നവജാതശിശുക്കളിലെ കേൾവിപ്രശ്നങ്ങള്‍; നേരത്തേ തിരിച്ചറിഞ്ഞാൽ ജീവിതം മെച്ചപ്പെടും
Mail This Article
കേൾവി തകരാറുകൾ പ്രായഭേദമില്ലാതെ ആർക്കും വരാം. ചിലപ്പോൾ ജനിതകമായി വന്നേക്കാവുന്ന പ്രശ്നമാണെങ്കിൽ മറ്റു ചിലപ്പോൾ പ്രായക്കൂടുതൽ കൊണ്ടോ ശബ്ദമലിനീകരണം കൊണ്ടോ ഉണ്ടായേക്കാവുന്ന കേൾവിക്കുറവാകാം. ജനിക്കുമ്പോൾ തന്നെ പല കുട്ടികൾക്കും കേൾവിക്കുറവുണ്ടാവാം.
Read Also : ചെവിയുടെ ‘അകം’ ഇഎൻടി ഡോക്ടർക്കുള്ളതാണ്; ചില കാര്യങ്ങൾ ‘കേൾക്കാതെ’ പോകരുതേ
ഓരോ 1000 കുട്ടികളിലും 1 മുതൽ 2 വരെ കുഞ്ഞുങ്ങൾ ഒന്നോ രണ്ടോ ചെവികളിലോ സ്ഥിരമായ കേൾവിക്കുറവോടെ ജനിക്കുന്നു. 48 മണിക്കൂറിലധികം തീവ്രപരിചരണ വിഭാഗത്തിൽ ചെലവഴിച്ച കുട്ടികളിൽ 100ൽ 1 കുട്ടി എന്ന നിലയ്ക്ക് കേൾവിപ്രശ്നങ്ങളുണ്ടാകുന്നു. ഇതിലെ ഭൂരിഭാഗം കുഞ്ഞുങ്ങളുടെ കുടുംബങ്ങളിലും കേൾവിപ്രശ്നമുള്ള ചരിത്രമില്ല.
സ്ഥിരമായ ഹിയറിങ് ലോസ് കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കും. അതുകൊണ്ടു തന്നെ കേൾവിക്കുറവ് നേരത്തെ കണ്ടെത്തുന്നത് ഈ കുഞ്ഞുങ്ങൾക്ക് ഭാഷ, സംസാരം, ആശയവിനിമയ കഴിവുകൾ എന്നിവ വികസിപ്പിക്കാനുള്ള മികച്ച അവസരം നൽകും. ഇതിലൂടെ കുട്ടിക്കാലം മുതൽതന്നെ കുടുംബവുമായും പരിചരിക്കുന്നവരുമായും അടുത്ത ബന്ധമുണ്ടാകാൻ സാധിക്കും.
കേൾവിയുമായി ബന്ധപ്പെട്ടുള്ള തകരാറുകൾ എത്രയും പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് നവജാതശിശുക്കളുടെ ശ്രവണ പരിശോധനയായ ഒാട്ടോമേറ്റഡ് ഓട്ടോ അക്കൗസ്റ്റിക് എമിഷൻ ടെസ്റ്റ്. വളരെക്കുറച്ച് മിനുട്ടുകൾ മാത്രമേ ഇതിനു വേണ്ടി വരികയുള്ളു. ചെറിയ മൃദുവായ ഇയർപീസ് കുഞ്ഞിന്റെ ചെവിയില്‍ വച്ച് ചെറിയ രീതിയിലുള്ള ശബ്ദങ്ങള്‍ കേൾപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴിയാണ് കുഞ്ഞിന്റെ കേൾവിക്ക് എന്തെങ്കിലും തകരാറുണ്ടോ എന്ന് മനസ്സിലാക്കുന്നത്.
ഇങ്ങനെ പെട്ടെന്ന് തിരിച്ചറിയുന്നതിലൂടെ മാതാപിതാക്കൾക്കും വേണ്ട പിന്തുണയും ഉപദേശവും യഥാസമയം ലഭിക്കും. ആശുപത്രിയിലാണ് പ്രസവം നടക്കുന്നതെങ്കിൽ നവജാവശിശുക്കൾക്കുള്ള കേൾവി പരിശോധന അമ്മയും കുഞ്ഞും ആശുപത്രി വിടുന്നതിനു മുൻപ് വാഗ്ദാനം ചെയ്യുന്നതാണ്.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. ലിന്റോ ജോസ്, പീഡിയാട്രീഷ്യൻ)
കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ: വിഡിയോ