പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമാണ് നടുവേദന. പക്ഷേ, മധ്യവയസ്കരെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. നട്ടെല്ല് നിവർത്തിപ്പിടിച്ചു നടക്കുന്ന ഏക ജീവിയാണു മനുഷ്യൻ. ഇങ്ങനെ നിൽക്കുമ്പോൾ തന്നെ ശരീരത്തിനേൽക്കുന്ന ആഘാതം മുഴുവനും നട്ടെല്ലിനെയാണു ബാധിക്കുന്നത്്. ശരീരത്തിനുണ്ടാകുന്ന അമിത ഭാരം മൂലവും നടുവേദന കാണപ്പെടാറുണ്ട്. നട്ടല്ലിലുള്ള മുപ്പത്തിമൂന്നു കാശേരുക്കളിൽ ഇരുപത്തിനാലു കശേരുക്കൾക്കിടയിലാണ് ഡിസ്കുകളുള്ളത്. ഷോക്ക്അബ്സോർബർ പോലെ പ്രവർത്തിക്കുന്നതാണ് ഡിസ്ക്. ഈ ഡിസ്കിനുണ്ടാകുന്ന തള്ളൽ കൂടുതലും പിൻഭാഗത്തേക്കാണ്. ഇങ്ങനെ വരുന്നതുമൂലം നടുവിനുണ്ടാകുന്ന വേദന കാലുകളിലേക്കും ഇറങ്ങുന്നു.
ഡിസ്ക് തെറ്റി കാലുകളിലേക്കുള്ള നാഡികളെ ഞെരുക്കുന്നതാണിതിനു കാരണം. കൂടാതെ നമ്മുടെ ജീവിത സാഹചര്യങ്ങളും വവർച്ചയുടെ ഘട്ടങ്ങളിൽ വരുന്ന താളപ്പിഴകളും ജന്മനാ ഉള്ള നട്ടെല്ലിന്റെ വളവോ തിരിവോ പിരിവോ മൂലവും നടുവേദന കാണപ്പെടുന്നു. കൂടാതെ ചതവ്, ഇരുചക്രവാഹനങ്ങളിലെ ദൂരയാത്ര, നട്ടെല്ലിലെ കാൻസർ, തലയിൽ അമിത ഭാരം ചുമക്കുക, കുനിഞ്ഞുനിന്നുള്ള ജോലികളിലേർപ്പെടുക, അധികസമയം ഒരേ നിൽപ്പുനിന്നുള്ള ജോലി ചെയ്യുക ജോലി ആവർത്തനവിരസമാകുക, മേലധികരികളുടെ സമ്മർദം മൂലം ചെയ്യുന്ന ജോലികൾ ഇവയെല്ലാം നടുവേദനയെ വിളിച്ചുവരുത്തുന്ന കാരണങ്ങളാണ്.
ചിലർക്കുണ്ടാകുന്ന നടുവേദന മനസ്സിന്റെ വൈകല്യം മൂലവും കാരണപ്പെടാറുണ്ട്. ഉത്കണ്ഠ, അകാരണമായ ഭയം, അമിതമായ പിരിമുറുക്കാം. ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെ നേരിടാൻ പറ്റാതെവരുക–ഇതെല്ലാം മധ്യവയസ്കരായ സ്ത്രീകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇതിൽ നിന്നെല്ലാം മോചനം നേടുന്നതിന് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൂടിേയ തീരൂ. യോഗ ഒരു ജീവിതചര്യയാക്കുകയും അതിലൂടെ ചിട്ടയായ ഭക്ഷണക്രമം നടപ്പാക്കുകയും ചെയ്യുക. ഇത്രയും കൊണ്ട് ജീവിതം സന്തോഷകരമാക്കാൻ സാധിക്കും.
താഡാസനം ചെയ്യുന്ന വിധം
കാലുകൾ രണ്ടും ചേർത്തുവച്ചു നിവർന്നു നിൽക്കുക അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തി വയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും നേരേ മുകളിലോട്ടുയർത്തി തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്തുപിടിക്കുക. അതോടൊപ്പം ഇരു കാലുകളുടെയും ഉപ്പൂറ്റിയും തറയിൽ നിന്നുയർത്തേണ്ടതാണ്. സാവധാനം ശ്വാസം വിട്ടുകൊണ്ട് ഇരുകൈകളും താഴ്ത്തി ശരീരത്തിനിരുവശങ്ങളിലായി കമഴ്ത്തിവയ്ക്കേണ്ടതാണ്. അതോടൊപ്പം കാലുകളുടെ ഉപ്പൂറ്റിയും തറയിൽ പതിക്കേണ്ടതാണ്. ഈ ആസനം ചെയ്യുമ്പോൾ കാലുകളുടെ ഉപ്പൂറ്റിയും കൈകളും ഒരു മിച്ചുയർത്തുകയും ഒരുമിച്ചു താഴ്ത്തുകയും ചെയ്യേണ്ടതാണ് ഇതുപോലെ എട്ടോ പത്തോ തവണ കൂടി ചെയ്യാവുന്നതാണ്.
ഗുണങ്ങൾ
താഡാസനം ചെയ്യുന്നതു മൂലം ശരീരത്തിലെ എല്ലാ സന്ധികൾക്കും അയവും കിട്ടുന്നു. നട്ടെല്ലിനോടനുബന്ധിച്ചുള്ള പേശികൾക്ക് ഉണ്ടാകുന്ന നീർക്കെട്ടിനും വേദനയ്ക്കും ശമനം കിട്ടുന്നു. കാലുകളിലേ മസിലുകയറ്റവും കഴച്ചുപൊട്ടലും കുറയുന്നു.