ADVERTISEMENT

ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി എട്ടു വയസ്സുകാരി മരിച്ചതാണ് പുതിയ വാർത്ത. ഭക്ഷണമോ മറ്റു വസ്‌തുക്കളോ കുടുങ്ങി ശ്വാസം കിട്ടാതായാൽ വെറും നാലു മുതൽ എട്ടു മിനിറ്റ് വരെ മാത്രമേ ജീവനു പിടിച്ചുനിൽക്കാൻ സാധിക്കൂ. ഈ കുറഞ്ഞ സമയത്തിനകം തക്ക ശുശ്രൂഷ കിട്ടിയാൽ രക്ഷപ്പെടാം. എന്തെങ്കിലും വിഴുങ്ങിയതു മൂലം ശ്വാസതടസ്സമുണ്ടാകുന്നവരെ രക്ഷിക്കാനുള്ള അടിയന്തരശുശ്രൂഷയാണു ഹെംലിക് മെനൂവർ (THE HEIMLICH MANOEUVRE). ഹെംലിക് മെനൂവർ ഇങ്ങനെ:

ശ്വാസതടസ്സമനുഭവപ്പെടുന്നയാളുടെ പിന്നിൽ ശുശ്രൂഷകൻ നിൽക്കുക. തുടർന്നു രണ്ടു കയ്യും മുന്നോട്ടെടുത്തു രോഗിയെ ചുറ്റിപ്പിടിക്കുക. 

ഒരു കൈ മുഷ്‌ടി ചുരുട്ടി, തള്ളവിരലിന്റെ ഭാഗം രോഗിയുടെ വയറിൽ ചേർത്തു പിടിക്കണം. വാരിയെല്ലിനു താഴെയും പൊക്കിളിനു മുകളിലുമായാണു കൈ വരേണ്ടത്. മറ്റേ കൈകൊണ്ട്  ഈ മുഷ്‌ടിക്കു മുകളിലായി മുറുകെ പിടിക്കുക. വാരിയെല്ല് ഞെങ്ങാതെ വയറിലേക്കു ബലം കൊടുക്കുക. തുടർന്ന്, മുഷ്‌ടി പെട്ടെന്നു മുകളിലേക്കും താഴേക്കും നീക്കുക. വായുസഞ്ചാരം സുഗമമാകത്തക്ക രീതിയിൽ അമർത്തിവേണം ചെയ്യാൻ.
കുടുങ്ങിയിരിക്കുന്ന വസ്‌തു പുറത്തുവരുംവരെ ഇതു തുടരുക. തുടർന്നു വൈദ്യസഹായം തേടാം. 

അടുത്തു മറ്റാരുമില്ലെങ്കിൽ
1. മുകളിൽ പറഞ്ഞ രണ്ടു മുതൽ നാലു വരെയുള്ള കാര്യങ്ങൾ സ്വയം ചെയ്യാം. അല്ലെങ്കിൽ കസേരയിലോ മറ്റോ വയറിന്റെ ഭാഗം അമർത്തിവച്ചുകൊണ്ടു മുകളിലേക്കു ബലം കൊടുത്ത് അമർത്താം ((UPWARD THRUST) ) 

രോഗിയുടെ ബോധം മറഞ്ഞാൽ
1. ശ്വാസതടസ്സമുണ്ടായ ആളെ നിലത്തു നിവർത്തിക്കിടത്തിയ ശേഷം അയാളുടെ കാൽമുട്ടിന്റെ മുകൾഭാഗത്തായി ശുശ്രൂഷകൻ കയറിയിരിക്കുക.
2. വയറിൽ, വാരിയെല്ലുകൾക്കു താഴെയും പൊക്കിളിനു മുകളിലുമായി കൈപ്പടം കമഴ്‌ത്തിവയ്‌ക്കുക. ഇതിനു മുകളിലേക്കു മറ്റേ കയ്യും വയ്‌ക്കുക. 
3. തുടർന്നു ശുശ്രൂഷകൻ നന്നായി ആഞ്ഞ്, ശരീരഭാരം കൊടുത്തു മുകളിലേക്ക് അമർത്തുക. 
4. കുടുങ്ങിയ വസ്‌തു പുറത്തുവരുംവരെ ഇതു തുടരാം. 

ഹെംലിക് മെനൂവർ ചെയ്യുമ്പോഴുണ്ടാകുന്ന മർദം ശ്വാസനാളത്തിലെ വായുസഞ്ചാരത്തിനു സഹായകമാകും. വാരിയെല്ലുകളിൽ അമർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസതടസ്സം മാറുന്നില്ലെങ്കിൽ ഉടൻ കൃത്രിമശ്വാസോച്‌ഛ്വാസം കൊടുക്കുകയും നെഞ്ചിന്റെ മധ്യഭാഗത്തായി രണ്ടുകയ്യും ഉപയോഗിച്ചു ക്രമമായി അമർത്തുകയും (സിപിആർ) ചെയ്യുക. ഉടൻ വൈദ്യസഹായം തേടണം. 

ശ്രദ്ധിക്കേണ്ടത്
രോഗിയെ ഉലച്ചുകൊണ്ടു പുറകിൽ വെറുതെ അടിക്കരുത്. ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കൈപ്പത്തിയുടെ താഴ്‌ഭാഗംകൊണ്ടു പുറത്ത് ഇടിക്കുകയാണു വേണ്ടത്. ചെറിയ വസ്‌തുക്കൾ ചുമച്ചു പുറത്തുപോകാൻ ഇതു സഹായിക്കും. 

ഗർഭിണികളുടെയോ അമിതവണ്ണമുള്ളവരുടെയോ തൊണ്ടയിൽ എന്തെങ്കിലും വസ്‌തു കുടുങ്ങിയാൽ വയറിനേക്കാൾ നെഞ്ചിൽ അമർത്തുന്ന രീതിയിലാണു നല്ലത്. ഭക്ഷണമോ മറ്റോ കുടുങ്ങിയാൽ സംസാരിക്കാനോ ശ്വാസമെടുക്കാനോ പ്രയാസമുണ്ടാകും. ഇതു ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പ്രഥമശുശ്രൂഷ നൽകണം. ശ്വാസം ലഭിക്കാതെ രോഗിയുടെ മുഖം നീലനിറമാകുകയോ ബോധം മറയുകയോ ചെയ്യാം. 

Photo Credit: IgorTsarev/ Istockphoto
Photo Credit: IgorTsarev/ Istockphoto

കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങിയാൽ

1. കുഞ്ഞിനെ മുഖമുയർത്തിക്കിടത്തുകയോ, മടിയിൽ മുഖം പുറത്തേക്കാക്കി ഇരുത്തുകയോ ചെയ്യുക.

2. രണ്ടു കൈകളുടെയും നടുവിരലും ചൂണ്ടുവിരലും ചേർത്തു മുകളിലേക്കു ബലം കൊടുത്ത് (എങ്കിലും മൃദുവായി) അമർത്തുക. 

3. കുഞ്ഞിനെ ഒരു കയ്യിൽ കമിഴ്‌ത്തിക്കിടത്തി മറുകൈപ്പത്തിയുടെ ചുവടുഭാഗംകൊണ്ടു പുറത്തു തട്ടുകയും ചെയ്യാം. 

4. കുഞ്ഞിനു ബോധമില്ലെങ്കിൽ താടി പൊക്കിവച്ചു കിടത്തുക. ശുശ്രൂഷകന്റെ കൈവിരൽ വായിലോ മൂക്കിലോ ഇട്ടു വസ്‌തു പുറത്തെടുക്കാനാകുമോ എന്നു നോക്കാം. വിരലിട്ടു പരതരുത്.

5. കുഞ്ഞിനു കൃത്രിമശ്വാസോച്‌ഛ്വാസം നൽകണം. തുടർന്ന് നടുവിരലും ചൂണ്ടുവിരലും ചേർത്തു കുഞ്ഞിന്റെ നെഞ്ചിൽ അമർത്തുക. വിരലുകൾ എടുക്കാതെതന്നെ ഇത് അയച്ചുവിടാം. വീണ്ടും അമർത്തുകയും അയയ്‌ക്കുകയും ചെയ്യുക. ഇടയ്‌ക്കു ശ്വാസം നൽകുകയും ചെയ്യണം. ഉടൻ വിദഗ്‌ധ സഹായം തേടുക. 

6. വാരിയെല്ലിൽ ബലം വരരുത്.

English Summary:

Health Tips - Choking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com