ഏകദേശം എട്ടുമാസം മുൻപു നടന്ന ഒരു സംഭവമാണിത്. മുപ്പത്തഞ്ചു വയസ്സിനോടടുത്തു പ്രായമുള്ള ഒരു വനിത യോഗ കേന്ദ്രത്തിൽ വന്നു. അവർ വളരെ അവശയായി കാണപ്പെട്ടു. കുറെ നാളുകളായി തലവേദന നിരന്തരമായി അവരെ അലട്ടിക്കൊണ്ടിരുന്നു. തലവേദന കൂടുകയും കുറയുകയുമില്ലാതെ ഒരേ രീതിയിൽ തുടരുകയാണു പതിവ്. വളരെ കടുത്ത വേദന വരാറുമില്ല. തലയ്ക്കു ചുറ്റും ചരടിട്ടു കെട്ടിയതു പോലെയും തലയുടെ പുറകിൽ വിങ്ങലുപോലെയുമാണ് ഇത് അനുഭവപ്പെട്ടിരുന്നത്. ചില ലേപനങ്ങൾ പുരട്ടിയും ഗുളികകൾ കഴിച്ചുമാണ് ഈ വേദന നിയന്ത്രിച്ചു വന്നിരുന്നത്. ഇതു മൂലം ചെയ്യുന്ന ജോലിയോടു താൽപ്പര്യക്കുറവ്, എല്ലാത്തിനോടും പക, വിദ്വേഷം, വെറുപ്പ് ഇവയൊക്കെയും ഇവരെ വേട്ടയാടിക്കൊണ്ടിരുന്നു. ഇവർ ഒരു സര്‍ക്കാർ ആശുപത്രിയിലെ ദന്തഡോക്ടറായിരുന്നു. ഇവരുടെ ജോലിയോട് നൂറുശതമാനവും നീതി പുലർത്തുവാന്‍ ഇവരെക്കൊണ്ടു കഴിയാതെയുമായി. രോഗികളോടു വരെ പരുക്കയായി പെരുമാറുകയും ചെയ്യാൻ തുടങ്ങി.
രോഗകാരണങ്ങൾ കണ്ടുപിടിക്കാൻ നേരത്തെ പല ടെസ്റ്റുകളും നടത്തി. കണ്ണ്, ചെവി, മൂക്ക്, തൊണ്ട എന്നുവേണ്ട തലയിലെ എല്ലാ ഭാഗങ്ങളും പരിശോധനാവിധേയമാക്കിയിരുന്നു. അതിലൊന്നും യാതൊരു കുഴപ്പവും ഇല്ല. ഈ അവസ്ഥയിലാണു യോഗകേന്ദ്രത്തിൽ വന്നത്. കടുത്ത മാനസിക സമ്മർദത്തിലും പിരിമുറുക്കത്തിലുമായിരിക്കുമ്പോഴാണ് ഈ തലവേദന കൂടുതലായും അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് കഴുത്തിലോ തലയിലോ സമ്മർദങ്ങളുണ്ടാകും വിധം ഒരേ ഇരിപ്പിരിക്കുക, കണ്ണിന് ആയാസമുണ്ടാകുന്ന തരത്തിലുള്ള അതിസൂക്ഷ്മമായ ജോലിയിലേർപ്പെടുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലൂടെയും ഈ തലവേദന ഉണ്ടാകാം. ശരീര ഭാഗങ്ങളിലുണ്ടാകുന്ന മുറുക്കമാണ് ഇങ്ങനെയുള്ള തലവേദനകൾക്കു പ്രേരകമായിത്തീരുന്നത്. അല്ലാതെ ഏതെങ്കിലും മാനസിക കാരണങ്ങളോ വൈകാരിക കാരണങ്ങളോ മാത്രമല്ല ഈ തരത്തിലുള്ള തലവേദനയ്ക്കു കാരണം. ഈ വേദന വരുന്നതിനു മുൻപായി മറ്റു സൂചനകളൊന്നും ഉണ്ടാകാറുമില്ല. ഇങ്ങനെ ടെൻഷൻ മൂലമുണ്ടായ തലവേദനയെ നിഷ്ഠയായ യോഗചര്യയിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ചിട്ട യായ ജീവിതചര്യയിലൂടെയും ഏതാനും മാസങ്ങൾകൊണ്ട് പൂർണമായി ഇല്ലാതാക്കാനും അതോടൊപ്പം ജീവിതം സുന്ദര മാക്കുവാനും സാധിച്ചു.
നേത്രധൗതി ചെയ്യുന്ന വിധം
ഈ ക്രിയ ചെയ്യുന്നതിനായി ഒരു ഗ്ലാസ്സ് ശുദ്ധജലമാണു വേണ്ടത്. ഇതു ചെയ്യുന്നതിനായി കണ്ണിന്റെ കുഴിയുടെ വലുപ്പത്തിൽ പാത്രം ഉണ്ട്. അതുപയോഗിച്ചു കഴുകുന്നതായിരിക്കും ഉത്തമം. ചെമ്പ്, ഓട്, സ്റ്റീൽ, പ്ലാസ്റ്റിക് എന്നിവകൊണ്ടുള്ള പാത്രങ്ങളാണ് ഇതിനുപയോഗിക്കാറ്. ഇരുന്നോ നിന്നോ വേണമെങ്കിലും ഈ ക്രിയ ചെയ്യാവുന്നതാണ്.
ഈ പറഞ്ഞ പാത്രം നിറച്ചും ശുദ്ധജലമെടുക്കുക. പാത്രമെടുത്ത് കണ്ണിനു നേരെ കൊണ്ടുവരുക. ഇനി തല കുനിച്ചു പിടിച്ച് ആ പാത്രം കണ്ണ് അകത്തു വരുന്നവിധത്തിൽ ചേർത്തു പിടിക്കുക. ആ അവസ്ഥയിൽ തലയും പാത്രവും നേരെയാക്കി കണ്ണുകൾ തുറന്നു പിടിക്കുക. അതോടൊപ്പം കണ്ണിന്റെ മിഴികൾ വലത്തോട്ടും ഇടത്തോട്ടും കറക്കുക. അൽപ്പസമയം കഴിഞ്ഞ് വെള്ളം മാറി ഒന്നുരണ്ടു തവണ കൂടി ആവർത്തിക്കാവുന്നതാണ്. ദിവസേന രാവിലെയും വൈകിട്ടും ചെയ്താൽ നന്നായിരിക്കും. രണ്ടു കണ്ണുകളും ചെയ്യേണ്ടതാണ്.