ജോലിക്കും ജീവിതത്തിനും അതിര്‍വരമ്പുകള്‍ വേണം; മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ 6 പുതുവര്‍ഷ പ്രതിജ്ഞകള്‍
Mail This Article
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ നാം നിരന്തരം ശ്രദ്ധിക്കേണ്ട ഒന്നാണ് മനസ്സിന്റെ ആരോഗ്യം. 2024ല്‍ മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പിന്തുടരാവുന്ന ചില പുതുവര്‍ഷ പ്രതിജ്ഞകള്‍ ഇതാ.
1. സ്വയം പരിലാളിക്കാം
നമ്മള്‍ വളരെ കെയറിങ് ആണെന്ന് മറ്റുള്ളവരെ കൊണ്ട് മാത്രം പറയിച്ചിട്ട് കാര്യമില്ല. സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും കാര്യത്തിലും ഈ ശ്രദ്ധയോടുള്ള പരിലാളനം ആവശ്യമാണ്. നല്ല ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ഇഷ്ടപ്പെട്ടവരോടൊപ്പം സമയം ചെലവഴിച്ചും റിലാക്‌സ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സമയം മാറ്റിവച്ചും ഈ വര്‍ഷം നമുക്ക് നമ്മളെ പരിലാളിക്കാം. സമ്മര്‍ദ്ദമുള്ള ഒരു ജോലിക്ക് ശേഷം ഒന്ന് മസാജ് ചെയ്യാനോ, പെഡിക്യൂറോ മാനിക്യൂറോ ചെയ്യാനോ ഒക്കെ അങ്ങ് പോയേക്കണം. ജീവിതത്തില്‍ സന്തോഷം തരുന്ന ഗുണപരമായ കാര്യങ്ങള്‍ക്കായി സമയവും പണവും ചെലവിടാം. അതിപ്പോ ഒരു യാത്രയാണെങ്കില്‍ അങ്ങനെ. സിനിമയാണെങ്കില്‍ അങ്ങനെ. അതുമല്ല ഇഷ്ടപ്പെട്ട ഒരു പുസ്‌തകം വായിക്കുന്നതാണെങ്കില്‍ അങ്ങനെ.
2. ജോലിക്കും ജീവിതത്തിനും അതിര്‍വരമ്പുകള്‍ ഇടാം
ജോലിയും ജീവിതവും തമ്മില്‍ ആരോഗ്യകരമായ സന്തുലനം നിലനിര്‍ത്തേണ്ടത് മാനസികാരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. പ്രഫഷണല്‍ ജീവിതത്തിന് സമയം മാറ്റിവയ്‌ക്കുന്നത് പോലെ തന്നെ വ്യക്തിപരമായ ജീവിതത്തിനു വേണ്ടിയും കൃത്യമായ സമയം നീക്കിയിടുക. ബന്ധങ്ങള്‍ ചെടികളെ പോലെയാണ്. നട്ടുനനയ്‌ക്കാനും പരിചരിക്കാനും വളമിടാനുമൊന്നും സമയം കണ്ടെത്തിയില്ലെങ്കില്‍ അവ വാടി പോകും. ഇതിനാല്‍ വീട്ടുകാരോടും കുടുംബക്കാരോടും സുഹൃത്തുക്കളോടും ഒക്കെ മിണ്ടാനും ഇടയ്‌ക്ക് ഒത്തുകൂടാനുമൊക്കെ സമയം കണ്ടെത്തുക.
3. വ്യായാമം ശീലമാക്കാം
ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സിനെയും പ്രതിഫലിപ്പിക്കുമെന്നാണ് പറയാറുള്ളത്. ഇതിനാല്‍ ആരോഗ്യത്തോടെ ഫിറ്റായി ഇരിക്കുന്നതിന് നിത്യവും വ്യായാമം ശീലമാക്കുക. നടത്തം, നീന്തല്‍, സൈക്ലിങ്, യോഗ, കായിക ഇനങ്ങള്‍ എന്നിങ്ങനെ ശരീരം അനങ്ങുന്ന എന്തുമാകാം. വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്‌ക്കാനും സന്തോഷത്തോടെ ഇരിക്കാനും സഹായിക്കും.
4. ദയ ഉള്ളവരായിരിക്കുക
ക്ഷമിക്കാനും പൊറുക്കാനുമൊക്കെ ശ്രമിക്കുന്നത് നെഗറ്റീവ് ചിന്തകളെയും വിദ്വേഷത്തെയുമെല്ലാം അകറ്റാന്‍ സഹായിക്കും. മനസ്സ് കലങ്ങി തെളിയാനും ഇത് സഹായിക്കും. ജീവിതത്തില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളോട് നന്ദിയുള്ളവരായിരിക്കാനും ചുറ്റുമുള്ളവരോട് ദയ ഉള്ളവരായിരിക്കാനും ശീലിക്കുക. പങ്കുവയ്‌ക്കലുകളിലൂടെ സന്തോഷം വളര്‍ത്തുക.
5. ഉറക്കം
നല്ല ഉറക്കം നല്ല ജീവിതത്തിന്റെ ഒരു അടയാളമാണ്. കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തടസ്സങ്ങളില്ലാതെ രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചാല്‍ നല്ലത്. ഇത് മനസ്സിനെയും ബുദ്ധിയെയും കൂടുതല്‍ തെളിച്ചമുള്ളതാക്കും. സമ്മര്‍ദ്ദം കുറയ്‌ക്കാനും കൂടുതല്‍ ശാന്തശീലരായി ഇരിക്കാനുമെല്ലാം നല്ല ഉറക്കം സഹായിക്കും. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രാത്രിയിലെ ഫോണ്‍, ലാപ്‌ടോപ്, ടാബ് ഉപയോഗം കുറയ്‌ക്കുക. ലഘുവായ ഭക്ഷണവും ഉറക്കത്തെ സഹായിക്കും.
6. ധ്യാനം ശീലിക്കാം
നമ്മുടെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാനും മനസ്സിനെ ശാന്തമാക്കാനും കണ്ണടച്ച് ശ്വാസത്തില്‍ കേന്ദ്രീകരിക്കുന്ന ധ്യാനം സഹായിക്കും. ടെന്‍ഷനും സമ്മര്‍ദ്ദവുമെല്ലാം ലഘൂകരിക്കാനും ധ്യാനവും ശ്വസന വ്യായാമങ്ങളും സഹായിക്കും. ഇത് വരെ ധ്യാനം ശീലിച്ചിട്ടില്ലാത്തവര്‍ ഇതിനായി ഒരു ഗുരുവിന്റെയോ ട്രെയ്‌നറുടെയോ സഹായം തേടാവുന്നതാണ്.
നടുവേദന മാറ്റാൻ ഈസി സ്ട്രെച്ചുകൾ: വിഡിയോ