിടയിലും കമ്പിക്കിടയിലും ഒക്കെ കുടുങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങൾ നീക്കം ചെയ്യാൻ കുറച്ച് അധിക സമയം കണ്ടെത്തേണ്ടതായി വരും. ഓരോ തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞും കുറച്ച് സമയം എടുത്തുതന്നെ പല്ലുകൾ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതായി വരും. സമയക്കുറവ് മൂലം ചിലപ്പോൾ പലരും അതിന് മടി കാണിച്ചെന്നും വരും. അങ്ങനെ വരുമ്പോൾ ഭക്ഷണ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിലും മോണയ്ക്കിടയിലും കുടുങ്ങിക്കിടന്ന് പല്ലുകൾ കേടാവാനും മോണ രോഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്. 

 

പല്ല് കമ്പി ഇടുന്നതിനു മുമ്പായാലും ക്ലിയർ അലൈനേഴ്സ് ചെയ്യുന്നതിനു മുമ്പായാലും പല്ലുകളിലെ കേടുകളെല്ലാം അടയ്ക്കുകയും ‌ക്ലീനിങ് നടത്തുകയും ചെയ്യും. എന്നിരുന്നാലും പല്ല് കമ്പി ഇട്ടതിനു ശേഷം വായ വളരെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ കേടാകാനും മോണരോഗമുണ്ടാകാനുമുള്ള സാധ്യതയേറും. അതുപോലെതന്നെ കേടുണ്ടാകാൻ സാധ്യതയുള്ള പ്രകൃതമുള്ളതും മുൻപേതന്നെ മോണരോഗമുള്ളതും ആയ ഒരാളുടെ വായിൽ സാധാരണ രീതിയിൽ പല്ല് കമ്പി ഇടുന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. അവിടെയാണ് ക്ലിയർ അലൈനേഴ്സിന്റെ വരവ് ഒരു ആശ്വാസമാകുന്നത്. രോഗിക്ക് ട്രേ അഴിച്ചെടുത്ത് സൗകര്യപ്രദമായി പല്ലു തേക്കാനും അതുവഴി മോണയും പല്ലും  വളരെ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. അത് രോഗിയുടെ ശരീരത്തിന്റെ  പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒരു പങ്കുവഹിക്കും. സാധാരണ പല്ല് കമ്പിയിടുമ്പോൾ ഉണ്ടാവുന്ന വേദനയും പ്രശ്നങ്ങളും ക്ലിയർ അലൈനേഴ്‌സ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല എന്നതിനാൽ ഇത് ധരിക്കാൻ വളരെ സുഖപ്രദവും ആണ്.

Content Summary: dental care and Invisible aligners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com