ADVERTISEMENT

നടക്കുകയോ ഓടുകയോ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവർക്ക് ഒഴിച്ചു കൂടാനാകാത്തതാണ് അത്‌ലറ്റിക് ഷൂകള്‍. ജിം ഷൂ, സ്‌പോര്‍ട്‌സ് ഷൂ, സ്‌നീക്കേഴ്‌സ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഷൂസുകള്‍ കായിക പ്രകടനത്തെ മെച്ചപ്പെടുത്തുകയും കാലുകള്‍ക്കും ശരീരത്തിനും പരുക്കു പറ്റാതെ കാക്കുകയും ചെയ്യും. അത്‌ലറ്റിക് ഷൂസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ടെന്ന് ഫൂട്ട് ആന്‍ഡ് ആങ്കിള്‍ ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ഷൂസുകള്‍ കഴിവതും ചെരുപ്പകള്‍ക്കു വേണ്ടി മാത്രമുള്ള  ഒരു സ്‌പെഷ്യാലിറ്റി സ്റ്റോറില്‍നിന്ന് വാങ്ങുന്നതാകും നല്ലത്. കാരണം നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ ഷൂ തിരഞ്ഞെടുക്കാന്‍ ഇത്തരം കടകളിലെ ജീവനക്കാര്‍ സഹായിക്കും. വര്‍ക്ക് ഔട്ടോ ഓട്ടമോ കഴിഞ്ഞ് കാലുകള്‍ ഏറ്റവും വലുപ്പത്തില്‍ ഇരിക്കുന്ന സമയത്തു ഷൂസുകള്‍ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. സാധാരണ ധരിക്കാറുള്ള സോക്‌സുകളും ധരിച്ചെത്തണം. 

609073038
Representative Image. Photo Credit : PeopleImages / iStockPhoto.com

ഷൂ ലേസുകള്‍ അഴിച്ച് വീണ്ടും ക്രിസ്‌ക്രോസ് പാറ്റേണില്‍ കെട്ടിയ ശേഷം വേണം ധരിച്ച് നോക്കാന്‍. ഷൂ കാലില്‍ ഇട്ടു കഴിയുമ്പോള്‍ അതിനുള്ളിലെ വിരലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കണം. ഏറ്റവും നീളമേറിയ വിരലിനും ഷൂസിന്റെ അറ്റത്തിനും ഇടയില്‍ ഒരു തള്ളവിരല്‍ വയ്ക്കാനുള്ള ഇടം ഇരിക്കണം. നിങ്ങള്‍ ഇട്ട് നോക്കുമ്പോള്‍ത്തന്നെ ഷൂസുകള്‍ സൗകര്യപ്രദമായി തോന്നണം. അല്ലാതെ പിന്നെ ഇട്ടുശീലമായി അവ സൗകര്യപ്രദമായിക്കോളുമെന്ന വിചാരത്തില്‍ ഷൂ വാങ്ങരുത്. 

ഷൂസുകള്‍ ഇട്ട് ഒന്നുരണ്ടു ചുവടു നടക്കുകയോ ഓടുകയോ ചെയ്ത് അവ സൗകര്യപ്രദമാണെന്ന് ഉറപ്പ് വരുത്തണം. കാലിന്റെ ഉപ്പൂറ്റിക്ക് ഷൂസ് ഉറച്ച ഗ്രിപ്പ് നല്‍കുന്നുണ്ടോ എന്നും പരിശോധിക്കണം. നടക്കുമ്പോഴോ ഓടുമ്പോഴോ ഉപ്പൂറ്റി വഴുതുന്നുണ്ടെങ്കില്‍ ആ ഷൂ തിരഞ്ഞെടുക്കരുത്. ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ കായിക ഇനത്തില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ സ്‌പോര്‍ട്‌സ് സ്‌പെസിഫിക് ഷൂ തന്നെ എടുക്കാന്‍ ശ്രദ്ധിക്കണം. 300-500 മൈല്‍ ഓട്ടത്തിനും 300 മണിക്കൂര്‍ വ്യായാമത്തിനും ശേഷം ഷൂസിന്റെ കുഷ്യന്‍ തേഞ്ഞ് തുടങ്ങും. ഇതിനാല്‍ ഈ സമയത്ത് ഷൂസുകള്‍ മാറ്റി വാങ്ങേണ്ടതാണ്. 

നടക്കാനും ഓടാനും മലകയറാനും പറ്റിയത്, ടെന്നിസ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍ തുടങ്ങി കോര്‍ട്ടിലെ കായിക ഇനങ്ങള്‍ക്കുള്ളത്, ഫുട്‌ബോള്‍, ബേസ്‌ബോള്‍ പോലുള്ള ഫീല്‍ഡ് കായിക ഇനങ്ങള്‍ക്കുള്ളത്, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ക്കുള്ളത്, ഗോള്‍ഫ്, എയറോബിക് ഡാന്‍സിങ്, സൈക്ലിങ് എന്നിവയ്ക്കുള്ളത് എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കുള്ള ഷൂസുകള്‍ ലഭ്യമാണ്. ഓരോന്നിന്റെയും ഡിസൈനും നിര്‍മാണ സാമഗ്രിയും ഭാരവും വ്യത്യസ്തമായിരിക്കും. നിരവധി കായിക ഇനങ്ങള്‍ക്ക് ഉതകുന്ന ക്രോസ് ട്രെയ്‌നര്‍ ഷൂസുകളും വിപണിയിലുണ്ട്. 

1213287176
Representative Image. Photo Credit : Tina Zupancic / iStockPhoto.com

ഷൂസുകള്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ കാലുകള്‍ക്കോ കണങ്കാലിനോ വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആക്‌സസറീസും വിപണിയില്‍ ലഭിക്കും. ഉപ്പൂറ്റിക്ക് താഴെയുള്ള വേദന കുറയ്ക്കുന്ന ഹീല്‍ കപ്പ്, വിരലുകള്‍ക്ക് താഴെയുള്ള വേദന മാറ്റുന്ന മെറ്റടാര്‍സല്‍ പാഡ്, കാലിന്റെ കമാനത്തിന് പിന്തുണ നല്‍കുന്ന ആര്‍ച്ച് സപ്പോര്‍ട്ട് എന്നിങ്ങനെ നീളുന്നു ഷൂസുകളുമായി ബന്ധപ്പെട്ട സാമഗ്രികളുടെ നിര. കാലിലെ പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ അസ്ഥിരോഗ വിദഗ്ധനെ കാണാനും മറക്കരുത്. 

English Summary:

What really matters when choosing an athletic shoe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com