മണലാരണ്യത്തിലെ ആദ്യനാളുകളിലെ സമ്പാദ്യംകൊണ്ട് മുപ്പത്തഞ്ചുവർഷം മുൻപു പണിത ടെറസ് വീടായിരുന്നു ഇരിങ്ങാലക്കുട നടവരമ്പിലെ ശശീന്ദ്രന്റെ ചിറയിൽ വീട്. വല്ലപ്പോഴും ഒരു വരവ്, പരമാവധി പത്തു ദിവസത്തെ താമസം വീടിനു ഭംഗിയും സൗകര്യങ്ങളും കുറച്ചുകൂടിയാകാം എന്നതോന്നൽ കലശലായി ഒരു ഭാഗത്ത്. പക്ഷേ, ചോര നീരാക്കിയുള്ള തന്റെ ആദ്യസമ്പാദ്യമെന്ന നിലയ്ക്കുള്ള മാനസികമായ അടുപ്പം മറുഭാഗത്ത്. ഈ പ്രതിസന്ധിക്കൊരു പരിഹാരമെന്ന നിലയ്ക്കാണ്, എന്തും തീരുമാനിക്കുവാനുള്ള പരിപൂർണ സമ്മതം നൽകിക്കൊണ്ട് ആ പഴയ വീട് ജയൻ ബിലാത്തിക്കുളത്തിനെ ഏൽപിക്കുന്നത്.
പുതിയ മുഖം
കെട്ടിടത്തിനകവും ബെഡ്റൂമുകളും വെറുതെയൊന്നു വാർണിഷ് ചെയ്ത് മോടിയാക്കുകയേ വേണ്ടിവന്നുള്ളൂ. ഒരു എടുപ്പാണ്. അല്ലെങ്കിൽ ഒരു പുറംകാഴ്ചയിലാണ് ഈ വീടിന് സാരമായ കുറവുണ്ടായിരുന്നത്. കെട്ടിടത്തിന്റെ മുഖഛായയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള റെനവേഷൻ പ്ലാൻ തയാറാക്കി.
സ്ലാബുകൾ ഏച്ചുകെട്ടിയും ഹാൻഡ്റെയിൽ സ്ഥാപിച്ചും വീട്ടുടമ പറയുന്നതിനുസൃതമായി മുറികളും ഹാളുകളും കൂട്ടിച്ചേർത്തും ദീപാവലിമിഠായികൾപോലെ പലപല കടുപ്പത്തിലുള്ള നിറങ്ങൾ പൂശിയും റെനവേഷൻ ചെയ്യുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. അന്ധമായി ആരെങ്കിലുമൊക്കെ പറയുന്നതിനുസരിച്ച് ആവശ്യപ്പെടുവാനൊരു ഗൃഹനാഥനും, അതേറ്റുപിടിച്ച് ഏച്ചുകൂട്ടാൻ ഒരു മേസ്തിരിയോ കോൺട്രാക്ടറോ ധാരാളമായി. റെനവേഷൻ അതിന്റേതായ കാഴ്ചപ്പാടിൽ ചെയ്യുവാനറിഞ്ഞുകൂടാത്തതുകൊണ്ടാണ് പലരും ഇന്ന് ഈ രീതിയോട് വിമുഖത കാട്ടുന്നത് എന്നുകൂടി ഓർക്കണം.
ഒരുകാലത്തെ നല്ലൊരു കണ്ടംപെററി വീടായിരുന്നത് കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ട് സൺഷെയ്ഡുകളിൽ വെള്ളം കെട്ടിനിന്ന് വിള്ളലുകൾ വന്ന് ചോർച്ചയും പൂപ്പലും പടർന്നതുകൊണ്ടും വൃത്തികേടായിക്കിടക്കുകയാണ്. ആദ്യം അതെല്ലാം പൊളിച്ചൊഴിവാക്കി അനാവശ്യവും അഭംഗിയുമായ കാർപോർച്ചും നീക്കം ചെയ്തു. ആ സ്ഥാനത്താണ് ആകർഷണീയവും സൗകര്യപ്രദവുമായ ഒരു റെനവേഷൻ കോൺസപ്റ്റ് കൊണ്ടുവന്നത്.
െവസ്റ്റേൺ കൊളോണിയൽ സ്റ്റൈലിൽ അതിന് രൂപഭേദം വരുത്തിയപ്പോൾ പുതിയൊരു വീടിന്റെ മാറ്റമതിനു വന്നു. തുറക്കുവാൻ പറ്റാതിരുന്ന ജനാലകൾ മാറ്റി പകരം നാലുപാളി ജനാലകൾ സ്ഥാപിച്ചു. നിറംകൊടുത്ത ചില്ലുപാളികളും വെന്റിലേറ്ററുകളും മുകളിലെ ചിമ്മിനിയും അതുവരെയില്ലാതിരുന്ന ഒരു മനോഹാരിത ആ വീടിനു നൽകി. ചെറിയൊരു വരാന്തയും ലിവിങ് സ്പെയ്സും കൂട്ടിച്ചേർത്ത് സൗകര്യപ്രദമായ ഒരു ലിവിങ്റൂം തയാറാക്കി. ബീമുകൾ ഫെറോസിമന്റ് ഉപയോഗിച്ച് നിറം കൊടുത്ത് മരത്തിന്റെ ഛായയാക്കി.
അൻപതു രൂപ വരുന്ന കാർപെറ്റ് ടൈലുകൾ കൊണ്ട് ഫ്ളോർ ചെയ്തു. ആന്റിക് സ്റ്റൈലിലുള്ള കുറേ ഫർണിച്ചറുകളും ഒരു പഴയ പിയാനോയും ലിവിങ്റൂമിന് നവ്യമായൊരു ഭാഷ നൽകി. ഗൃഹാതുരതയുണ്ടാക്കുന്ന സംഗതികളോട് പഴയ തലമുറയ്ക്കുമാത്രമല്ല പുതിയ തലമുറയ്ക്കും ഏറെ അടുപ്പമുണ്ട്. അതുകൊണ്ടുതന്നെ ഈ സ്റ്റൈൽ എവർലാസ്റ്റിങ് ആയിരിക്കും. ചിരകാലം നിലനിൽക്കേണ്ട ഡിസൈനുകൾക്കു വശ്യത കൂടും.
വീടിന്റെ മുകൾ ഭാഗം, അകത്തെ മുറികൾ ഇതിലൊന്നും സാരമായ ഒരു മാറ്റവും വരുത്തിയില്ല. കവചിതമായ മെറ്റൽ റൂഫിങ് ചൂടിനെ മാത്രമല്ല, വീടിന്റെ ആകെ മൊത്തം സംരക്ഷണത്തെയും ഏറ്റെടുക്കുന്നു. പച്ച നിറംകൊടുത്ത, ഓടുമേഞ്ഞ ഈ വീട് വലിയ വലിയ മാറ്റങ്ങളും ദുർവ്യയവുമൊന്നും ചെയ്യാതെതന്നെ തികച്ചും പുതുമയുള്ളതായി. വീടിന്റെ സംരക്ഷണം, സൗന്ദര്യം എന്നിവ ഉണ്ടാക്കിത്തീർക്കുവാൻ കഴിഞ്ഞാൽ പൊളിച്ചുമാറ്റേണ്ട വീടുകളിൽ ഭൂരിഭാഗവും നമുക്ക് റെനവേറ്റ് ചെയ്തെടുക്കാം. പാർട്ടിയുടെ കയ്യിൽ പണമുണ്ടെങ്കിൽ അതപ്പാടെ ചെലവഴിപ്പിക്കുവാനുള്ള മാർഗങ്ങൾ അടിച്ചേൽപിക്കുകയല്ല മറിച്ച്, കൃത്യമായി ഉപയോഗിച്ച് അയാൾക്കു ലാഭമുണ്ടാക്കിക്കൊടുക്കുകയാണു വേണ്ടത്.
വീടുമുഴുവൻ പൊളിച്ചുമാറ്റി, പുതിയ ടൈൽസ്, പുതിയ ജനൽവാതിലുകൾ– ഇതൊന്നുമല്ല യഥാർഥത്തിൽ റെനവേഷൻ. ആവശ്യങ്ങൾ അതിന്റെ സൗന്ദര്യശാസ്ത്രം, സുരക്ഷിതത്വം എന്നീ മൂന്നുസംഗതികളിലധിഷ്ഠിതമാണ് റെനവേഷൻ സങ്കൽപം.
ആർക്കിടെക്ട്
ജയൻ ബിലാത്തിക്കുളം
തയാറാക്കിയത്
പ്രകാശ് കുറുമാപ്പള്ളി
ചിത്രങ്ങൾ
ഡയമണ്ട് പോൾ