സ്തനാർബുദത്തെ തറപറ്റിച്ചത് മനസ്സിന്റെ 'പവർ': സിമി 'ലിഫ്റ്റ്' ചെയ്തതു പുതു ജീവിതം
പവർലിഫ്റ്റിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് തവണ ഗോൾഡ് മെഡലിസ്റ്റ്, മണ്ടല ചിത്രകാരി, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷനിസ്റ്റ്, തന്റെ ഇഷ്ടങ്ങളോരോന്നും തിരിച്ചറിഞ്ഞ് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു സിമി. നിനച്ചിരിക്കാതെയാണ് തന്റെ ശരീരത്തിൽ കാൻസർ ഞണ്ടുകൾ സ്തനാർബുദത്തിന്റെ രൂപത്തിൽ പിടിമുറുക്കിയതായി
പവർലിഫ്റ്റിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് തവണ ഗോൾഡ് മെഡലിസ്റ്റ്, മണ്ടല ചിത്രകാരി, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷനിസ്റ്റ്, തന്റെ ഇഷ്ടങ്ങളോരോന്നും തിരിച്ചറിഞ്ഞ് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു സിമി. നിനച്ചിരിക്കാതെയാണ് തന്റെ ശരീരത്തിൽ കാൻസർ ഞണ്ടുകൾ സ്തനാർബുദത്തിന്റെ രൂപത്തിൽ പിടിമുറുക്കിയതായി
പവർലിഫ്റ്റിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് തവണ ഗോൾഡ് മെഡലിസ്റ്റ്, മണ്ടല ചിത്രകാരി, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷനിസ്റ്റ്, തന്റെ ഇഷ്ടങ്ങളോരോന്നും തിരിച്ചറിഞ്ഞ് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു സിമി. നിനച്ചിരിക്കാതെയാണ് തന്റെ ശരീരത്തിൽ കാൻസർ ഞണ്ടുകൾ സ്തനാർബുദത്തിന്റെ രൂപത്തിൽ പിടിമുറുക്കിയതായി
പവർലിഫ്റ്റിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് തവണ ഗോൾഡ് മെഡലിസ്റ്റ്, മണ്ടല ചിത്രകാരി, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷനിസ്റ്റ്, തന്റെ ഇഷ്ടങ്ങളോരോന്നും തിരിച്ചറിഞ്ഞ് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു സിമി. നിനച്ചിരിക്കാതെയാണ് തന്റെ ശരീരത്തിൽ കാൻസർ ഞണ്ടുകൾ സ്തനാർബുദത്തിന്റെ രൂപത്തിൽ പിടിമുറുക്കിയതായി തിരിച്ചറിഞ്ഞത്. എന്നാൽ, തോറ്റുകൊടുക്കില്ലെന്ന ദൃഢനിശ്ചയം വളരെ പെട്ടെന്ന് തന്റെ ഇഷ്ടങ്ങളിലേക്കു മടങ്ങിയെത്താൻ സിമിയ്ക്കു കരുത്തേകി. കാൻസർ അറിഞ്ഞതു മുതൽ ജീവിതം തിരികെപ്പിടിച്ചതു വരെയുള്ള കാലഘട്ടം സിമിയ്ക്ക് അതിജീവനത്തിന്റേതായിരുന്നു.
ഇഷ്ടങ്ങളെ കൂട്ടുപിടിച്ച് ചിട്ടയായ ജീവിതം
പ്രോസ്റ്റേറ്റ് കാൻസറിനെ തോൽപ്പിച്ച് ചിട്ടയായ വ്യായാമവും ജീവിതശൈലിയും പിന്തുടർന്ന് ജീവിക്കുന്ന അച്ഛൻ പി. കെ. എസ് നായരായിരുന്നു എന്നും സിമിയുടെ റോൾമോഡൽ. കുട്ടിക്കാലത്ത് എല്ലാ പെൺകുട്ടികളെയും പോലെ പഠിത്തത്തിലായിരുന്നു മുഴുവൻ ശ്രദ്ധയും. ബി.എ ഇക്കണോമിക്സ് കഴിഞ്ഞപ്പോൾ വിവാഹിതയുമായി. ആ ഇടയ്ക്ക് ഫോട്ടോഗ്രഫിയോട് ഇഷ്ടം തോന്നിയപ്പോൾ പഠിക്കണമെന്ന ആഗ്രഹത്തോടെ അന്ന് വനിതയിൽ ഫോട്ടോഗ്രാഫറായിരുന്ന എബ്രിഡ് ഷൈനിന്റെ അസിസ്റ്റന്റ് ആയി. അതൊന്നുമല്ല തന്റെ വഴിയെന്ന് അപ്പോഴും സിമിയ്ക്ക് തോന്നിയിരുന്നു. പിന്നീട് മകൾ ജനിച്ച ശേഷം തന്റെ മുപ്പതാമത്തെ വയസിലാണ് ശരീരസംരക്ഷണത്തിനായി സിമി ജിമ്മിൽ പോയി തുടങ്ങുന്നത്. അങ്ങനെ സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷ്യനിസ്റ്റ് എന്നത് പ്രൊഫഷനാക്കാൻ തീരുമാനിച്ചു. അതിനിടെ സ്വന്തമായി മണ്ടല ചിത്രരചന പരിശീലിക്കുകയും മറ്റുള്ളവർക്കു പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ജീവിതം ചിട്ടയ്ക്കനുസരിച്ച് നീങ്ങവെയാണ് കോവിഡ് എത്തിയത്. ജിം ട്രെയിനിംഗ് മുടക്കാൻ ഇഷ്ടപ്പെടാതിരുന്നതിനാൽ വെയ്റ്റ് വാങ്ങി വീട്ടിൽ പരിശീലനം തുടങ്ങി. ശൈലി കണ്ട കോച്ച്, എന്തുകൊണ്ട് പവർലിഫ്റ്റിംഗ് ശ്രമിച്ചുകൂടാ എന്ന് ചോദിച്ചു. ആ ചോദ്യം കായിക രംഗത്തേക്കു വഴിതുറന്നു. അങ്ങനെ പവർലിഫ്റ്റിംഗ് പരിശീലനം തുടങ്ങി. 2021ൽ ആദ്യത്തെ മത്സരത്തിൽ പങ്കെടുക്കുകയും അതേവർഷം നവംബറിൽ സംസ്ഥാനതലത്തിൽ നടത്തിയ ബെഞ്ച്പ്രസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുകയും ചെയ്തു. 2021 മാർച്ചിൽ കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മാസ്റ്റർ വൺ കാറ്റഗറി (40-50വയസ്) സ്വർണ്ണം നേടി. 2022 ജൂലായിൽ അതേമത്സരത്തിനു വീണ്ടും സ്വർണ്ണം നേടുകയും ബെസ്റ്റ് ലിഫ്റ്ററായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മറക്കാനാവില്ല ജൂൺ 13
2023 ജൂൺ 13. പതിവുപോലെ വെളുപ്പിന് എഴുന്നേറ്റ് കാർഡിയോ എക്സർസൈസും നീണ്ട നടത്തവും കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കാൻ കിടന്നതായിരുന്നു സിമി. തന്റെ ഇടതുഭാഗത്തിരുന്ന ഫോണടിച്ചപ്പോൾ അതെടുക്കാൻ തുനിഞ്ഞതും വലതുകൈമുട്ട് വലത് സ്തനത്തിൽ മുട്ടുകയും അതുവരെ ഇല്ലാതിരുന്ന വേദനയിൽ പുളഞ്ഞുപോകുകയും ചെയ്തു. വെറുതെ ഒന്ന് തടവി നോക്കിയപ്പോൾ സ്തനത്തിൽ ചെറിയ തടിപ്പുപോലെ. മകളെയും ഭർത്താവിനെയും കൊണ്ട് പരിശോധിപ്പിച്ചപ്പോൾ അവരും അതേ സംശയം പ്രകടിപ്പിച്ചു. ഒട്ടും താമസിക്കാതെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പോയി പരിശോധിച്ചു. വിദഗ്ധ പരിശോധനയ്ക്കായി അവർ നിർദ്ദേശിച്ചു. അങ്ങനെ അമ്മയുടെ സഹോദരിക്ക് ബ്രെസ്റ്റ് കാൻസർ ചികിത്സ തേടിയ അമൃത ആശുപത്രിയിൽ തന്നെ പോകാൻ തീരുമാനിച്ചു. അവിടെ നടത്തിയ വിദഗ്ധ പരിശോധനയിൽ സ്റ്റേജ് 1 കാൻസറും ഗ്രേഡ് 3 ട്യൂമറുമാണെന്ന് തിരിച്ചറിഞ്ഞു.
സ്തനം നിലനിർത്തി, കാൻസർ കോശങ്ങൾ മാത്രം നീക്കം ചെയ്യുന്ന ലംപെക്ടമി ശസ്ത്രക്രിയ ചെയ്യാനായിരുന്നു സിമിയുടെ ആദ്യ തീരുമാനം. എന്നാൽ, അമൃതയിലെ ബ്രെസ്റ്റ് കാൻസർ വിഭാഗത്തിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വിജയകുമാറിന്റെ നിർദ്ദേശപ്രകാരം എം.ആർ.ഐ ചെയ്തു. അതിൽ ട്യൂമർ അല്പം അപകടകരമാണെന്ന് കാണിച്ചതിനെ തുടർന്ന് ജൂൺ 25ന് വലതുസ്തനം നീക്കം ചെയ്തു. കാൻസറിന്റെ തുടക്കമായിരുന്നെങ്കിലും ഭാവിയിൽ മറ്റിടങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യത കണ്ടതിനാലാണ് സിമിയ്ക്ക് സ്തനം മാറ്റുന്ന ശസ്ത്രക്രിയ നിർദ്ദേശിച്ചതെന്ന് അമൃത ഹോസ്പിറ്റലിലെ ബ്രെസ്റ്റ് കാൻസർ വിഭാഗം മേധാവിയും സർജിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. വിജയകുമാർ ഡി.കെ പറയുന്നു. കാൻസർ തിരികെ വരാനുള്ള സാധ്യതയുള്ളതിനാൽ കീമോതെറാപ്പിയും നൽകി. കാൻസർ വന്നുഭേദമായവർ അത് തുറന്നുപറയുന്നതിലൂടെ പുതിയ രോഗികൾക്ക് കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഡോ. വിജയകുമാർ പറയുന്നു.
തിരികെ ജീവിതത്തിലേക്ക്
കാൻസർ ഉണ്ടെന്ന പരിശോധനാഫലം വന്നപ്പോൾ ഒരിക്കലും പേടിയോ നിരാശയോ സിമിയ്ക്ക് തോന്നിയില്ല. കായികരംഗത്തിൽ നിന്ന് കിട്ടിയ വെല്ലുവിളി നേരിടുന്ന മനസ്സായിരുന്നു കൈമുതൽ. കാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞ നിമിഷം തന്നെ ആ വിവരം ഉൾക്കൊള്ളാൻ കാണിച്ച മനസാണ് തന്റെ പോരാട്ടത്തിന്റെ പാതി വിജയമെന്ന് സിമി പറയുന്നു. ഒരു തവണ കണ്ടാലും രോഗിയുടെ ഏറ്റവും ചെറിയ ബുദ്ധിമുട്ട് പോലും ഓർത്തെടുക്കുന്ന അമൃതയിലെ ഓങ്കോളജി വിഭാഗത്തിലെ ഡോ. പവിത്രൻ, ഡോ. വിജയകുമാർ, ഡോ. ലക്ഷ്മി എന്നിവരും കീമോതെറാപ്പി മുറിയിൽ പോസറ്റീവ് അന്തരീക്ഷം നിറയ്ക്കുന്ന സ്റ്റാഫും നൽകിയ പിന്തുണയും ചെറുതായിരുന്നില്ല.
ജൂലായ് 11ന് ആദ്യത്തെ കീമോതെറാപ്പി ചെയ്തു. ഓരോ 14 ദിവസത്തിലുമായി എട്ട് കീമോതെറാപ്പി. രോഗം ആരംഭഘട്ടത്തിൽ കണ്ടെത്തിയതിനാൽ കാൻസർ മറ്റിടങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല. അതുകൊണ്ട് റേഡിയേഷൻ ചെയ്യേണ്ടി വന്നില്ല. ഒക്ടോബറിൽ കീമോ തെറാപ്പി പൂർത്തിയാക്കി. എളുപ്പമായിരുന്നില്ല ആ കാലം കടന്നുപോകുകയെന്നത്. എന്നാൽ, കുടുംബത്തിന് കരുത്താകേണ്ടത് തന്റെ ധൈര്യമാണെന്ന് സിമി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ പേടി ഒരുതരത്തിലും തന്നെ ബാധിക്കാതിരിക്കാനായി ശ്രദ്ധിച്ചു. പുലർച്ചെ അഞ്ചുമണിയോടെ ഉറക്കമുണരുന്ന ശീലം ചികിത്സാകാലത്തും തുടർന്നു. ആദ്യ നാല് കീമോതെറാപ്പി വരെ ദിവസവും അഞ്ച് കിലോമീറ്റർ ദൂരം വരെ നടന്നിരുന്നു. പിന്നീട്, കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നു. കീമോതെറാപ്പിയുടെ ഭാഗമായി നാവിൽ പുണ്ണ് വരികയും പിന്നീട് തൊലി ഇളകുകയും ചെയ്തു. ഓക്കാനവും ഛർദ്ദിക്കാനുള്ള തോന്നലും അതിശക്തമായതോടെ ഭക്ഷണത്തോട് വിരക്തിയായി. ചില സമയങ്ങളിൽ കൊതിതോന്നിയ ഭക്ഷണത്തിന് കടലാസിന്റെ പോലും രുചി തോന്നിയില്ല. സങ്കടവും നിരാശയും തോന്നിത്തുടങ്ങിയത് അപ്പോഴാണ്. ഈ സമയങ്ങളിൽ മകൾ ഗൗരിയും ഭർത്താവ് രാജേഷും സഹോദരി സ്മിത വേണുരാജും അച്ഛൻ പി.കെ.എസ് നായരും അമ്മ ചന്ദ്രികയുമാണ് തുണയായത്. ഏറ്റവും മികച്ച ഭക്ഷണം സിമി കഴിച്ചിരുന്നുവെന്ന് അവർ ഉറപ്പ് വരുത്തി. മകളെ കൊച്ചുകുഞ്ഞിനെയെന്ന പോലെ വാർദ്ധക്യത്തിന്റെ അവശതയിലും ആ മാതാപിതാക്കൾ നോക്കി. അനിയത്തി തളർന്നുപോകുമെന്ന് തോന്നുമ്പോൾ സഹോദരി സ്മിത ചേർത്തുപിടിച്ചു. മകൾ ഗൗരി ചിലപ്പോൾ കരുതലുള്ള അമ്മയായി. വേണ്ടതൊക്കെ മുന്നിലെത്തിക്കാൻ ഭർത്താവ് രാജേഷും. അങ്ങനെ മാനസികമായി തളരാതിരിക്കാൻ പരസ്പരം താങ്ങായി. സങ്കടവും ദേഷ്യവും കുളിക്കുമ്പോൾ കരഞ്ഞുതീർത്തു. തോറ്റുപോകുമെന്ന് തോന്നുമ്പോൾ പ്രായമായ അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ താൻ ഇനിയും ജീവിച്ചിരിക്കണമെന്ന് മനസ്സിനെ ബോധ്യപ്പെടുത്തുകയും അത് ലക്ഷ്യമാക്കുകയും ചെയ്തു. അങ്ങനെ ചികിത്സാകാലം വിജയകരമായി പിന്നിട്ടു. ഇപ്പോൾ ചികിത്സയുടെ ഭാഗമായി മരുന്ന് മാത്രമാണ് ഉള്ളത്.
പതിയെ തന്റെ ഇഷ്ടങ്ങളിലേക്കും ചിട്ടകളിലേക്കും മടങ്ങിയെത്തുകയാണ് സിമി. ഇപ്പോൾ ദിനവും രാവിലെ 9 കിലോമീറ്ററോളം നടക്കും. തിരികെ വന്ന് പോഡ്കാസ്റ്റോ പാട്ടോ കേട്ട് വീട്ടുജോലി ചെയ്യും. മനസ്സ് എന്തെങ്കിലും വിധത്തിൽ അസ്വസ്ഥമാകുന്നെന്ന് തോന്നിയാൽ ഇഷ്ടവിനോദമായ വരയിൽ മുഴുകും. വായിക്കാനും പഠിക്കാനുമുള്ള ഇഷ്ടം വിടാതെ കൂടെക്കൂട്ടി. സ്ത്രീകൾക്ക് സ്ട്രെംഗ്ത്ത് ട്രെയിനിംഗ് നൽകാൻ ഇഷ്ടമായതിനാൽ ഇപ്പോൾ അതിനായി സർട്ടിഫിക്കേഷൻ കോഴ്സ് പഠിക്കുന്നു. ഒപ്പം ഓൺലൈനായി ന്യൂട്രിഷനിസ്റ്റായും പ്രവർത്തിക്കുന്നുണ്ട്. അടുത്ത മാസത്തോടെ പവർലിഫ്ടിംഗ് പരിശീലനം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് സിമി.
കാൻസർ തന്ന തിരിച്ചറിവുകൾ
കാൻസറിനു മുമ്പും ശേഷവും എന്ന് തന്റെ ജീവിതത്തെ രണ്ടായി കാണാമെന്ന് സിമി പറയുന്നു. മുൻപ് ചിട്ടയിൽ നിന്ന് അണുവിട ചലിക്കാൻ ഇഷ്ടമല്ലായിരുന്നെങ്കിൽ ഇപ്പോൾ ജീവിതം കുറച്ചുകൂടി ശാന്തമായി കാണാൻ പഠിച്ചു. 45കാരിയായ അമ്മ ഇപ്പോഴാണ് കൂളായതെന്ന് പത്തൊമ്പതുകാരി മകൾ ഗൗരിയുടെ സാക്ഷ്യം. സ്വയം തിരിച്ചറിയാനും താൻ എന്താണെന്നു സ്വീകരിക്കാനും കാൻസർ പഠിപ്പിച്ചു. മുമ്പ് കളറടിച്ച് നടന്നിരുന്ന മുടി മുഴുവൻ ചികിത്സയുടെ ഭാഗമായി വെട്ടിക്കളഞ്ഞിരുന്നു. തിരികെ വന്ന നര കലർന്ന കുറ്റിത്തലമുടിയെ സ്നേഹിച്ചു തുടങ്ങി. മുറിച്ചുമാറ്റിയ സ്തനത്തിനു പകരം മറ്റൊന്ന് പിടിപ്പിക്കാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും അതും വേണ്ടെന്ന തീരുമാനത്തിലാണ് സിമി. ശരീരത്തിലെ ആ മുറിവ് തന്റെ കാൻസർ പോരാട്ടത്തിന് കിട്ടിയ ട്രോഫി ആയിട്ടാണ് കാണുന്നത്. ഇനി എന്നെങ്കിലും ഒരു മെഡൽ അണിയാൻ ഭാഗ്യം കിട്ടിയാൽ ആ വലതുഭാഗത്തായിരിക്കും അതണിയുകയെന്ന് സിമി പറയുന്നു. കാൻസറിന് ശേഷം കൂട്ടുകാരെ കാണാൻ ഒറ്റയ്ക്ക് മുംബൈ വരെ പോയി. മനസ്സിലെ ലേ-ലഡാക്ക് യാത്ര, എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിംഗ് എന്നിവയ്ക്ക് ഊർജ്ജം പകർന്നിരിക്കുകയാണ് ആ മുംബൈ യാത്ര.
മുടക്കരുത് പരിശോധന
അച്ഛനെ കൂടാതെ അമ്മയുടെ രണ്ട് സഹോദരിമാരും കാൻസർ രോഗത്തിനു ചികിത്സ തേടിയിട്ടുണ്ട്. കുടുംബത്തിൽ കാൻസർ ഹിസ്റ്ററി ഉണ്ടായിട്ടും കൃത്യമായ പരിശോധന നടത്തിയിരുന്നില്ല എന്നതാണ് താൻ ചെയ്ത തെറ്റെന്ന് സിമി പറയുന്നു. 40 വയസിനു ശേഷം മാമോഗ്രം ചെയ്യണമെന്നും ആറുമാസത്തിലൊരിക്കൽ അൾട്രാസൗണ്ട് ചെയ്യണമെന്നും അറിയാമായിരുന്നിട്ടും തനിക്ക് ഇത് വരില്ല എന്ന തോന്നലിലായിരുന്നു. ആ തെറ്റ് മറ്റുള്ളവർ ആവർത്തിക്കരുതെന്ന കരുതലുണ്ട് ഇപ്പോൾ. പെൺകുട്ടികൾക്ക് സ്തനപരിശോധന നടത്തുന്നതെങ്ങനെയെന്ന് സ്കൂൾതലം മുതൽ പരിശീലിപ്പിക്കേണ്ടതുണ്ട്. ശരീരം വേദനയായോ മറ്റോ കാണിച്ചു തരുന്ന ലക്ഷണങ്ങൾ ജോലിയെടുത്തോ മറ്റോ വന്നതെന്ന് കരുതി സ്ത്രീകൾ നിസാരവത്കരിക്കരുതെന്നും സിമി പറയുന്നു. രോഗത്തെ ഉൾക്കൊണ്ട് കൃത്യമായി ചികിത്സിച്ചാൽ സ്തനാർബുദം മാറ്റാവുന്നതാണെന്ന് ഡോ.വിജയകുമാറും പറയുന്നു.
അർബുദത്തെ അതിജീവിച്ച മാലാഖ: വിഡിയോ