നിങ്ങളുടെ വീട്ടിൽ അതിഥികൾ വരാറില്ലെ എന്നാൽ നമ്മളറിയാത്ത മറ്റുചില നല്ല അതിഥികൾ കൂടി അവരോടൊപ്പം നമ്മുടെ വീട്ടിലേക്കു കടന്നു വരുന്നുണ്ട്. അതിഥികൾ ആരാണെന്നോ? ദശലക്ഷകണക്കിന് ബാക്ടീരിയകൾ. അതിഥിയായ ഒരാൾ വീട്ടിലെത്തി ഒരു തവണ ശ്വാസം പുറത്തേക്കു വിടുമ്പോൾ തന്നെ 10 ലക്ഷം ബാക്ടീരിയകളാണ് പുറത്തേക്കു വരുന്നത്. അതിൽ അറപ്പുളവാക്കേണ്ട ആവശ്യമില്ല കേട്ടോ. പ്രതിരോധശക്തി മെച്ചപ്പെടുത്താൻ കഴിയുന്ന ബാക്ടീരിയകളാണിത് എന്നാണ് ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ ജാക്ക് എ ഗിൽബർട്ട് പറയുന്നത്.
പണ്ട്, അതായത് നമ്മുടെ പൂർവ്വികന്മാർ നമ്മളെ പോലെയായിരുന്നോ? എല്ലാത്തരം പരിതസ്ഥിതിയിലും യോജിച്ചു പോകാൻ തക്ക പ്രതിരോധശേഷിയും അവർക്കുണ്ടായിരുന്നു. കാടും മൃഗങ്ങളുമൊക്കെയായിരുന്നു അവരുടെ ലോകം. ഇന്നത്തെ പോലെ സോപ്പോ ഡെറ്റോളോ ഒക്കെ ഉപയോഗിച്ച് തുടരെ തുടരെ കൈ കഴുകുന്ന ശീലമൊന്നും അവർക്കുണ്ടായിരുന്നില്ല. പണ്ടത്തെ അപേക്ഷിച്ച് കുറച്ചു കൂടി വൃത്തിയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. ബാക്ടീരിയയോട് പൊരുതാനാണ് നമ്മൾ ശീലിക്കുന്നത്. കൈ കഴുകാറുണ്ട് നമ്മൾ, ബാക്ടീരിയയെ നശിപ്പിക്കുവാൻ വേണ്ടി എന്നാൽ അതോടൊപ്പം നശിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുന്ന ഇത്തരം ബാക്ടീരിയകൾ കൂടിയാണെന്നാണ് ഗിൽബർട് പറയുന്നത്.
കുട്ടികളിൽ ഇത്തരം ബാക്ടീരിയയുടെ സാന്നിദ്ധ്യം കൂടുതലായിരിക്കും. കാരണം അവർ മൃഗങ്ങളോട് ഒരുപാട് അടുത്ത് ഇടപഴകുന്നു. മണ്ണിൽ കളിക്കുന്നു. അവരിലൂടെ മറ്റുള്ളവരിലേക്കും ഇത്തരം ബാക്ടീരിയകൾ എത്തുന്നു.
അതിഥികളെ ഇനി നിങ്ങൾ നന്ദിപൂർവ്വം സ്വാഗതം ചെയ്യണം. കാരണം അവർ വീട്ടിലെത്തുന്നതോടെ , അവർക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്കുന്നതിലൂടെ, ഒന്നു കെട്ടിപ്പിടിക്കുന്നതിലൂടെ പരസ്പരം നല്ലൊരു കാര്യമാണ് സംഭവിക്കുന്നത്'. അവരിലൂടെ നമ്മളിലേക്കെത്തുന്നത്. പ്രതിരോധശേഷി കൂട്ടുന്ന ബാക്ടീരിയകളല്ലേ.