ഗ്ലോക്കോമ ബാധിച്ചാൽ കാഴ്ച പൂർണമായി നഷ്ടമാകുമോ? സംശയങ്ങള് അകറ്റാം
ഫോണിൽ മൂന്നുനാല് മിസ്‍ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
ഫോണിൽ മൂന്നുനാല് മിസ്‍ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
ഫോണിൽ മൂന്നുനാല് മിസ്‍ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
ഫോണിൽ മൂന്നുനാല് മിസ്‍ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി.
"എന്ത് പറ്റി ചേച്ചി?"
"ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത് "
"അതിനെന്താ ചേച്ചിക്കെപ്പൊ വേണമെങ്കിലും അച്ഛനെ കൊണ്ട് വരാമല്ലോ . "
"ഇപ്പോൾ തന്നെ വരാം. അച്ഛൻ പറയുന്നത് ഇടത്തേ കണ്ണിന് ഒരു കാഴ്ചക്കുറവുണ്ടെന്നാണ്. കുറച്ചു ദിവസമായി പറയുന്നു. അറിയാമല്ലോ, മറ്റാര് നോക്കിയാലും അച്ഛന് തൃപ്തി ആവില്ല, ശോഭ തന്നെ നോക്കണം"
ഒകെ. ഇപ്പൊ തന്നെ വന്നോളൂ.
അര മണിക്കൂറിനകം പ്രതി ഹാജരായി. ശ്രീധരമേനോൻ റയിൽവേയിൽ നിന്ന് റിട്ടയർ ചെയ്തിട്ട് പതിനഞ്ച് വർഷമായി . കൃത്യനിഷ്ഠ, യോഗ, സസ്യാഹാരം എല്ലാം കൊണ്ട് ജീവിതശൈലീരോഗങ്ങളെയൊക്കെ പടിക്കുപുറത്ത് നിർത്താമെന്ന് അഭിമാനിക്കുന്ന ആൾ. മിതഭാഷി, സാത്വികൻ.
"കുറച്ചു ദിവസമായി കണ്ണിന് ഒരു മങ്ങൽ, ദൂരെയുള്ളതൊന്നും തെളിഞ്ഞ് കാണുന്നില്ല, ഇടത്ത് വശത്തുകൂടി വരുന്നതൊന്നും അറിയുന്നില്ല, വായിക്കാൻ പക്ഷേ, ബുദ്ധിമുട്ടില്ല"
"ഒ.കെ . നമുക്ക് നോക്കാം. പ്രായമാവുമ്പോൾ കണ്ണിൽ തിമിരം വരുന്നത് സാധാരണയാണ്". പരിശോധനാ യന്ത്രങ്ങളുടെ മുന്നിൽ ശ്രീധര മേനോൻ അനുസരണയുള്ള കുട്ടിയായി മാറിയിരുന്നു. എല്ലാ പരിശോധനകളും കഴിഞ്ഞ്, റിപ്പോർട്ടുകളുമായി സുമച്ചേച്ചി മുമ്പിലെത്തി.
"ഓ ഗ്ലോക്കോമയുണ്ടല്ലോ"
"ഇതെന്താ ഈ ഗ്ലോക്കോമ ?"
"തിമിരം എന്നത് പൊതുവെ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. കണ്ണിലെ ലെൻസ് (കാചം) സുതാര്യത നഷ്ടപ്പെട്ട് അതാര്യമായി (പ്രകാശം കടക്കാത്തതായി) തീരുന്നതാണ് തിമിരം. അതിന്റെ ചികിൽസയോ, അതാര്യമായ ലെൻസ് മാറ്റി സുതാര്യമായ കൃത്രിമ ലെൻസ് വെക്കുക എന്ന ലളിതമായ ശസ്ത്രക്രിയയും. തിമിരം കാരണം കാഴ്ച എത്ര മങ്ങിയാലും കാഴ്ച മുഴുവനും തിമിരശസ്ത്രക്രിയ വഴി തിരിച്ചു കിട്ടും. എന്നാൽ ഗ്ലോക്കോമ എന്ന വില്ലൻ തിരിച്ചു പിടിക്കാനാവാത്ത വിധം കാഴ്ചയെ അപഹരിക്കുന്നു. ഗ്ലോക്കോമയെ കാഴ്ചയുടെ നിശ്ശബ്ദനായ കൊലയാളി എന്നാണ് പറയുന്നത്".
" അയ്യോ എന്റെ അച്ഛന് കാഴ്ചയില്ലാണ്ടാവുമോ?"
"എന്നല്ല ഞാൻ പറഞ്ഞത് " അസ്ഥാനത്ത് ഉപമ പ്രയോഗിച്ച എന്റെ നാവിനെ ഞാൻ പഴിച്ചു.
"ഗ്ലോക്കോമ മൂലം കാഴ്ച വളരെ വൈകിയേ നഷ്ടപ്പെടുകയുള്ളു, അങ്ങനെ വന്നാൽ അത് തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ് എന്നാണ് ഉദ്ദേശിച്ചത് "
രോഗവിവരം അറിയാൻ ആകാംക്ഷയോടെ ഇരിക്കുന്ന സുഹൃത്തിന്റെയും അച്ഛന്റെയും മുന്നിൽ നിർവ്വികാരതയുടെ ഒരു പ്രൊഫഷണൽ മുഖംമൂടി അണിഞ്ഞ് ഞാൻ പറഞ്ഞു തുടങ്ങി.
"അച്ഛന്റെ രണ്ട് കണ്ണിലും തിമിരവും ഗ്ലോക്കോമയും ഉണ്ട്. തിമിരം കണ്ണിലെ ലെൻസിനെ ബാധിക്കുന്ന പോലെ, ഗ്ലോക്കോമ എന്നത് നേത്രനാഡിയെ (optic nerve) ബാധിക്കുന്ന ഒരു അസുഖമാണ്. നേത്രാന്തര മർദ്ദം കൂടുമ്പോഴാണ് സാധാരണ നേത്രനാഡിക്ക് ക്ഷതം സംഭവിക്കുന്നത് "
"അതിന് അച്ഛന് പ്രഷറും ഷുഗറും ഒന്നുമില്ലല്ലോ"
"ഇത് കണ്ണിൽ ഉണ്ടാവുന്ന മർദ്ദം ആണ്, രക്തസമ്മർദ്ദം അല്ല."
"കണ്ണിന്റെ ഉള്ളിലെ മർദ്ദം എങ്ങനെയാണ് കൂടുന്നത്?"
"കണ്ണിന്റെ ഉള്ളിൽ അക്വസ് ഹ്യൂമർ (aqueous humour) എന്ന ഒരു ദ്രാവകം ചംക്രമണം ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട് .ഇത് കൂടുതലായി ഉണ്ടാവുകയോ , ഇതിന്റെ ഒഴുക്കിനു തടസ്സം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് നേത്രാന്തര മർദ്ദം കൂടുകയും ഗ്ലോക്കോമ ഉണ്ടാവുകയും ചെയ്യുന്നത്."
അച്ഛന് ഇടത്തേ കണ്ണിലെ നേത്രനാഡിക്ക് ഗൗരവമുള്ള ക്ഷതം ഉണ്ടായിട്ടുണ്ട്, വലത് കണ്ണിൽ അത്ര തന്നെ പ്രശ്നമില്ല," പറഞ്ഞു തീർക്കുന്നതിനു മുമ്പ് തന്നെ ശ്രീധരമേനോൻ ഇടപെട്ടു. വലത് കണ്ണുപൊത്തി ഇടത്തെ കണ്ണുകൊണ്ട് നോക്കിയിട്ട് വിജയഭാവത്തിൽപറഞ്ഞു. "എനിക്കിപ്പോൾ അവസാന വരി വരെ കാണാമല്ലോ."
"കാഴ്ച എന്നു പറയുമ്പോൾ നേർകാഴ്ച (visual acuity) മാത്രമല്ല ചുറ്റുമുള്ള കാഴ്ച (field of vision) കൂടിയുണ്ട്. ഈ ചുറ്റുമുള്ള കാഴ്ചയിലാണ് ഗ്ലോക്കോമയിൽ പ്രശ്നം വരുന്നത്. നേർ കാഴ്ച അവസാനമേ നഷ്ടപ്പെടുകയുള്ളു. അതു കൊണ്ട് തന്നെയാണ് രോഗം മൂർഛിക്കുന്നതുവരെ ലക്ഷണങ്ങളൊന്നും കാണാതിരിക്കുന്നതും."
"ഇതിന് ഇപ്പോൾ എന്താ ചികിത്സ ?"
"വളരെ ലളിതമാണ്. തുള്ളിമരുന്നുകൾ തുടർച്ചയായി ഉപയോഗിച്ച് നേത്രാന്തര മർദ്ദം കുറക്കുവാനും ഗ്ലോക്കോമയെ നിയന്ത്രിക്കാനും കഴിയും"
"എത്ര കാലം ഉപയോഗിക്കണം?"
"മിക്കവാറും ജീവിതകാലം മുഴുവൻ വേണം. ഭക്ഷണം കഴിക്കാൻ മറന്നാലും മരുന്ന് ഇടാൻ മറക്കരുത് എന്നാണ് ഞങ്ങൾ പറയാറ്. ഇപ്പോൾ യോഗ ചെയ്യാറുണ്ടോ?''
''ഇല്ല, ഇപ്പോൾ ധ്യാനവും ശ്വസന വ്യായാമങ്ങളും മാത്രമേ ഉള്ളൂ.''
''അവ തുടരാം. ശീർഷാസനം പോലുള്ള വ്യായാമങ്ങൾ കൊണ്ട് നേത്രാന്തരമർദ്ദം കൂടാൻ സാധ്യതയുണ്ട് എന്നു പറയപ്പെടുന്നു "
"ഒരു സംശയം ചോദിച്ചോട്ടേ," സുമച്ചേച്ചി ഇടപെട്ടു. "എന്റെ ഒരു സുഹൃത്തിന് പെട്ടെന്നു കണ്ണു ചുവപ്പ്, തലവേദന, ഛർദ്ദി ഇങ്ങനെയൊക്കെ ആയി ആശുപത്രിയിൽ കാണിച്ചപ്പോൾ ഗ്ലോക്കോമ എന്നാണ് പറഞ്ഞത്. അച്ഛനാണെങ്കിൽ ഒരു ലക്ഷണങ്ങളും ഇല്ലായിരുന്നു. അതെന്താ അങ്ങനെ?"
" മറ്റൊരു തരമാണത്. പ്രൈമറി ആംഗിൾ ക്ലോഷർ ഗ്ലോക്കോമ (Primary angle closure glaucoma). അതായത് അടഞ്ഞ ഗ്ലോക്കോമ എന്ന് പറയാം. കണ്ണിലെ ഒരു അറ ഒരു പ്രത്യേക സന്ദർഭത്തിൽ അടയുകയും നേത്രാന്തരമർദ്ദം വളരെയധികം കൂടി, വേദനയും ചുവപ്പും എല്ലാം അനുഭവപ്പെടുന്നു വളരെ പെട്ടെന്ന് ചികിത്സ ലഭിച്ചില്ലെങ്കിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്നു. ഈ സന്ദർഭത്തിൽ ശക്തിയേറിയ മരുന്നുകൾ ഉപയോഗിച്ച് മർദ്ദം പെട്ടെന്ന് കുറയ്ക്കുകയാണ് വേണ്ടത്. അതിനു ശേഷം ഇങ്ങനെ വരാതിരിക്കാൻ കണ്ണിലെ തിരശ്ശീലയിൽ ലേസർ ഉപയോഗിച്ച് സുഷിരമുണ്ടാക്കുകയും വേണം ."
"ഇനി എന്താ ഞങ്ങൾ ചെയ്യേണ്ടത്?"
"അച്ഛന് ദിവസവും കൃത്യനേരത്ത് കണ്ണിൽ മരുന്ന് ഒഴിക്കണം .ഒരു മാസം കഴിഞ്ഞ് നേത്രാന്തരമർദ്ദം കുറഞ്ഞോ എന്ന് പരിശോധിക്കണം. കൂടാതെ ഗ്ലോക്കോമയുള്ള മാതാപിതാക്കളുടെ മക്കൾ എന്ന നിലയ്ക്ക് നിങ്ങൾ എല്ലാവരും 40 വയസ്സ് കഴിഞ്ഞാൽ ഗ്ലോക്കോമ സ്ക്രീനിംഗ് ചെയ്യണം, കാരണം മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഗ്ലോക്കോമ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഗ്ലോക്കോമ ഉണ്ടാവാൻ 10 ഇരട്ടി സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്. പ്രമേഹം, രക്തസമ്മർദ്ദം, ഹ്രസ്വദൃഷ്ടി, കണ്ണിന് പരുക്ക് എന്നിവ ഉള്ളവർക്ക് ഗ്ലോക്കോമ വരാനുള്ള സാധ്യത കൂടുതലാണ്. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ട്, പലപ്പോഴും രോഗം കണ്ടു പിടിക്കുമ്പോഴേക്കും ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നഷ്ടപ്പെട്ടിരിക്കും. അതുകൊണ്ട് 40 വയസ്സിനു മുകളിലുള്ളവരെയെല്ലാം ഗ്ലോക്കോമ പരിശോധനയ്ക്ക് പ്രേരിപ്പിക്കൂ"
(ലേഖിക പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒപ്താൽമോളജിസ്റ്റ് ആണ്)
കണ്ണിന്റെ ആരോഗ്യത്തിന് ഈ വ്യായാമങ്ങളും ഡയറ്റും നോക്കാം; വിഡിയോ