20 ലക്ഷത്തിന് കിടിലൻ വീടുപണിതാലോ?!...പ്ലാൻ

കൃത്യമായ പ്ലാനും ബജറ്റും തയാറാക്കി അതു പിന്തുടർന്ന് ഉദ്ദേശിച്ച രീതിയിൽ തന്നെ വീടുനിർമാണം പൂർത്തിയാക്കിയ ഗൃഹനാഥൻ മാതൃകയാണ്.

മനസ്സുവച്ചാൽ കയ്യിലൊതുങ്ങുന്ന വീട് ആർ‍ക്കും സ്വന്തമാക്കാൻ പറ്റുമെന്നതിന് ഉദാഹരണമാണ് കോട്ടയം ചാന്നാനിക്കാട് എസ്എൻ കോളജിനു സമീപമുള്ള താമരശ്ശേരിൽ ‘ദേവീവരം’ എന്ന വീട്. വീട്ടുകാരന്റെ കൃത്യമായ പ്ലാനും പദ്ധതിയും പ്രവൃത്തിപഥത്തിലെത്തിക്കാൻ സാധിച്ചതോടെ അഞ്ചേമുക്കാൽ സെന്റ് സ്ഥലത്ത് നല്ലൊരു വീട് ഉയർ‍ന്നുവന്നു. 

വീടിന്റെ മുൻവശം

1250 അടി ചതുരശ്രയടി വിസ്തീർ‍ണത്തിൽ കിണറും ചുറ്റുമതിലും തൊടിയും എല്ലാം ഉൾ‌‍പ്പെടെ ഇരുപതു ലക്ഷം രൂപയിൽ താഴെയേ ഈ വീടിനു മുടക്കേണ്ടി വന്നുള്ളൂ. കോട്ടയത്ത് ബജാജ് മോട്ടോഴ്‌സിൽ ഉദ്യോഗസ്ഥനാണ് വീട്ടുടമസ്ഥനായ സജീവ് ചന്ദ്രൻ. ജോലിക്കിടെ രാവിലെയും വൈകിട്ടും കുറച്ചു സമയം വീടുനിർ‍മാണത്തിനായി മാറ്റിവയ്ക്കാൻ ഇദ്ദേഹം സമയം കണ്ടെത്തി. കുടുംബാംഗങ്ങളുടെകൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തമായൊരു പ്ലാൻ തയാറാക്കി. അതുമായി ഡിസൈനറെ സമീപിച്ചു വേണ്ട ഭേദഗതികൾ‌‍ വരുത്തി കെട്ടിട നിർ‍മാണത്തിനു അനുമതി നേടി. 

വീടിനടുത്തുള്ള ജോലിക്കാരെയായിരുന്നു പണിക്കാര്യങ്ങൾ‌‍ ഏൽപ്പിച്ചത്. സാമഗ്രികളെല്ലാം നേരിട്ടു വാങ്ങി നൽകി. അടിത്തറയ്ക്കു മണ്ണെടുത്തപ്പോൾ‌‍ ചില ഭാഗങ്ങളിൽ മാത്രമേ ഉറപ്പു കുറവു കണ്ടുള്ളൂ. കരിങ്കല്ലിൽ ആയിരുന്നു അടിത്തറ തയാറാക്കിയത്. അതിനു മുകളിൽ കോൺക്രീറ്റ് ബെൽറ്റ് നൽകി. ഭിത്തി പണിയാൻ സിമന്റിഷ്ടിക ഉപയോഗിച്ചു. ആറിഞ്ചു ഘനമാണ് ഭിത്തിക്കു നൽകിയത്. വലിയ സിമന്റ് കട്ട ചെരിച്ചു പണിതു. ഇതു ചെലവു ലാഭിക്കാൻ സഹായകരമായി. ഭിത്തിക്കു മുകളിൽ സാധാരണ പോലെ ലിന്റൽ നൽകിയെങ്കിലും സൺഷെയ്ഡ് ഒഴിവാക്കിയായിരുന്നു നിർ‍മാണം. 

വീടിന്റെ എല്ലാ ദിശകളിലേക്കും വഴിയൊരുക്കുന്ന കോർട് യാർഡ്.

പോർ‍ച്ച് ഒഴികെയുള്ള ഭാഗങ്ങൾ‌‍ നിരപ്പിൽ കോൺക്രീറ്റ് ചെയ്തു. പോർ‍ച്ചിനും വീടിനും മുഴുവനുമായി ട്രസ് റൂഫ് നൽകി സാധാരണ മേച്ചിൽ ഓടുകൾ‌‍ പാകി. ഇങ്ങനെ ചെയ്യാൻ പദ്ധതിയിട്ടിരുന്നതു കൊണ്ടാണ് സൺഷെയ്ഡ് ഒഴിവാക്കിയത്. രണ്ടു ബെഡ് റൂമുകൾ‌‍ ഒഴികെയുള്ള ഭാഗങ്ങൾ‌‍ മുഴുവനും ഓപ്പൺ കൺസെപ്റ്റിലാണു ചെയ്തത്. അതുകൊണ്ടുതന്നെ പകൽ ഈ വീട്ടിനുള്ളിൽ യഥേഷ്ടം വെളിച്ചം ലഭിക്കുന്നു. രാത്രി ഹാളിലെ ഒരു ലൈറ്റിട്ടാൽ തന്നെ എല്ലായിടത്തും വെളിച്ചമെത്തും. 

ഡൈനിങ് ഏരിയ

വിട്രിഫൈഡ് ടൈൽസാണ് ഫ്‌ളോറിങ്ങിനുപയോഗിച്ചത്. അടുക്കളയിൽ മാത്രം മാറ്റ് ഫിനിഷ് നൽകി ബാക്കിയെല്ലായിടത്തും ഗ്ലോസി ഫിനിഷ് ഉപയോഗിച്ചു. ഫെറോ സിമന്റ് സ്‌ളാബുകൾ‌‍ ഉപയോഗിച്ചാണ് കിച്ചണിലെ കബോർ‍ഡുകളുടെ നിർ‍മിതി. ഇതിന്റെ ഫ്രെയിമുകൾ‌‍ക്ക് പൗഡർ‍ കോട്ടഡ് അലൂമിനിയവും എസിപി പാനലുകളും ഉപയോഗിച്ചു. 

അടുക്കള

ഭിത്തികളെല്ലാം പുട്ടിയിട്ടാണു പെയിന്റ് ചെയ്തത്. പ്രധാന വാതിൽ ഒഴികെ മറ്റെല്ലാ വാതിലുകളും ജനാലകളും കോൺക്രീറ്റിൽ തീർ‍ത്തവയാണ്. ഇതിന്റെ ഫ്രെയിമുകൾ‌‍ക്കു മാത്രം തടി ഉപയോഗപ്പെടുത്തി. അതും ഓർ‍ഡർ‍ ചെയ്ത് ഫിറ്റ് ചെയ്യുകയായിരുന്നു. വീട്ടിൽ ഇരുന്നുള്ള തടിപ്പണി തീരെ ഇല്ലായിരുന്നു. ഇതു ചെലവു ലാഭിക്കാൻ സഹായിച്ചു. നിർ‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ചെലവ് പരിശോധിച്ചു നിയന്ത്രണം ഏർ‍പ്പെടുത്തിയിരുന്നു. എന്നാൽ ബാത്‌റൂമുകളുടെ കാര്യം വന്നപ്പോൾ‌‍ ചെലവ് അൽപം കൂടി. വില കൂടിയ വാട്ടർ‍ക്ലോസറ്റുകളും കൺസീൽഡ് ഫ്ലഷ് ടാങ്കുകളും ഉപയോഗിച്ചത് ഈ ഇനത്തിൽ ചെലവു കൂടാൻ കാരണമായി. വയറിങ്ങിന് ഉപയോഗിച്ചതും മോഡുലാർ‍ സ്വിച്ചുകളായിരുന്നു. 

കിടപ്പുമുറി

കൃത്യമായ പ്ലാനിങ്ങും നടത്തിപ്പുമായിരുന്നു ബജറ്റിൽത്തന്നെ നിർ‍മാണച്ചെലവ് ഒതുക്കിയതെന്നു സജീവ് ചന്ദ്രൻ പറയുമ്പോൾ‌‍ സ്വന്തമായി വീടു നിർ‍മിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർ‍ക്കും  അതു മാതൃകയാകുന്നു.  

ചിത്രങ്ങൾ

അമിത് കുമാർ

Read More- Low Cost Home Budget Houses Luxury Home Kerala