പൂപ്പലും കാരണമാകാം, ആരെയും ബാധിക്കാം; ന്യുമോണിയയുടെ കാരണം, പരിശോധന, ചികിത്സ എന്നിവ അറിയാം
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി സാഹചര്യങ്ങളുണ്ട്. നമ്മുടെ പ്രതിരോധസംവിധാനത്തിലെ തകരാറുകൾ, പൊതു ആരോഗ്യസ്ഥിതി മോശമാകൽ, ആക്രമണോൽസുകത കൂടിയ അണുജീവികൾ, വായിലെ ശുചിത്വക്കുറവുമൂലം അണുജീവികൾ പെരുകി അവ ഉമിനീരു വഴി ശ്വാസകോശങ്ങളിലേക്ക് എത്തുക തുടങ്ങിയവ ഉദാഹരണങ്ങൾ. ഇങ്ങനെ അണുബാധ മൂലം ശ്വാസകോശ കലകൾക്കുണ്ടാകുന്ന നീർക്കെട്ടിനെയാണ് ന്യൂമോണിയ എന്നു വിളിക്കുന്നത്. പ്രായഭേദമെന്യേ ആരെയും ബാധിക്കാവുന്ന ഈ രോഗാവസ്ഥ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലും വൃദ്ധരിലും മരണ കാരണങ്ങളിൽ ഒന്നാമനാണ്.
പൊതുസമൂഹത്തിൽ ന്യൂമോണിയ രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക അതുവഴി ഈ രോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ലോക ന്യൂമോണിയ ദിനം നവംബർ 12 നു ആചരിക്കുന്നത് .ഓരോ ശ്വാസവും വിലപ്പെട്ടതാണ്, ന്യൂമോണിയയെ അതിന്റെ പാതയിൽ തന്നെ തടയുക(Every Breath Counts : Stop Pneumoniya in its Track) എന്നതാണ് ഈ വർഷത്തെ ന്യൂമോണിയ ദിന സന്ദേശം.
നിരവധി ബാക്ടീരിയകൾ ഈ രോഗാവസ്ഥയ്ക്കു കാരണമാകാറുണ്ട്. ന്യൂമോകോക്കസ്, സ്റ്റാഫൈലോകോക്കസ്, ക്ലബ്സിയല്ല, സ്യൂഡോമോണാസ്, മൈക്കോപ്ലാസ്മ തുടങ്ങിയവ ഉദാഹരണങ്ങൾ. വൈറസ് വിഭാഗത്തിൽ കോവിഡ് വൈറസ്, മറ്റു ഇൻഫ്ലുവൻസ വിഭാഗങ്ങൾ, അഞ്ചാംപനിയുണ്ടാക്കുന്ന മീസിൽസ് വൈറസ്, ചിക്കൻപോക്സ് വൈറസ് തുടങ്ങിയവയൊക്കെ ന്യുമോണിയ ഉണ്ടാക്കാം. പൂപ്പലുകളും ന്യൂമോണിയക്കു കാരണമാകാം. കാൻസർരോഗബാധ, എച്ച്.ഐ.വി., അവയവങ്ങൾ മാറ്റിവച്ചതിനു ശേഷമുള്ള തുടർചികിത്സ, ജന്മനാ ഉള്ള ചില തകരാറുകൾ എന്നിങ്ങനെ പ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളിലാണ് സാധാരണ ഗതിയിൽ പൂപ്പൽ ന്യൂമോണിയ ഉണ്ടാകുന്നത്. ആസ്പർജിലസ്, കാൻഡിഡ തുടങ്ങിയ ഫംഗസുകൾ ഉണ്ടാക്കുന്ന ഇത്തരം ന്യുമോണിയകൾ ഏറെ അപകടകരവും ആണ്.
ലക്ഷണങ്ങൾ
രോഗാണു ഏതാണ്, അവയുടെ ആക്രമണശക്തി, വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രായം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ലക്ഷണങ്ങൾ പ്രകടമാകുന്നതിനെ സ്വാധീനിക്കാം. വിറയലോടു കൂടിയ കടുത്ത പനി, ശരീരവേദന, ശ്വാസംമുട്ടൽ, കഫത്തോടു കൂടിയ ചുമ തുടങ്ങിയവയാണ് ബാക്ടീരിയകൾ മൂലമുള്ള ന്യുമോണിയയുടെ പൊതുവായ ലക്ഷണങ്ങൾ അതിസൂക്ഷ്മ ബാക്ടീരിയ ആയ മൈക്കോപ്ലാസ്മ കൊണ്ടുണ്ടാകുന്ന ന്യുമോണിയയിൽ ഇത്തരം ലക്ഷണങ്ങൾ കാണാറുമില്ല. പലപ്പോഴും തലവേദന, ശരീരക്ഷീണം തുടങ്ങി ശ്രദ്ധിക്കപ്പെടാത്ത ലക്ഷണങ്ങളോടെയാവും അവയുടെ വരവ്. മൂക്കടപ്പ്, മൂക്കൊലിപ്പ്, വരണ്ട ചുമ, ശരീര വേദന തുടങ്ങിയവയാണ് വൈറൽ ന്യുമോണിയയിൽ കണ്ടു വരാറുള്ളത്. പൂപ്പൽ മൂലമുള്ള ന്യൂമോണിയകളിലും സാധാരണ ലക്ഷണങ്ങൾ കണ്ടെന്നുവരില്ല.
പ്രായമേറിയവരിലാകട്ടെ കാര്യമായ ലക്ഷണങ്ങളൊന്നും തന്നെ കാണണമെന്നില്ല. അത് ഏതുതരം ന്യുമോണിയ ആണെങ്കിൽ പോലും. ശരീരത്തിന്റെ പ്രതിരോധ ശേഷി പ്രായമായവരിൽ കുറയുന്നതാണ് രോഗലക്ഷണങ്ങൾ കാണാതിരിക്കുന്നതിന്റെ കാരണം. അതു കൊണ്ട് അവർക്കുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളോ പെട്ടെന്നുണ്ടാകുന്ന ശരീരക്ഷീണമോ വിശപ്പില്ലായ്മയോ ഒക്കെ ഗൗരവമായെടുക്കണം. അതൊക്കെ തന്നെ ന്യൂമോണിയയുടെ തുടക്ക ലക്ഷണങ്ങളാകാനിടയുണ്ട്.
ന്യുമോണിയ പല ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടാം. അതു ശ്വാസകോശത്തിന്റെ ഒരു അറയെയോ ഒന്നിലധികം അറകളെയോ ബാധിക്കാം. ചിലപ്പോഴാകട്ടെ ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങളിൽ നീർകെട്ടുണ്ടാക്കി അങ്ങിങ്ങായി പൊട്ടുകളായി പ്രത്യക്ഷപ്പെടാം. ശ്വാസകോശത്തിൽ കേടുപാടുകൾ ഉള്ളവരിലും, പ്രതിരോധശേഷി തീരെ കുറഞ്ഞവരിലും ന്യുമോണിയ ഇടയ്ക്കിടെ ഉണ്ടായെന്നു വരാം. ഇതിനെ ആവർത്തിത ന്യുമോണിയ (Recurrent Pneumonia) എന്ന് വിളിക്കുന്നു.
രോഗ നിർണയം രോഗചരിത്രവും
ക്ലിനിക്കൽ പരിശോധനയും രോഗനിർണയത്തിൽ സുപ്രധാനം. നെഞ്ചിന്റെ എക്സ്റേ പരിശോധന രോഗം ശ്വാസകോശത്തിൽ എവിടെയൊക്കെ എത്രത്തോളം വ്യാപിച്ചു എന്നൊക്കെയറിയാൻ സഹായിക്കും. ഇതു കൂടുതൽ വ്യക്തതയോടെ അറിയാൻ നെഞ്ചിന്റെ സി ടി സ്കാൻ ചിലപ്പോൾ ആവശ്യമായി വരാറുണ്ട്.
അത്തരം പരിശോധനകളിൽ പാടുകളായോ, ശ്വാസകോശത്തിന്റെ ഭാഗങ്ങൾ വെളുത്തിരിക്കുന്നതായോ കണ്ടുവരും. അണുബാധ ഏതെന്നറിയാൻ കഫത്തിന്റെയും രക്തത്തിന്റെയും കൾച്ചർ പരിശോധനയും സാധാരണ നടത്താറുണ്ട്. ശ്വാസകോശ ആവരണങ്ങൾക്കിടയിൽ നീർക്കെട്ടുണ്ടായാൽ അവിടെ നിന്നും ദ്രാവകം കുത്തിയെടുത്ത് പരിശോധിക്കുന്നതും ശ്വാസനാളികളിൽ നിന്നു ബ്രോങ്കോസ്കോപ്പി വഴി സ്രവമെടുത്ത് പരിശോധിക്കുന്നതും ചില സാഹചര്യങ്ങളിൽ ആവശ്യമായി വരാം.
വൈറൽ ന്യുമോണിയകളുടെ സ്ഥിരീകരണം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. രക്തത്തിൽ നിന്നോ മറ്റു സ്രവങ്ങളിൽ നിന്നോ വൈറസുകളെ വേർതിരിച്ചെടുക്കൽ ദുഷ്കരമാണ്. സാധാരണ ഉണ്ടാകുന്ന വൈറൽ പനികൾ വ്യത്യസ്ത രീതിയിൽ പെരുമാറുക, സാധാരണ ആന്റിബയോട്ടിക്കുകൾ പ്രയോജനം ചെയ്യാതിരിക്കുക എന്നിവ വൈറൽ ന്യുമോണിയയുടെ സാന്നിധ്യം സംശയിക്കേണ്ട ഘടകങ്ങളാണ്. ഫംഗസുകളെയാവട്ടെ കൾച്ചർ ചെയ്യുക എളുപ്പമല്ല. ഫംഗസുകൾ ഉൽപാദിപ്പിക്കുന്ന ചിലയിനം വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാണ് രോഗനിർണയം. രോഗസാഹചര്യങ്ങളെയും രോഗിയുടെ നിലയെയും വിശദമായി അപഗ്രഥിക്കലും ഇത്തരം ഘട്ടങ്ങളിൽ സുപ്രധാനം. അണുബാധ മൂലമല്ലാതെ ശ്വാസകോശ അറകളിൽ നീർക്കെട്ടുണ്ടാകുന്ന ന്യൂമോണൈറ്റിസ് (Pnemonitis) കളെയും ന്യൂമോണിയ സമാന ലക്ഷണങ്ങളുടെ പ്രത്യക്ഷപ്പെടാവുന്ന മറ്റു സങ്കീർണാവസ്ഥകളെയും തിരിച്ചറിയേണ്ടതും ശരിയായ ചികിത്സ തുടങ്ങാൻ അനിവാര്യമാണ്.
രോഗ ചികിത്സ
ചികിത്സ വൈകുന്തോറും അപകടസാധ്യത ഏറുന്ന രോഗമായതിനാൽ ഉടനടി ചികിത്സ തുടങ്ങേണ്ടത് അനിവാര്യം. രോഗ സാഹചര്യം, രോഗാണു ഏത് എന്നിവ വിലയിരുത്തിയാണ് ചികിത്സ വീട്ടിൽ വച്ചു മതിയോ അതോ ആശുപത്രിയിൽ കിടത്തി വേണോ എന്നൊക്കെ തീരുമാനിക്കുന്നത്.
ആന്റിബയോട്ടിക്കുകളാണ് ബാക്ടീരിയ മൂലം ഉണ്ടാകുന്ന ന്യൂമോണിയകൾക്കുള്ള പ്രധാന ചികിത്സ. വൈറൽ ന്യുമോണിയകളിൽ ആന്റി വൈറൽ വിഭാഗത്തിൽപ്പെട്ട മരുന്നുകളും പൂപ്പൽ കൊണ്ടുണ്ടാകുന്ന ന്യുമോണിയയ്ക്ക് ആന്റി ഫംഗൽ വിഭാഗത്തിൽപ്പെട്ടവയും വേണം. എന്നാൽ വിവിധ അണുവിഭാഗങ്ങൾ ഒന്നിച്ചു ചേർന്ന് ആക്രമിക്കുന്ന ഘട്ടങ്ങളിൽ ഈ മരുന്നുകളെല്ലാം തന്നെ ഏറെ സൂക്ഷ്മതയോടെ നൽകേണ്ടി വരും.ഇതിനു പുറമേ ശ്വാസതടസ്സം കുറക്കാനുള്ള മരുന്നുകൾ, ഓക്സിജൻ, കൃത്രിമ ശ്വാസോച്ഛാസ സംവിധാനങ്ങൾ തുടങ്ങിയവയൊക്കെ ചികിത്സയിൽ ആവശ്യമായി വന്നേക്കാം.
പ്രതിരോധം പ്രധാനം
രോഗാണു ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് എത്തുന്നത് വായു മാർഗമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക, മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക തുടങ്ങിയ വ്യക്തി ശുചിത്വശീലങ്ങൾ ന്യുമോണിയ നിയന്തണത്തിൽ പ്രധാനമാണ്. പുകവലിയും, മദ്യപാനവും ഒഴിവാക്കുക, ചെറിയ അസുഖങ്ങൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സിക്കാതിരിക്കുക എന്നതും രോഗ പ്രതിരോധത്തിൽ പ്രധാനം.
ന്യൂമോണിയാകാരികളായ ന്യൂമോകോക്കസ് ബാക്ടീരിയകൾക്കെതിരെയും ഇൻഫ്ലുവൻസ വൈറസുകൾക്കെതിരെയും, കോവിഡിനെതിരെയുമൊക്കെ വാക്സീനുകൾ ഇന്ന് ലഭ്യമാണ്. ന്യൂമോണിയകളെ തടയാനും അഥവാ അവ പിടിപെട്ടാൽ തന്നെ അതു ലഘുവായ രീതിയിൽ കടന്നുപോകാനും വാക്സിനുകൾ സഹായിക്കും. കോവിഡ് വാക്‌സിനുകൾ എല്ലാവരും തന്നെ എടുക്കേണ്ടതുണ്ട്. സാധാരണഗതിയിൽ രോഗസാധ്യത കൂടുതലുള്ള 65 വയസ്സിനു മേൽ പ്രായമുള്ള വ്യക്തികൾ, പ്രമേഹബാധിതർ, പുകവലിക്കാർ, അർബുദബാധിതർ, ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്കാണ് മറ്റു വാക്സിനുകൾ നൽകാറുള്ളത്.
ഓർക്കുക, ആദ്യഘട്ടത്തിൽ ചികിത്സിച്ചാൽ നല്ല ഫലം കിട്ടുന്ന രോഗാവസ്ഥയാണ് ന്യുമോണിയ. ചികിത്സ വൈകുന്നത് അപകടം ചെയ്യും. ആദ്യ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുക എന്നതും ശരിയായ ചികിത്സ ആരംഭിക്കുക എന്നതും ഏറെ പ്രധാനം.
(ലേഖകന്‍ ആലപ്പുഴ ഗവർണമെന്റ് ടി ഡി മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസറാണ്)