കുട്ടി കാറിൽ ലോക്ക് ആയാൽ? യാത്രയ്ക്കിടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവ ശ്രദ്ധിക്കണം
വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾ ബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവുമെല്ലാം ഓർക്കുന്നില്ലേ? ഏറെ ഞെട്ടലോടെയാണു നാം അവ കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾ ബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവുമെല്ലാം ഓർക്കുന്നില്ലേ? ഏറെ ഞെട്ടലോടെയാണു നാം അവ കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾ ബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവുമെല്ലാം ഓർക്കുന്നില്ലേ? ഏറെ ഞെട്ടലോടെയാണു നാം അവ കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾ ബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവുമെല്ലാം ഓർക്കുന്നില്ലേ? ഏറെ ഞെട്ടലോടെയാണു നാം അവ കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളെ യാത്രയ്ക്കിടയിൽ സുരക്ഷിതമാക്കാൻ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അത് എന്തൊക്കെയാണ് എന്നറിയാം.
ബേബി സീറ്റും ചൈൽഡ് ലോക്കും
കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് വ്യക്തമായ പ്ലാനിങ് ആവശ്യമാണ്. ഏറ്റവും നല്ല വാഹനം ഏതാണ്? വാഹനങ്ങളിലെ ഏറ്റവും പുതിയ സുരക്ഷാസംവിധാനങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നാം വളരെയേറെ പഠനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പ്രധാനപ്പെട്ട കാര്യം കുട്ടികൾക്ക് യാത്രാവേളയിൽ എന്തുമാത്രം സുരക്ഷ നാം ഉറപ്പുവരുത്തുന്നു എന്നതാണ്. സാമ്പത്തിക പരിധിക്കുള്ളിൽ നിന്ന് കൊണ്ടു പരമാവധി സുരക്ഷാ സജ്ജീകരണങ്ങളുള്ള ഒരു കാർ അല്ലെങ്കിൽ വാഹനം വാങ്ങാൻ ശ്രദ്ധിക്കുക.
യാത്രകളിൽ കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതാണു പൊതുവെ സുരക്ഷിതം. ചെറിയ കുട്ടികളെ മുതിർന്നവരുടെ കൂടെ പിൻസീറ്റിൽ ഇരുത്താം. മുതിർന്നവരുടെ മടിയിൽ ഇരുത്തിയാലും നന്നായി സപ്പോർട്ട് ചെയ്ത് ഇരുത്തണം. ചെറിയ കുട്ടികളെ കാറിന്റെ സീറ്റിനോടു ബന്ധിപ്പിക്കുന്ന ലെതർ സ്ട്രാപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്തെങ്കിലും അപകടം ഉണ്ടായാൽ അതു കുട്ടികളെ സുക്ഷിതരാക്കുന്നു. നവജാത ശിശു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റിൽ ഘടിപ്പിക്കാവുന്ന ബേബി സീറ്റുകളും വിപണിയിലുണ്ട്. സീറ്റ് ബെൽറ്റ് ഹോൾഡറുകളും ഉപയോഗത്തിലുണ്ട്. കാറിന്റെ ചൈൽഡ് ലോക്ക് സംവിധാനം കുട്ടികൾക്കു കൂടുതൽ സംരക്ഷണം നൽകുന്നു. കുട്ടികളുണ്ടെങ്കിൽ ചൈൽഡ് ലോക്ക് നിർബന്ധമായും ഉപയോഗിക്കണം. ഗ്ലാസുകൾ എല്ലാം പൂർണമായി ഉയർത്തണം. വാഹനം നിർത്തിയതിനുശേഷം മുതിർന്നവർ ആദ്യം ഇറങ്ങി വാഹനങ്ങൾ ഒന്നും വരുന്നില്ല എന്ന് ഉറപ്പു വരുത്തിയശേഷം മാത്രം കുട്ടികളെ ഇറക്കുക. കുട്ടികളെ പിൻസീറ്റിൽ നീണ്ടുനിവർത്തി കിടത്തരുത്. ബ്രേക്ക് ചവിട്ടുകയാണെങ്കിൽ തെറിച്ചു വീണ് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. കുട്ടികളെയും കൊണ്ട് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ചൈൽഡ് സ്ട്രാപ്പുകളും പ്രചാരത്തിലുണ്ട്.
കുട്ടി കാറിൽ ലോക്ക് ആയാൽ
ഒരു കാരണവശാലും കുട്ടികളെ കാറിൽ തനിച്ചാക്കരുത്. കുട്ടികൾ കാറിനുള്ളിൽ ഏറെ നേരം അകപ്പെട്ടാൽ സാധാരണ സംഭവിക്കുന്ന പ്രശ്നം ചൂട് കൂടുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ഹൈപ്പർ തെർമിയ ആണ്. കാറിനുള്ളിൽ പെട്ടെന്നു തന്നെ ഊഷ്മാവ് വർധിക്കാനിടയാകും. അത് കുട്ടികളുടെ ജീവനു തന്നെ ആപത്തായി മാറാം. കാർ ലോക്ക് ചെയ്യുന്നതിനു മുൻപ് കുട്ടികൾ പുറത്താണ് എന്ന് ഉറപ്പുവരുത്തുക. കുട്ടി കുറേ സമയം ലോക്ക് ചെയ്ത കാറിനുള്ളിലാണെന്നറിഞ്ഞാൽ പെട്ടെന്നു തന്നെ കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുക. അറിയാതെ കാറിനുള്ളിൽ കുടുങ്ങിയാൽ ഹോണടിച്ച് ശ്രദ്ധയാകർഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. അടച്ചിട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കിയ കുട്ടിയെ എത്രയും പെട്ടെന്ന് തണുപ്പുള്ള മുറിയിലേക്കോ താപനില കുറഞ്ഞ മറ്റൊരു വാഹനത്തിലേക്കോ മാറ്റുക. വസ്ത്രം മാറ്റി ശരീരം തണുക്കാനനുവദിക്കുക. ധാരാളം വെള്ളം കുടിപ്പിക്കുക. മധുരവും ഉപ്പും ചേർത്ത ലായനികൾ ധാരാളം നൽകാം. തുണി തണുത്ത വെള്ളത്തിൽ മുക്കി ദേഹത്തിടാം. നിർജ്ജലീകരണം കൂടിയ അവസ്ഥയിലാണെങ്കിൽ കുട്ടിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.
സ്കൂൾ ബസിലും സുരക്ഷ നൽകാം
സ്കൂൾ ബസ്സിൽ സീറ്റ് ബെൽറ്റുകൾ ഉണ്ടെങ്കിൽ അത് കുട്ടികൾ ഉപയോഗിക്കുക തന്നെ വേണം. കഴിവതും കുട്ടികളെ നിർത്തി യാത്ര ചെയ്യരുത്. കൈയും തലയും പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കണം. ബസ് സ്റ്റോപ്പിൽ നിർത്തിയതിനുശേഷം കുട്ടി കയറാനും നിർത്തിയതിനുശേഷം ഇറങ്ങാനും ശ്രദ്ധിക്കുക. സ്കൂൾ ബസ് ലോക്ക് ചെയ്യും മുൻപ് കുട്ടികൾ എല്ലാവരും ഇറങ്ങി എന്നുറപ്പു വരുത്തുക.
ഒരുക്കാം ഫസ്റ്റ് എയ്ഡ് കിറ്റ്
യാത്രയ്ക്കിടയിൽ കുട്ടികളിൽ സാധാരണയായി വരുന്ന ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ യാത്രയിൽ വാഹനത്തിൽ കരുതേണ്ട പ്രധാനപ്പെട്ട ചില മരുന്നുകളുമുണ്ട്. അവ ഒരു ബാഗിൽ എടുത്തുവയ്ക്കാം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.
∙പനി– യാത്രാ വേളയിൽ പനി ഉണ്ടായാൽ 6 മണിക്കൂർ ഇടവിട്ട് പാരസെറ്റമോൾ നൽകാം. ഇളംചൂടുവെള്ളത്തിൽ ചൂട് കുറയുന്നതു വരെ ദേഹം തുടച്ച് എടുക്കാം. ഫിറ്റ്സ് ഉള്ള കുട്ടികളാണെങ്കിൽ അതിനുള്ള ഗുളികയും ഡോക്ടറുടെ നിർദേശപ്രകാരം നൽകണം. ചെറിയ കുട്ടികൾക്ക് പാരസെറ്റമോൾ സിറപ്പും വലിയ കുട്ടികൾക്ക് ഗുളികയും നൽകാം.
∙ഛർദി – ഛർദി ഉണ്ടാകുന്ന കുട്ടികൾക്ക് ഛർദിയുടെ സിറപ്പ് നൽകാം. ഛർദി കുറയ്ക്കുന്നതിനു നാക്കിൽ ഒട്ടിക്കാവുന്ന സ്ട്രിപ്പുകളും ഡോക്ടറുടെ നിർദേശപ്രകാരം നൽകാം.
∙വയറിളക്കം– വയറിളക്കം ഉണ്ടാകുന്ന കുട്ടികൾക്കു മരുന്നുകളും പ്രോബയോട്ടിക്കുകളും നൽകാം. അതിനൊപ്പം നിർജലീകരണം തടയാൻ ഒആർഎസ് ലായനിയും നൽകാം. കഞ്ഞിവെള്ളം, തിളപ്പിച്ച് ആറിയ വെള്ളം എന്നിവയും നല്ലതാണ്.
∙ജലദോഷം – ജലദോഷത്തിനു മൂക്കിൽ ഒഴിക്കുന്ന തുള്ളി മരുന്നുകളും സിറപ്പുകളും ഡോക്ടറുടെ നിർദേശപ്രകാരം നൽകാം.
∙ചുമ ഉണ്ടായാൽ കഫ് സിറപ്പുകൾ, നൽകാം. ശ്വാസം മുട്ടൽ ഉണ്ടാകുന്ന കുട്ടികൾക്ക് സാൽബ്യൂട്ടമോൾ ഇൻഹേലർ പ്രയോജനപ്പെടും.
∙ഗ്യാസ് കെട്ടുക – ഗ്യാസിനുള്ള കാർമിനേറ്റീവ് മിക്സ്ചർ ഡോക്ടറുടെ നിർദേശ പ്രകാരം നൽകാം. ഗ്യാസ് പ്രശ്നത്തിനു ചെറിയ കുട്ടികൾക്കു സിറപ്പുണ്ട്. മുതിർന്ന കുട്ടികൾക്ക് ഗ്യാസിനുള്ള ഗുളിക നൽകാം.
∙ഫിറ്റ്സ് – ചില കുട്ടികൾക്ക് പനി കൂടി ഫിറ്റ്സ് വരാനിടയുണ്ട്. പനിയുടെ മരുന്ന് കൃത്യമായ ഇടവേളകളിൽ നൽകുക. ഫിറ്റ്സ് ഉണ്ടായാൽ ഒരു വശത്തേക്ക് കുട്ടിയെ ചെരിച്ചു കിടത്തി ശരീരം തുടച്ചു കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.
∙തലചുറ്റൽ – തലചുറ്റൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് നിലത്തു കിടത്തി കാലുകൾ ഉയർത്തി വയ്ക്കുക. മുഖത്തു വെള്ളം തളിക്കുക. ധാരാളമായി വെള്ളം കുടിപ്പിക്കുക. ഇതുകൂടാതെ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൂടെ കരുതാം. ആസ്മ ഉള്ള കുട്ടികൾ ഒരു കാരണവശാലും ഇൻഹേലർ മുടക്കാൻ പാടില്ല.
ജലദോഷത്തിനു മരുന്നുകളും മൂക്കടപ്പിന് മൂക്കിൽ ഒഴിക്കാനുള്ള തുള്ളിമരുന്നുകളും കരുതാം. മുറിവുണ്ടായാൽ പുരട്ടാൻ ബീറ്റാഡിൻ ഓയിൻമെന്റ് സൂക്ഷിക്കാം. മരുന്നുകൾക്കൊപ്പം അത്യാവശ്യമായി വേണ്ട ചിലതു കൂടിയുണ്ട്. ബാൻഡേജുകൾ, ഒട്ടിക്കുന്ന ടേപ്പ്, കൈയുറകൾ, തെർമോമീറ്റർ, പൾസ് ഓക്സിമീറ്റർ, കത്രിക, പനി വന്നാൽ തുടയ്ക്കാനുള്ള തുണി എന്നിവയാണവ. കലാമിൻ ലോഷൻ, കൊതുകു റിപ്പല്ലന്റുകൾ എന്നിവയും കരുതണം.
ആഹാരത്തിലും ശ്രദ്ധ വേണം
ആറുമാസത്തിൽ താഴെയുള്ള കുട്ടികളോടൊത്തു യാത്ര ചെയ്യുമ്പോൾ അമ്മയ്ക്കു മുലപ്പാൽ കുറവാണെങ്കിൽ അത്യാവശ്യമായി ഫോർമുല മിൽക് അഥവാ പൊടിപ്പാൽ കരുതാം. ആറുമാസം മുതൽ ഒരു വയസ്സ് വരെയുള്ള കുട്ടികൾക്ക് റാഗി അല്ലെങ്കിൽ ഏത്തയ്ക്കാപ്പൊടി ഇളംചൂടുവെള്ളത്തിൽ കുറുക്കി നൽകാം. അതുകൂടാതെ ചോറ് അരച്ചും നൽകാം. പരമാവധി നോൺവെജ് ആഹാരം ഈ പ്രായത്തിൽ യാത്രയ്ക്കിടയിൽ ഒഴിവാക്കുന്നതാണു നല്ലത്.
ഒരു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സാധാരണ മുതിർന്നവർ കഴിക്കുന്ന എല്ലാ ആഹാരവും നൽകാം. യാത്രയ്ക്കിടയിൽ പരമാവധി വെള്ളം കുടിപ്പിച്ച് നിർജലീകരണം ഒഴിവാക്കാം. പായ്ക്കറ്റിൽ ലഭിക്കുന്ന സ്നാക്കുകൾ പരമാവധി ഒഴിവാക്കുക ഇവ ഗ്യാസ് നിറയാൻ കാരണമാകുന്നു. പ്രോട്ടീനും കാൽസ്യവും ഉള്ള യോഗർട്ട്, പോപ്കോൺ എന്നിവ മുതിർന്ന കുട്ടികൾക്ക് നൽകാം. ചെറിയ കുട്ടികൾക്കു പോപ്കോൺ, കടല എന്നിവ ഒഴിവാക്കുന്നതാണു നല്ലത്. ഇത് ശ്വാസനാളത്തിൽ കുടുങ്ങിയേക്കാം. ഏത്തപ്പഴം പുഴുങ്ങിയത്, മുട്ട പുഴുങ്ങിയത് ഇതൊക്കെ മുതിർന്ന കുട്ടികൾക്കു നൽകാം. എരിവും പുളിയും കലർന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാം.
ഓടുന്ന കാറിനുള്ളിൽ വച്ച് കുട്ടിക്ക് ആഹാര സാധനമോ വെള്ളമോ കൊടുക്കാതെ ശ്രദ്ധിക്കണം. ആഹാരസാധനങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങാനുള്ള സാധ്യതയുണ്ട്. പരമാവധി വാഹനം നിർത്തി മാത്രമേ ആഹാരം കൊടുക്കാവൂ.
സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ
കുട്ടികളുമൊത്തുള്ള യാത്രയ്ക്കായി തിരഞ്ഞെടുക്കേണ്ട സ്ഥലങ്ങളും ശ്രദ്ധിക്കണം. കടലിൽ ഇറങ്ങുമ്പോൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. അനുവദിച്ചിരിക്കുന്ന ഇടങ്ങളിലും ലൈഫ് ഗാർഡുകൾ ഉള്ള സ്ഥലത്തും മാത്രം ഇറങ്ങുക. മൂന്നു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് തീം പാർക്കുകൾ കൂടുതൽ അനുയോജ്യം. അവരവരുടെ പ്രായപരിധി അനുസരിച്ചുള്ള റൈഡുകൾ മുതിർന്നവരുടെ മേൽനോട്ടത്തിൽ അനുവദിക്കാം. വെള്ളത്തിൽ ഇറങ്ങുന്ന റൈഡുകളിൽ നിർബന്ധമായും മുതിർന്നവർ കൂടെയുണ്ടാകണം. കുട്ടികൾക്കു സ്ഥിരമായി ശ്വാസം മുട്ടൽ ഉണ്ടാവുകയാണെങ്കിൽ തണുപ്പേറിയ സ്ഥലങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യം.
താമസിക്കുന്ന ഹോട്ടലുകളിൽ സ്വിമ്മിങ് പൂളുകൾ ഉണ്ടെങ്കിൽ കുട്ടികളെ കിഡ്സ് പൂളിൽ തന്നെ ഇറക്കുക. മുതിർന്നവർ കൂടെ ഉണ്ടാകണം. സ്വിമ്മിങ് ഡ്രസ്സും കരുതുക.
(ലേഖകൻ സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷൻ ആണ്)