ആരോഗ്യമുള്ളവരിലും ഹൃദയാഘാതം കൂടുന്നു; ഹൃദ്രോഗമുള്ളവർ ജിമ്മിൽ പോകുന്നത് അപകടമാണോ?
Mail This Article
പ്രായം മുപ്പതുകളിലും നാൽപതുകളിലും ഉള്ളവർ വർക്കൗട്ട് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുന്നത് പതിവായിരിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ല എന്നാണോ?
പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ, പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒന്നും അമിതമായാൽ നന്നല്ല എന്നു മാത്രം. ഉറക്കക്കുറവ്, കടുത്ത സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയെല്ലാം ആരോഗ്യവാന്മാരും പതിവായി ജിമ്മിൽ വ്യായാമം ചെയ്യുന്നവരുമായ ചെറുപ്പക്കാർക്ക് ഹൃദയാഘാതം വരാൻ കാരണമാകും. മസിൽ ഉണ്ടാകാൻ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നവർ ഏറെയാണ്. എന്നാൽ മിക്ക സപ്ലിമെന്റുകളും ആരോഗ്യകരമല്ല.
ആരോഗ്യപരിശോധനയിൽ പലപ്പോഴും ഹൃദയാഘാത സാധ്യത കണ്ടെന്നു വരില്ല. ഹൃദയധമനികളിൽ പെട്ടെന്ന് പ്ലേക്ക് വരുന്നതു മൂലം ഹൃദയാഘാതം ഉണ്ടാകാം.
പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത കൂടുതൽ. സ്ത്രീകൾക്ക് ഈസ്ട്രജൻ ഹോർമോൺ സംരക്ഷണമേകുന്നു. ആർത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതു കൊണ്ടു തന്നെ സ്ത്രീകളിലും ഹൃദയാഘാത സാധ്യത ഏറെയാണ്. ഇത് കൂടാതെ അനാരോഗ്യകരമായ ജീവിതശൈലി, ഉറക്കമില്ലായ്മ, ചടഞ്ഞുകൂടിയുള്ള ഇരിപ്പ്, പ്രമേഹം, പുകവലി തുടങ്ങിയവ സ്ത്രീകളിലും ഹൃദ്രോഗസാധ്യത കൂട്ടും.
ഹൃദ്രോഗപരിശോധന എപ്പോൾ?
ഹൃദ്രോഗത്തിന്റെ കുടുംബചരിത്രം (വളരെ ചെറുപ്പത്തിൽ ബന്ധുക്കൾക്ക് ആർക്കെങ്കിലും ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിൽ) ഉള്ളവർ 35 മുതൽ 40 വയസ്സുവരെ ഉള്ള പ്രായത്തിൽ രണ്ടു വർഷത്തിലൊരിക്കൽ പരിശോധന നടത്തണം.
ഹൃദ്രോഗം ഉള്ളവർ ജിമ്മിൽ പോകാമോ?
ഹൃദ്രോഗം ഉണ്ടെന്നു കണ്ടെത്തിയിട്ടുള്ളവർക്കോ ഹൃദയാഘാതം ഉണ്ടായിട്ടുള്ളവർക്കോ മുൻപ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കോ ജിമ്മിൽ ചേരാം; വൈദ്യനിർദേശപ്രകാരം മാത്രം. വ്യായാമത്തിന്റെ സമയവും ഗാഢതയും എല്ലാം ഹൃദ്രോഗചികിത്സാവിദഗ്ധർ നിർദേശിക്കുന്നതു പോലെ മാത്രമേ ചെയ്യാവൂ. ഏതു തരം വ്യായാമം ചെയ്യണമെന്നും ഹൃദ്രോഗികൾ ചെയ്യാൻ പാടില്ലാത്ത വ്യായാമങ്ങൾ ഏതൊക്കെ എന്നും അറിയാവുന്ന ACLS/ BCLS സർട്ടിഫൈഡ് ട്രെയ്നർ കൂടെയുണ്ടാവണം.
വ്യായാമം കഠിനമോ?
നമ്മൾ നമ്മുടെ ശരീരത്തെ ശ്രദ്ധിക്കണം. ക്ഷീണം തോന്നിയാൽ വ്യായാമം നിർത്തി വിശ്രമിക്കണം. മതിയായ പരിശീലനം നടത്തിയശേഷമേ വ്യായാമം ചെയ്യാവൂ. ഓരോ സെഷനു മുൻപും വാം അപ്പും അവസാനം കൂൾ ഡൗണും ഉണ്ടായിരിക്കണം.