കൈകാലുകൾക്ക് സ്വാധീനക്കുറവും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടോ? ഗില്ലൻബാരി രോഗമാകാം

Mail This Article
ഏതു പ്രായത്തിലുള്ളവരെയും ഗില്ലൻബാരി സിൻഡ്രോം ബാധിക്കാമെങ്കിലും പ്രായമേറിയവരിൽ അപകടസാധ്യത കൂടുതലാണ്. നാഡികളെ ബാധിക്കുന്ന അപൂർവ ഓട്ടോ ഇമ്യൂൺ രോഗമാണിത്. നാഡികളുടെ ആവരണമായ മൈലിൻ നശിച്ചു പോകുന്നത് വഴി നാഡികളിലൂടെയുള്ള പ്രവർത്തനം മന്ദഗതിയിൽ ആവുകയും തുടർന്ന് തളർച്ച ഉണ്ടാവുകയും ചെയ്യുന്നു. വിദഗ്ധ ചികിൽസ തേടിയില്ലെങ്കിൽ മരണത്തിലേക്ക് ഈ രോഗാവസ്ഥ നയിച്ചേക്കാം. എങ്കിലും അഞ്ചു ശതമാനത്തിൽ താഴെയാണ് ഗില്ലൻ ബാരി സിൻഡ്രോമിന്റെ മരണനിരക്ക്. സാധാരണഗതിയിൽ ചികിത്സയിലൂടെ പൂർണമായും സുഖം പ്രാപിക്കും.
∙ രോഗത്തിന്റെ കാരണം
കൃത്യമായ കാരണങ്ങൾ അറിവില്ലെങ്കിലും സാധാരണയായി ചില ബാക്റ്റീരിയൽ വൈറൽ അണുബാധയ്ക്കു ശേഷമോ എപ്സ്റ്റൈൻ-ബാർ വൈറസ്, സൈറ്റോമെഗലോ വൈറസ്, സിക്ക വൈറസ്, ഇൻഫ്ലുവൻസ വൈറസ്, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ, മൈകോപ്ലാസ്‌മ ന്യുമോണിയ, അപൂർവമായി ഇൻഫ്ലുവൻസ വാക്‌സിനേഷനുകൾക്കും കോവിഡ് ബാധയ്ക്കു ശേഷമോ രോഗം പ്രകടമാകാം.
∙ ലക്ഷണങ്ങൾ
കൈകാൽ വിരലുകളിൽ അനുഭവപ്പെടുന്ന മരവിപ്പും തരിപ്പും തുടർന്നു കാലുകൾക്ക് തളർച്ചയും അനുഭവപ്പെടാം. ഇരുന്നശേഷം എഴുന്നേൽക്കുമ്പോഴും പടികൾ കയറുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഭൂരിപക്ഷം രോഗികളിൽ മുഖത്തെ പേശീതളർച്ചയും കണ്ടുവരുന്നു. കണ്ണുകൾ അടയ്ക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട് അനുഭപ്പെടാറുണ്ട്. ക്രമാതീതമായ ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടാം.
∙ രോഗ നിർണയം
നാഡികൾക്കുണ്ടാകുന്ന കേടുപാടുകൾ മനസ്സിലാക്കാൻ ഉപയോഗപ്രദമായ നെർവ് കണ്ടക്‌ഷൻ ടെസ്റ്റുകളും ന്യൂറോളജിക്കൽ പരിശോധനകൾ വഴി രോഗം കണ്ടെത്താം.

∙ ചികിത്സ എങ്ങനെ?
ഇമ്മ്യൂണോഗ്ലോബുലിൻ എന്ന മരുന്ന് കുത്തിവയ്ക്കുകയും അല്ലെങ്കിൽ രോഗിയുടെ രക്തം മാറ്റി രോഗകാരണങ്ങളായ കോശങ്ങളെ അരിച്ചുമാറ്റുകയുമാണ് ചികിൽസ. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് വെന്റിലേറ്റർ സഹായം വേണ്ടി വരും. ഭൂരിപക്ഷം രോഗികളിലും ആറു മാസത്തിനകം ആരോഗ്യം വീണ്ടെടുക്കും. ചിലരിൽ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷം വരെ സമയം എടുക്കാം. ചിലരിൽ പേശീതളർച്ച നീണ്ട നാൾ നിലനിൽക്കുന്നതാണ്.
(ആലുവ രാജഗിരി ആശുപത്രി കൺസൾട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകൻ)