Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദന അകറ്റാൻ മാർജാരാസനം

marjarasanam-yoga

ആദ്യ കാലത്ത് പന്ത്രണ്ട് മണിക്കൂറിലേറെ കംപ്യൂട്ടറിന്റെ മുന്നിലേക്കാഞ്ഞിരുന്ന് ജോലി ചെയ്യുന്നവർക്ക് കാലക്രമേണ കടുത്ത നടുവേദനയ്ക്ക് സാധ്യതയുണ്ട്. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും വിടാതെ കടന്നാക്രമണം നടത്തുന്ന നടുവേദന ജീവിതത്തിന്റെ താളം തെറ്റിക്കും. ഒന്നാലോചിച്ചു നോക്കു നടുവേദനയ്ക്ക് കാരണക്കാർ നമ്മൾ തന്നെയല്ലേ? ശരീരത്തിന്റെ ഓരോ ഇഞ്ചു സ്ഥലത്തിനും ജീവനുണ്ട്. അതുകൊണ്ടു തന്നെ അതിനെ ആയാസപ്പെടുത്തുന്ന ഓരോ പ്രവൃത്തിയോടും അത് പ്രതികരിച്ചു കൊണ്ടിരിക്കും. അതിനെ കരുണയോടെയും സ്നേഹത്തോടെയും പരിപാലിച്ചാല്‍ തിരിച്ചും അങ്ങനെതന്നെയായിരിക്കും.

ഇടുപ്പിന്റെ ഭാഗവും കഴുത്തിന്റെ ഭാഗവും മുന്നോട്ടു തള്ളിയും നടുഭാഗം പുറകോട്ടു തള്ളിയുമാണ് നട്ടെല്ലിന്റെ ഘടന, ആ ഘടനയ്ക്ക് യോജിച്ച ഇരുപ്പും നടപ്പും കിടപ്പുമെല്ലാം ക്രമീകരിക്കേണ്ടത് മനുഷ്യന്റെ കടമ തന്നെയാണ്. മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുന്നതാണ് നട്ടെല്ലിനോടു കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരത, ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നീണ്ട സുദീർഘമായ ഇത്തരം ഇരുപ്പ് പേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അവയ്ക്ക് ആയാസമുണ്ടാക്കി ദുർബലമാക്കുകയു ചെയ്യും. ഭാരമുള്ള വസ്തുക്കൾ എടുത്തുയർത്തുക, ഭാരമുള്ള വസ്തുക്കളുമായി നടക്കുക, കുനിഞ്ഞു നിന്ന് ജോലി ചെയ്യുക, ഹൈഹീൽഡ്–പോയിന്റഡ് പാദരക്ഷകളുടെ ഉപയോഗം തുടങ്ങിയവ നട്ടെല്ലിനെ പെട്ടെന്ന് രോഗാവസ്ഥയിലെത്തിക്കും.

ഭക്ഷണകാര്യത്തിലെ ദുശ്ശീലങ്ങള്‍ ശരീരത്തിലെ കാൽസ്യത്തിന്റെ അളവു കുറച്ച് നടുവേദനയിലേക്കു വഴിതെളിക്കുന്നതും ഇന്നു സാധാരണമാണ്. മാറിയ ജീവിതസാഹചര്യവും അമിതഭാരവും പേശികളെയും സന്ധികളെയും സമ്മര്‍ദ്ദത്തിലാക്കി വേദന സമ്മാനിക്കുന്നു. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഹോർമോൺ അളവുകളിലെ വ്യതിയാനമാണു വില്ലൻ. സ്ത്രീഹോർമോണായ ഈസ്ട്രജന്റെ അളവു കുറയുന്നതോടെ എല്ലില്‍ കാത്സ്യം അടിയുന്നതിന്റെ തോത് കുറയുന്നു.

എല്ലിന്റെ ഉറപ്പിനു കാത്സ്യത്തിന്റെ പ്രാധാന്യമറിയാമല്ലൊ. സ്വാഭാവികമായും എല്ലിന്റെ ദൃഢത കുറയും. ഇതും മധ്യവയസ്കരായ സ്ത്രീകളിൽ നട്ടെല്ലിന്റെ വേദന തുടർക്കഥയാകാൻ ഒരു കാരണമാണ്. നടുവേദനയ്ക്ക് പരിഹാരമായി ചെയ്യാവുന്ന യോഗാസനങ്ങളിലൊന്നാണ് മാർജാരാസനം


ചെയ്യുന്ന വിധം:
ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയിൽ ഉറപ്പിച്ചുകുത്തി പൃഷ്ഠഭാഗം കാലുകളിൽ നിന്നുയർത്തുക. ഇപ്പോൾ പൂച്ച നാലുകാലിൽ നിൽക്കുന്ന അവസ്ഥയായിരിക്കും. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കൈമുട്ടുകൾ തമ്മിലുള്ള അകലവും ഒരടിയോളം ആയിരിക്കണം. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്കുയർത്തുക. അതേപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തുകയും തല താഴ്ത്തുകയും ചെയ്യുക.
ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതുപോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. ഈ ആസനം ചെയ്യുമ്പോൾ കൈമുട്ടുകൾ മ‍ടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗുണങ്ങൾ
ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും കൈവരുത്തുന്നതിനു സഹായിക്കുന്നു. ഈ സമയങ്ങളിലുണ്ടാകുന്ന നടുവേദനയ്ക്കും കഴച്ചുപൊട്ടലിനും നല്ലൊരു പരിഹാരമാണിത്. പുറത്തെയും കഴുത്തിലെയും പേശികൾ ദൃഢമാകുന്നു. അരക്കെട്ടിനും അടിവയറിനും ശരിയായ പ്രവർത്തനം കിട്ടുകയും ആ ഭാഗങ്ങളിലേക്ക് നല്ല രീതിയിൽ പോഷകരക്തം ലഭിക്കുകയും ചെയ്യുന്നു.

ഓർക്കേണ്ടത്
∙ തുടർച്ചയായി മണിക്കൂറുകളോളം കസേരയില്‍ ഇരിക്കുക, കംപ്യൂട്ടറിൽ നോക്കിയിരിക്കുക എന്നിവ ഒഴിവാക്കണം.
∙ പ്രഭാത സമയത്ത് പേശികൾ വലിഞ്ഞുമുറുകിയിരിക്കും. അതിനാൽ യോഗാസനങ്ങൾ പരിശീലിക്കുന്നതു ശിഥിലീകരണ വ്യായാമത്തിനു ശേഷമോ

പ്രഭാതനടനത്തിനു ശേഷമോ അല്ലെങ്കിൽ ഉണർന്നെണീറ്റതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞോ ആയിരിക്കണം.
∙ രാവിലെയുള്ള ചെറിയ ചലനങ്ങൾക്കു പോലും ഇക്കൂട്ടർ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. പെട്ടെന്നുള്ള ചലനങ്ങൾ പിടിത്തമോ ഉളുക്കോ ഉണ്ടാക്കുന്നതിനു കാരണമാകും.

∙ പിടലിവേദന, നടുവേദന എന്നിവയുള്ളവർ ഒരു കാരണവശാലും മുന്നോട്ടു കുനിഞ്ഞുള്ള ആസനങ്ങൾ പരിശീലിക്കാൻ പാടില്ല.

സ്ത്രീകൾക്ക് യോഗ (മനോരമ ബുക്സ്) വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക